ഇപ്പോള്‍ നന്നായി കിട്ടിയല്ലോ, അതും കൊണ്ടങ്ങ് പോയാല്‍ മതി’; സിപിഎം നേതാക്കള്‍ ഇത്രയും ബുദ്ധിയില്ലാത്തവരായി മാറിയതില്‍ അത്ഭുതം’


കോഴിക്കോട്: ഏക സിവില്‍ കോഡിന് എതിരെ നടത്തുന്ന സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസിന് നാലുപതിറ്റാണ്ട് കാലത്തെ സഹോദര ബന്ധമുള്ള ലീഗിനെ ക്ഷണിച്ചാല്‍ അവര്‍ പോകുമെന്ന് കരുതുന്ന സിപിഎം നേതാക്കള്‍ ഇത്രയും ബുദ്ധിയില്ലാത്തവരായി മാറിയതില്‍ അത്ഭുതമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം കേരളത്തില്‍ നടത്തുന്ന വര്‍ഗീയ പ്രീണനത്തെ യുഡിഎഫ് പൊളി ച്ചടുക്കി കെട്ടിത്തൂക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘കാപട്യവുമായാണ് സിപിഎം ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കണമെന്നാണ് ഇഎംഎസ് പറഞ്ഞത്. ഏക സിവില്‍ കോഡ് നടപ്പാക്ക ണമെന്ന് സിപിഎം അംഗങ്ങള്‍ നിയമസഭയില്‍ ആവശ്യപ്പെട്ടതിന്റെ മുപ്പത്തിയെട്ടാം വാര്‍ഷികമാണിന്ന്. സുശീലാ ഗോപാലന്‍ അടക്കമുള്ള നേതാക്കള്‍ ഏക സിവില്‍ കോഡിനുവേണ്ടി സമരംചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് എംവി ഗോവിന്ദന്‍ പറയുന്നത് കോണ്‍ഗ്രസിന് വ്യക്തതയില്ലെന്ന്.

കോണ്‍ഗ്രസിന് വ്യക്തതയില്ലായിരുന്നെങ്കില്‍ രാജ്യം ഭരിച്ചിരുന്ന കാലത്തുതന്നെ ഏക സിവില്‍ കോഡ് നടപ്പാക്കിയേനെ. അധികാരത്തില്‍ ഇരിക്കുമ്പോഴും അധികാരത്തില്‍ നിന്ന് പുറത്തായപ്പോഴും ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടെന്ന് കൃത്യതയോടെ നിലപാടെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

ഇതൊരു മതപരമായ വിഷയമാക്കാതെ എല്ലാവരെയും ഒന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഭിന്നിപ്പിക്കുകയെന്ന തന്ത്രമാണ് ബിജെപിയുടേത്. അതിനിടിയില്‍ ആരെയെങ്കിലും കിട്ടുമോയെന്ന് അറിയാനാണ് സിപിഎം ഇറങ്ങിയിരിക്കുന്നത്. ഇപ്പോള്‍ നന്നായി കിട്ടിയല്ലോ. കിട്ടിയതും കൊണ്ടങ്ങ് പോയാല്‍ മതി’, സതീശന്‍ പറഞ്ഞു.


Read Previous

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അക്രമം: ബംഗാളിൽ 604 ബൂത്തുകളിൽ റീപോളിംഗ്

Read Next

ശരത്ത് ലാലിന്റെ അനിയത്തി പുതിയ ജീവിതത്തിലേക്ക്; വിഡിയോ പങ്കുവച്ച് ഷാഫി പറമ്പിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular