സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; നവംബര്‍ 11 ന് ചുമതലയേല്‍ക്കും


ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധികാരമേല്‍ക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ശുപാര്‍ശ രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചു. നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിക്കുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അറിയിച്ചു.

സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയര്‍ ജഡ്ജിയെ തന്റെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്യുന്നതാണ് രീതി. അതിന്റെ ഭാഗമായി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. നിയമ മന്ത്രാലയത്തിനുള്ള ശുപാര്‍ശ കത്ത് ജസ്റ്റിസ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൈമാറുകയും ചെയ്തു.

നവംബര്‍ 11 ന് ജസ്റ്റിസ് ഖന്ന ചുമതലയേല്‍ക്കും. 2019 ജനുവരി 18 ന് സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഖന്ന 2025 മേയ് 13 നാണ് വിരമിക്കുക. ആറ് മാസം അദേഹം ചീഫ് ജസ്റ്റിസ് പദവിയില്‍ ഉണ്ടാകും. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 ആണ്.

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെയും ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളജില്‍ ഹിന്ദി ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനായി 1960 മേയ് 14 നാണ് സഞ്ജീവ് ഖന്ന ജനിച്ചത്.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദമെടുത്ത ശേഷം ഡല്‍ഹിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന ഖന്ന 2005 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. പിറ്റേ വര്‍ഷം തന്നെ ഡല്‍ഹി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി.


Read Previous

വീട്ടിൽ നിന്നു സ്കൂളിലേക്ക് പോയി, ക്ലാസിൽ എത്തിയില്ല; കൊല്ലത്ത് 2 വിദ്യാർഥിനികളെ കാണാതായെന്ന് പരാതി

Read Next

ചവാനും പടോലെയും പട്ടികയില്‍; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »