രാഹുൽ ഗാന്ധിക്കെതിരായ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന പരാതി: അലഹബാദ് ഹൈക്കോടതി നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു


ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന ആരോപണത്തിൽ സിബിഐ, ഇഡി അന്വേഷണങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിലെ അലഹബാദ് ഹൈക്കോടതി നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ആരോപണങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സിബിഐയോടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടും നിർദ്ദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ. ഹൈക്കോടതിയിൽ യാതൊരുവിധ റിപ്പോർട്ടുകളും സമർപ്പിക്കരുതെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി കേസ് ഓഗസ്റ്റ് 20-ലേക്ക് മാറ്റിയിരിക്കുകയാണെന്ന വിവരം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ്, സുപ്രീം കോടതിയുടെ തുടർ ഉത്തരവു ണ്ടാകുന്നതുവരെ ഹൈക്കോടതിയിലെ എല്ലാ നടപടികളും നീട്ടിവെയ്ക്കാൻ ബെഞ്ച് ഉത്തരവിട്ടത്. നടപടികൾ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടും രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഹൈക്കോടതിയിലെ നടപടികൾ നിയമത്തിന് അന്യമായ രീതിയിലുള്ളതാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലാണെന്നും രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഹർജിക്കാരൻ രാഹുൽ ഗാന്ധിക്കെതിരെ നിരന്തരം കേസുകൾ നൽകുന്ന വ്യക്തിയാണെന്നും താനൊരു ആർഎസ്എസ് പ്രവർത്തകനാണെന്ന കാര്യം ഇയാൾ ഹൈക്കോടതിയിൽ നിന്ന് മനഃപൂർവ്വം മറച്ചുവെച്ചുവെന്നും സിബൽ ചൂണ്ടിക്കാട്ടി.


Read Previous

പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Read Next

വികസന കുതിപ്പില്‍ വിഴിഞ്ഞം, ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; ഇനി കരമാര്‍ഗവും ചരക്കുനീക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »