വീടിൻ്റെ ജപ്തി ഭീഷണി; ഇടപെട്ട് മുസ്ലിം ലീഗ്, തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകി


കോഴിക്കോട്: മുസ്ലിം ലീ​ഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിൻ്റെ വീടിൻ്റെ ജപ്തി ഭീഷണിയിൽ ഇടപെട്ട് മുസ്ലിം ലീഗ്. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറിനെ ഫോണിൽ വിളിച്ച് സംസാരിച്ചു.

പ്രശ്നം പരിഹരിക്കാമെന്ന് ഇരുവരും അറിയിച്ചതായി മുനീർ വ്യക്തമാക്കി. പല വ്യക്തികളും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് സ്വീകരിക്കില്ലെന്നും എം കെ മുനീർ പറഞ്ഞു. കാലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ 49 ലക്ഷം രൂപയുടെ ബാധ്യതയിലാണ് മുനീറിന്റെ വീടിന് ജപ്തി ഭീഷണി നേരിടുന്നത്.

കോഴിക്കോട് നടക്കാവിലുള്ള ക്രസന്റ് ഹൗസിനാണ് ജപ്തി സംബന്ധിച്ച ബാങ്ക് നോട്ടീസ് ലഭിച്ചത്. മാർച്ച് 31 നകം പണം അടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്നാണ് ബാങ്ക് നോട്ടീസ് വിശദമാക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന്റെ ഭാഗമായി നൽകിയ സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തിൽ 43425895 രൂപയുടെ ആസ്തിയാണ് എം കെ മുനീറിനുള്ളത്. 11 കേസുകളാണ് നേരിടുന്നതെന്നും എം കെ മുനീർ സത്യവാങ്മൂലം നൽകിയിരുന്നു. 9200000 രൂപയുടെ ബാധ്യതകളുമുണ്ടെന്ന് എംകെ മുനീർ 2021ൽ വ്യക്തമാക്കിയിരുന്നു. കൈക്കൂലിയുമായി ബന്ധപ്പെട്ടതും കലാപത്തിനുള്ള ശിക്ഷയുമായി ബന്ധപ്പെട്ട കുറ്റങ്ങളും അടക്കമുള്ള 11 കേസുകളുമാണ് എം കെ മുനീർ നേരിട്ടത്.

30 വർഷത്തിലധികം മന്ത്രിയും എംഎൽഎയുമായി ഒടുവിൽ പാർലമെന്ററി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന ലീഗ് നേതാവ് എം കെ മുനീറിന് ബാക്കിയാകുന്നത് കടവും ജപ്തി നോട്ടീസും മറ്റു ബാധ്യതകളുമാണ്. സി എച്ചിന്റെ ഖബറിടത്തോട് ചേർന്നുള്ള ക്രെസന്റ് ഹൗസ് ലീഗിന്റെ പല നിർണായക തീരുമാനങ്ങൾക്കും വേദിയായ ഇടം കൂടെയാണ്. മുനീറിന്റെ പിതാവ് സി എച്ച് മരിക്കുമ്പോഴും കടബാധ്യതകൾ ഉണ്ടായിരുന്നു. അന്ന് പാർട്ടി ഇടപെട്ടാണ് കടങ്ങൾ തീർത്തത്. കിഴക്കേ നടക്കാവിലെ ക്രെസന്റ് ഹൗസ് എന്ന വീടിനാണ് മുനീറിന് 58 ലക്ഷം രൂപയുടെ ബാധ്യതയുള്ളത്. ഇത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 48 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു. പക്ഷേ ഇതും അദ്ദേഹത്തിന് അടച്ചു തീർക്കാൻ ആയിരുന്നില്ല. ഇതോടെയാണ് ഈ മാസം മാർച്ച് 31ന് മുമ്പ് ബാധ്യത തീർത്തില്ലെങ്കിൽ ജപ്തി അടക്കമുള്ള നടപടിയിലേക്ക് പോവേണ്ടി വരുമെന്ന് ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയും എം.കെ. മുനീറിന്റെ പിതാവുമായ സി.എച്ച്. മുഹമ്മദ് കോയ പണിത വീടാണിത്. ഇത് പിന്നീട് മുനീർ പുതുക്കി പണിയുകയായിരുന്നു. നേരത്തെ കോഴിക്കോട് ജാഫർ ഖാൻ കോളനിയിലെ മുനീറിന്റെ മറ്റൊരു വീടും ജപ്തി ഭീഷണി നേരിട്ടിരുന്നു. തുടർന്ന് വിൽപന നടത്തിയാണ് ഇതിന്റെ ബാധ്യത തീർത്തത്. വർഷങ്ങൾക്കുശേഷം മുനീറിന്റെ മറ്റൊരു വീടും സമാനാവസ്ഥയിൽ ആയിരിക്കുകയാണ്.


Read Previous

ഇന്ധന ടാങ്കിന് തീപിടിച്ചു കുവൈത്ത് വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം

Read Next

ഹോര്‍മുസ് തുറക്കണം, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണം; ഇറാന് മുന്നില്‍ 15 നിബന്ധനകള്‍ വെച്ച് അമേരിക്ക, ഒരു മാസത്തെ വെടിനിര്‍ത്തല്‍ വരുമോ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »