ട്രംപിന്റെ സാമ്പത്തിക ആയുധത്തിന് തിരിച്ചടി; വിദേശ രാജ്യങ്ങൾക്കുമേൽ നികുതി ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് യുഎസ് സുപ്രീം കോടതി


വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. ചുങ്കം ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് ആണ് ഭൂരിപക്ഷ വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റോ, ബ്രെറ്റ് കവനോ എന്നിവര്‍ വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി.

1977ലെ ഒരു നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയത്. ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പ്രസിഡന്റിന്റെ അമിതാധികാര പ്രയോഗത്തിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധി.

രണ്ടാം തവണയും അധികാരത്തിലെത്തിയതിന് ശേഷം ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് വന്‍തോതില്‍ തീരുവ ഏര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് അമേരിക്കയുടെ വ്യാപാര ബന്ധങ്ങള്‍ അടിമുടി മാറ്റിമറിച്ചിരുന്നു. ഇതിനായി ‘ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട്’ എന്ന നിയമത്തിലെ വ്യവസ്ഥകളാണ് ട്രംപ് ആയുധമാക്കിയത്.

മാരകമായ ലഹരിമരുന്നുകളുടെ കടത്ത് തടയുന്നതിനും വ്യാപാര കമ്മി കുറയ്ക്കുന്നതിനുമായി പ്രഖ്യാപിച്ച പ്രത്യേക തീരുവകളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഈ നിയമത്തില്‍ ‘താരിഫ്’ അല്ലെങ്കില്‍ ‘തീരുവ’ എന്ന വാക്ക് എടുത്തു പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. അസാധാരണവും ഭീഷണിയുമായ സാഹചര്യങ്ങളില്‍ വിദേശ ഇടപാടുകള്‍ നിയന്ത്രിക്കാന്‍ മാത്രമേ ഈ നിയമം പ്രസിഡന്റിന് അധികാരം നല്‍കുന്നുള്ളൂവെന്ന് വിധിയില്‍ വ്യക്തമാക്കുന്നു.

പ്രസിഡന്റിന്് ഏകപക്ഷീയമായി ഇത്തരം നികുതികള്‍ ചുമത്താന്‍ അധികാരമില്ലെന്ന് നേരത്തെ ഫെഡറല്‍ ട്രേഡ് കോടതിയും അപ്പീല്‍ കോടതിയും വിധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അമേരിക്ക സമാഹരിച്ച താരിഫ് വരുമാനത്തിന്റെ ഭൂരിഭാഗവും ഈ നിയമപ്രകാരമുള്ള തീരുവകളില്‍ നിന്നായിരുന്നു. ട്രംപ് തന്റെ ‘ലിബറേഷന്‍ ഡേ’ (വിമോചന ദിനം) പ്രഖ്യാപനത്തിന്റെ ഭാഗമായി കൊണ്ടുവന്ന താരിഫ് പ്ലാനുകള്‍ വിപണിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിരുന്നു. മെക്‌സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ലഹരിമരുന്ന് കടത്ത് ആരോപിച്ചാണ് പ്രത്യേക തീരുവ ഏര്‍പ്പെടുത്തിയിരുന്നത്.

താരിഫുകള്‍ രാജ്യത്തിന്റെ വരുമാന മാര്‍ഗമാണെന്നും വിദേശ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളില്‍ ഇത് പ്രധാന ആയുധമാണെന്നുമാണ് ട്രംപ് വാദിച്ചിരുന്നത്. വിദേശ രാജ്യങ്ങളാണ് ഈ നികുതിയുടെ ഭാരം വഹിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍, അമേരിക്കന്‍ ഇറക്കുമതിക്കാ രാണ് ഈ തുക ഒടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഭരണകൂടം തന്നെ സമ്മതിച്ചിരുന്നു. താരിഫ് വരുമാനം വഴി ആദായനികുതി ഒഴിവാക്കാമെന്നും അമേരിക്കന്‍ പൗരന്മാര്‍ക്ക് 2,000 ഡോളര്‍ വീതം ‘താരിഫ് ഡിവിഡന്റ്’ നല്‍കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. 600 ബില്യണ്‍ ഡോളറിലധികം താരിഫ് ഇനത്തില്‍ ലഭിക്കുമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.


Read Previous

എൻഡിഎയ്ക്കും എഐഎഡിഎംകെയ്ക്കും കനത്ത പ്രഹരം; സ്റ്റാലിന്റെ ‘ദ്രാവിഡ മോഡലിന്’ പിന്തുണയുമായി ക്യാപ്റ്റന്റെ’ പാർട്ടി ഡിഎംഡികെ.

Read Next

മോദിയെ ഭീഷണിപ്പെടുത്തി, ഷഹബാസ് ഷെറീഫ് നന്ദി പറഞ്ഞു: ഇന്ത്യ-പാക് യുദ്ധം ഒഴിവാക്കിയത് എന്റെ ‘നികുതി ഭീഷണി’; 11 വിമാനങ്ങൾ വെടിവച്ചിട്ടൂ; അവകാശവാദങ്ങളുമായി ഡൊണാൾഡ് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »