ഒബാമ ദമ്പതികളെ കുരങ്ങന്‍മാരാക്കി ട്രംപിന്റെ വംശീയ അധിക്ഷേപം, വ്യാപക പ്രതിഷേധം; മാപ്പ് പറയില്ലെന്ന് ട്രംപ്


വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേല്‍ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ച ഡോണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ വ്യാപക വിമര്‍ശനം. ട്രംപിന്റെ ‘ട്രൂത്ത് സോഷ്യല്‍’ അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോയില്‍ ഒബാമ ദമ്പതികളെ കുരങ്ങുകളായാണ് ചിത്രീകരിച്ചിരുന്നത്. വിഷയത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പോലും ട്രംപിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും വിഡിയോ നീക്കം ചെയ്യുകയും ചെയ്തു.

എന്നാല്‍, വിഷയത്തില്‍ മാപ്പ് പറയില്ലെന്നാണ് ട്രംപിന്റെ നിലപാട്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും, അതിനാല്‍ ഖേദപ്രകടനത്തിന് സാഹചര്യമില്ലെന്നുമാണ് ട്രംപിന്റെ വിശദീകരണം. ഒരു സ്റ്റാഫിന് പറ്റിയ പിഴവാണിതെന്നും പ്രസിഡന്റ് അറിയാതെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നുമാണ് വിഷയത്തില്‍ വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം. പിന്നാലെയാണ് മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയത്. വീഡിയോയുടെ അവസാന ഭാഗത്തുള്ള ആക്ഷേപകരമായ ദൃശ്യങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ട്രംപിന്റെ വിചിത്ര വാദം.

2020 ലെ യുഎസ് തെരഞ്ഞെടുപ്പില്‍ തനിക്കെതിരായി ഗൂഢോലോചന നടന്ന ആരോപണം ആവര്‍ത്തി ക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. തെരഞ്ഞെടുപ്പില്‍ ഡൊമിനിയന്‍ വോട്ടിംഗ് സിസ്റ്റംസ് എന്ന കമ്പനി കൃത്രിമം കാണിച്ചാണ് തന്നെ പരാജയപ്പെടുത്തിയത് എന്ന ആരോപണങ്ങള്‍ വീഡിയോയില്‍ ട്രംപ് ആവര്‍ത്തിക്കുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തില്‍ ചേര്‍ത്തുവെച്ച തരത്തിലുള്ളത്.

വിഷയം വലിയ വിവാദം സൃഷ്ടിച്ചെങ്കിലും ഇതില്‍ പ്രതികരിക്കാനില്ലെന്ന നിലപാടാണ് ഒബാമ ദമ്പതികളുടേത്. ബരാക് ഒബാമയുടെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ട്രംപിന് എതിരെ വിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ടിം സ്‌കോട്ട്, റോജര്‍ വിക്കര്‍ എന്നിവര്‍ രംഗത്തെത്തി. വംശീയ അധിക്ഷേപത്തിലൂടെ ട്രംപ് അമേരിക്കന്‍ ചരിത്രത്തിലെ വലിയൊരു ‘കറ’യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡെമോക്രാറ്റിക് നേതാക്കള്‍ കുറ്റപ്പെടുത്തി. എന്നാല്‍, ഡെമോക്രാറ്റിക് അംഗങ്ങളുടെ നിലപാടിനെ ‘വ്യാജ രോഷം’ എന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വിശേഷിപ്പിച്ചത്. ട്രംപിനെ പ്രതിരോധിക്കാന്‍ നടത്തിയ ലെവിറ്റിന്റെ ശ്രമവും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്.


Read Previous

പാകിസ്ഥാനെയും ചൈനയെയും ‘തള്ളി’ യുഎസ്, മുഴുവന്‍ കശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗം; ഭൂപടത്തില്‍ ചര്‍ച്ച

Read Next

കറിവേപ്പില പോലെ എടുത്തെറിയപ്പെട്ടു, ആരായാലും ഈ അവസ്ഥയില്‍ തകര്‍ന്നു പോകില്ലേ?നാട്ടിലേയ്ക്ക് കയറ്റിവിടുന്ന മൃതദേഹങ്ങളുടെ അവസ്ഥ’-ഹൃദയം തൊടുന്ന കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »