യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി പുറത്തുവിടും: 10 ദിവസത്തിനകം ധവളപത്രം പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; വിദഗ്ധ സമിതി യോഗം ഇന്ന്


തിരുവനന്തപുരം: കേരളത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അടുത്ത 10 ദിവസത്തിനുള്ളില്‍ ധവളപത്രം പുറത്തിറക്കും. ഖജനാവിന്റെ നിലവിലെ പൊതുസ്ഥിതിയും ഭാവി ബാധ്യതകളും സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം ചന്ദ്രശേഖര്‍ അധ്യക്ഷനായ വിദഗ്ധ സമിതിയെ നിയോഗിച്ചു.

സമിതിയുടെ ആദ്യ യോഗം ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരും.

കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന ഖജനാവ് കടുത്ത പ്രതിസന്ധി യിലാണെന്നും ‘പൂച്ച പെറ്റു കിടക്കുന്ന’ അവസ്ഥയിലാണെന്നും പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അധികാരമേറ്റ ഉടന്‍ സംസ്ഥാനത്തിന്റെ കൃത്യമായ ധനസ്ഥിതി വിലയിരുത്താനും അത് ജനങ്ങളെ ബോധ്യപ്പെടുത്താനുമായി ധവളപത്രം ഇറക്കാന്‍ തീരുമാനിച്ചത്.അതേസമയം ധന പ്രതിസന്ധിക്കിടയിലും വോട്ടര്‍മാര്‍ക്ക് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

നിലവില്‍ പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികള്‍ക്ക് പുറമേ മറ്റ് വലിയ പദ്ധതികളിലേക്കും പ്രഖ്യാപനങ്ങളി ലേക്കും കടക്കുന്നതിന് മുന്‍പ് സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക ബാധ്യതകള്‍ പൂര്‍ണമായി വിലയിരുത്തേണ്ടതുണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതി സമര്‍പ്പിക്കുന്ന ധവളപത്രത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിന്റെ ഭാവി ധന വിനിയോഗവും പുതിയ പദ്ധതികളും തീരുമാനിക്കുക.


Read Previous

ചാണ്ടി ഉമ്മനോടുള്ള അവഗണന; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ ഉമ്മന്‍ചാണ്ടിയുടെ കുടുബം, പരാതിയുമായി ആന്റണിയുടെ വീട്ടില്‍

Read Next

മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 3.95 കോടി: മന്‍മോഹന്‍ ബംഗ്ലാവിന് റെക്കോര്‍ഡ് തുക; ക്ലിഫ് ഹൗസ് എസ്റ്റിമേറ്റ് പുതുക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »