‘രക്ഷാപ്രവര്‍ത്തനം’ വ്യാജം: തലയ്ക്കടിച്ച ചൂരല്‍വടി ജീവനെടുക്കാവുന്നത്; ഗണ്‍മാന്മാരുടെ വാദം പൊളിഞ്ഞു


ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മുന്‍ സര്‍ക്കാരിന്റെയും പ്രതികളുടെയും വാദങ്ങള്‍ തള്ളി ബസ് ഡ്രൈവറുടെ നിര്‍ണായക മൊഴി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന പ്രത്യേക ബസിന് നേരെ യാതൊരുവിധ ആക്രമണവും ഉണ്ടായിട്ടില്ലെന്ന് അന്നത്തെ ബസ് ഡ്രൈവര്‍ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

പ്രതിഷേധക്കാര്‍ കല്ലും വടിയും എറിഞ്ഞ് ആക്രമിക്കാന്‍ തുനിഞ്ഞപ്പോഴാണ് മുഖ്യമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തി ഇടപെട്ടതെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാല്‍ ബസിന് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ എന്‍ജിനീയറും വ്യക്തമാക്കിയതോടെ സുരക്ഷാ ജീവനക്കാരുടെ രക്ഷാപ്രവര്‍ത്തന വാദത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്.

2023 ഡിസംബര്‍ 15 ന് ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്ഷനില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. സമാധാനപരമായി പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസ് എന്നിവരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും അകമ്പടി സേനയും ചേര്‍ന്ന് ചൂരല്‍വടി ഉപയോഗിച്ച് തലങ്ങും വിലങ്ങും തല്ലിച്ചതയ്ക്കുകയായിരുന്നു.

പൊലീസ് ഉപയോഗിക്കുന്ന സാധാരണ ലാത്തിയേക്കാള്‍ നീളമുള്ള ചൂരല്‍ വടിയാണ് അക്രമത്തിനായി സുരക്ഷാ സംഘം ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരുടെ തലയ്ക്കും കഴുത്തിനും ലക്ഷ്യമാക്കിയായിരുന്നു മര്‍ദ്ദനം. ഈ വടി ഉപയോഗിച്ച് ശക്തമായി തലയ്ക്കടിക്കുന്നത് മരണം വരെ സംഭവിക്കാവുന്ന ഗുരുതര പരിക്കുകള്‍ക്ക് കാരണമാകാമെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ ശാസ്ത്രീയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മെഡിക്കല്‍ ബോര്‍ഡിന്റെയും സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ നരഹത്യാ ശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയിട്ടുള്ളത്. സുരക്ഷാ ജീവനക്കാരുടെ ക്രൂരമായ മര്‍ദ്ദനമേറ്റ് കെഎസ്‌യു നേതാവ് എ.ഡി തോമസിന്റെ തലപൊട്ടി ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ അന്ന് തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെ, ബസ് ഡ്രൈവറുടെയും വിദഗ്ധരുടെയും പുതിയ മൊഴികള്‍ പുറത്ത് വന്നത് കേസില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വന്‍ തിരിച്ചടിയാകും.


Read Previous

ഇറാന്‍ പരമോന്നത നേതാവ് മൊജ്താബ ഖൊമേനി ജീവിച്ചിരിപ്പുണ്ടെന്നും ഭരണ കാര്യങ്ങളില്‍ സജീവമെന്നും സമ്മതിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി

Read Next

‘സിപിഎമ്മില്‍ മെമ്പര്‍ഷിപ്പ് എടുത്താല്‍ മതത്തില്‍ നിന്ന് പുറത്താകില്ല; ജീവിതം മുഴുവന്‍ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കും’; ജലീലും ഭാര്യയും ഇനി ‘സഖാക്കള്‍’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »