വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍: അസാധാരണ വിജ്ഞാപനം നിര്‍ണായക ബില്ലിന്മേല്‍ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ


ന്യൂഡല്‍ഹി: 2023 ലെ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വരുത്തി അസാധാരണ വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര നിയമ മന്ത്രാലയം. 2026 ഏപ്രില്‍ 16 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായാണ് വിജ്ഞാപനത്തില്‍ പറയുന്നത്. രാജ്യം ഉറ്റുനോക്കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിന്മേല്‍ ലോക്സഭയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കാനിരി ക്കെയാണ് കേന്ദ്രത്തിന്റെ അസാധാരണ നീക്കം.

വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ഈ നീക്കത്തെ വിചിത്രമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിശേഷിപ്പിച്ചത്. ഇതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് വ്യക്തമാക്കി. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് നിയമം. 2023 ല്‍ തന്നെ രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നെങ്കിലും ഗസറ്റ് വിജ്ഞാപനം വഴി കേന്ദ്രം നിശ്ചയിക്കുന്ന തിയതിയില്‍ മാത്രമേ നിയമം നിലവില്‍ വരൂ എന്ന് വ്യവസ്ഥയുണ്ടായിരുന്നു.

ഭേദഗതി ബില്ലിന്മേല്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ പഴയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത് ആശയക്കുഴപ്പമുണ്ടാക്കാനെന്ന് പ്രതിപക്ഷം

പുതിയ ഭേദഗതി ബില്ലിന്മേല്‍ സഭയില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ പഴയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത് ആശയക്കുഴപ്പമുണ്ടാക്കാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംവരണം നടപ്പിലാക്കുന്നത് സെന്‍സസിനും മണ്ഡല പുനര്‍ നിര്‍ണയത്തിനും ശേഷമായിരിക്കുമെന്ന 2023 ലെ നിയമത്തിലെ വ്യവസ്ഥ മാറ്റണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവിലെ 543 സീറ്റുകളില്‍ തന്നെ സംവരണം ഉടന്‍ നടപ്പിലാക്കണമെന്ന് ഇവര്‍ വാദിക്കുന്നു.ലോക്സഭയുടെ അംഗ ബലം 850 ആയി വര്‍ധിപ്പിക്കാനും സംവരണത്തെ മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധിപ്പിക്കാനുമുള്ള പുതിയ ഭേദഗതി ബില്ലിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.


Read Previous

വിരൽത്തുമ്പിലെ ലുലു; ഇനി ഓർഡർ ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ! ഡിജിറ്റൽ കരുത്തുമായി ലുലു മിനിറ്റ്‌സ്; തുടക്കം കുറിച്ചു എം.എ യൂസഫലി.

Read Next

മണ്ഡല പുനര്‍ നിര്‍ണയം: കേരളത്തില്‍ 30, തമിഴ്നാടിന് 59, കര്‍ണാടകയ്ക്ക് 42; അധിക സീറ്റുകളുടെ കണക്ക് നിരത്തി അമിത് ഷാ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »