കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; പാര്‍ലമെന്റില്‍ പുതിയ നീക്കവുമായി പ്രതിപക്ഷം


ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാന്‍ പാര്‍ലമെന്റില്‍ പുതിയ നീക്കവുമായി പ്രതിപക്ഷം. വനിതാ സംവരണ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മ വിശ്വാസത്തിലാണ് ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും ഇംപീച്ച്മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകുന്നത്. കൂടുതല്‍ എംപിമാരുടെ ഒപ്പ് ശേഖരിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് അട്ടിമറി അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രമേയം. മുമ്പ് പ്രതിപക്ഷം നല്‍കിയ പ്രമേയം രാജ്യസഭ ചെയര്‍മാനും ലോക്സഭ സ്പീക്കറും തള്ളിയിരുന്നു. 193 എംപിമാരുടെ ഒപ്പ് അന്നത്തെ പ്രമേയത്തില്‍ ഉണ്ടായിരുന്നു.

മാര്‍ച്ച് 12നാണ് 63 രാജ്യസഭ എംപിമാരും 130 ലോക്സഭ അംഗങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സ്ഥാനത്ത് നിന്നും ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി പ്രമേയം നല്‍കിയത്. ഗ്യാനേഷ് കുമാറിന് എതിരെയുള്ള ആരോപണങ്ങളില്‍ പ്രതിപക്ഷ സഖ്യം ഉറച്ചുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കാനുള്ള രീതിയെ ദുര്‍ബല പ്പെടുത്തുന്ന രീതിയാണ് ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളിലുള്ളതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

കമ്മീഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പരിഗണനയിലുണ്ടായിരുന്ന കേസിനിടെ അര്‍ധരാത്രിയില്‍ അടിയന്തരമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിച്ചത് ഭരണകൂടത്തിന് ഇഷ്ടപ്പെട്ട വ്യക്തിയെ നിയമിക്കാന്‍ നടത്തിയ ശ്രമമാണ്. ഭരണഘടനാപരമായ ബാധ്യതയും നിഷ്പക്ഷതയും പാലിക്കാതെ ഭരണകൂടത്തിന്റെ സ്വാധീനത്തില്‍ കമ്മീഷണര്‍ പ്രവര്‍ത്തിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെ നടപടി എടുക്കുമ്പോള്‍ ഭരണകക്ഷി നേതാക്കള്‍ ക്കെതിരെ സമാന ആരോപണങ്ങളില്‍ അതേ മാനദണ്ഡം പാലിച്ചില്ല തുടങ്ങി ഏഴോളം ആരോപണങ്ങളാണ് മുമ്പ് ഇരുസഭകളിലുമായി പ്രതിപക്ഷ എംപിമാര്‍ നല്‍കിയ നോട്ടീസില്‍ ഉണ്ടായിരുന്നത്.


Read Previous

അംബേദ്കർ ആശയങ്ങൾ നവകാലഘട്ടത്തിൽ ഏറെ പ്രസക്തം: ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

Read Next

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തെരഞ്ഞെടുപ്പ് കമ്മിഷന് കോൺ​ഗ്രസിന്റെ പരാതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »