‘വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്’; നിര്‍ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുതെന്ന് നിര്‍ദേശം. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് നിര്‍ദേശം നല്‍കിയത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്യാത്ത മുറികളും തുറക്കേണ്ടതില്ലെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ജില്ലകളിലെ മുഖ്യ വരണാധികാരികളായ ജില്ലാ കലക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനുകള്‍ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ മെറ്റീരിയല്‍ റൂം തുറന്നത് വിവാദമായിരുന്നു. എന്നാല്‍ ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫിസര്‍ വിശദീകരിച്ചിരുന്നു.

ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്ട്രോംഗ് റൂം തുറന്നിട്ടില്ലെന്നും ഏപ്രില്‍ 20ന് രാവിലെ 11.15ന് തുറന്നത് സീല്‍ ചെയ്യാത്ത മുറിയാണെന്നും ജില്ലാ കലക്ടറും അറിയിച്ചു. റിട്ടേണിംഗ് ഓഫീസര്‍ കൈവശം വയ്‌ക്കേണ്ട രേഖകള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മെറ്റീരിയല്‍ റൂമിലാണ് സൂക്ഷിച്ചിരുന്നത്. ഇത് സീല്‍ ചെയ്ത മുറിയല്ല. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ട തീയതി ഏപ്രില്‍ 20 ആയിരുന്നു. എന്‍കോറിലെ വിവരങ്ങളുമായി പേരാമ്പ്ര മണ്ഡലത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ഡയറിയിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് മുറി തുറന്നതെന്നാണ് വിശദീകരണം.

പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ച ഡയറി എടുക്കാൻ വേണ്ടിയാണ് ഇവിഎമ്മുകൾ അടക്കം സൂക്ഷിച്ചിരിക്കുന്ന പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനിച്ചത്. നെന്മാറ നിയോജകമണ്ഡലത്തിൻ്റെ സ്ട്രോങ്ങ് റൂം ആണ് തുറക്കാൻ തീരുമാനിച്ചത്. സ്ഥാനാർത്ഥികളെ ഫോൺ വിളിച്ചാണ് സ്‌ട്രോങ്ങ് റൂം തുറക്കുമെന്ന് കമ്മീഷൻ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എ തങ്കപ്പൻ പറഞ്ഞു. എന്നാൽ തുറക്കാൻ തീരുമാനിച്ചത് സ്‌ട്രോങ്ങ് റൂം അല്ലെന്നും, മെറ്റീരിയൽ റൂമാണെന്നും, ഫോം 17 A എടുക്കാനാണ് മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനിച്ചതെന്നും പാലക്കാട് ജില്ലാ കലക്ടർ വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ റൂമും തുറക്കേണ്ടതില്ലെന്ന് മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.


Read Previous

അമ്മപ്പൂച്ചയും കുഞ്ഞുങ്ങളും ചേര്‍ന്ന് കടിച്ചുകൊണ്ടുവന്നത് എട്ടു പാമ്പുകളെ; ഞെട്ടി കുടുംബം

Read Next

തൃശ്ശൂർ പടക്ക നിർമ്മാണശാലാ ദുരന്തം: ഒഐസിസി റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു; കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »