‘ഗവർണർ നിർബന്ധിച്ചു, ഇനി തെറ്റ് സംഭവിക്കില്ല; തമിഴ് തായ് വാഴ്ത്ത് ആദ്യം പാടും’; വിശദീകരണവുമായി ടിവികെ


ചെന്നൈ: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിച്ചത് ലോക്ഭവൻ സമ്മർദ്ദത്തിലെന്നു ടിവികെ പാർട്ടിയുടെ വിശദീകരണം. ആദ്യം പാടാൻ നിർദ്ദേശിച്ചത് ​ഗവർണറുടെ ഓഫീസാണെന്നും ടിവികെ നേതാവ് ആദവ് അർജുന വ്യക്തമാക്കി. ഭാവിയിൽ ഈ രീതി തുടരില്ലെന്നും വിശദീകരണത്തിൽ പറയുന്നു. തമിഴ്നാട് സംസ്ഥാന ​ഗാനമായ തമിഴ് തായ് വാഴ്ത്ത് തുടക്കത്തിൽ പാടാഞ്ഞതാണ് വിവാദമായത്.

സത്യപ്രതിജ്ഞാ ചടങ്ങിൽ ആദ്യം വന്ദേമാതരം, തുടർന്നു ദേശീയ ​ഗാനം, മൂന്നാമതായി തമിഴ് തായ് വാഴ്ത്തുമാണ് ആലപിച്ചത്. ഇതാണ് വിവാദമായത്. തമിഴ് തായ് വാഴ്ത്തിനെ അവ​ഗണിച്ചെന്നു ആരോപിച്ച് ഡിഎംകെ അടക്കമുള്ള പാർട്ടികൾ രം​ഗത്തെത്തിയിരുന്നു. ടിവികെയെ പിന്തുണയ്ക്കുന്ന സിപിഐയും വിമർശിച്ച് രം​ഗത്തെത്തി. പിന്നാലെയാണ് ടിവികെ വിശദീകരണം.

തമിഴ്നാട്ടിലെ എല്ലാ പൊതുപരിപാടികളിലും ആദ്യ തമിഴ് തായ് വാഴ്ത്തും അവസാനം ദേശീയ ​ഗാനവും ആലപിക്കുന്നതാണ് രീതി. ഇതാണ് ശരിയായ രീതിയെന്നു ആദവ് എക്സിൽ കുറിച്ചു.

‘ഈ രീതിയിൽ ടിവികെയ്ക്കു ഭിന്നാഭിപ്രായം ഇല്ല. പുതിയ സമ്പ്രദായത്തോടു ഞങ്ങൾക്ക് യോജിപ്പില്ല. തമിഴ്നാടിനെ സംബന്ധിച്ചു അത് അനുയോജ്യവുമല്ല. വിഷയം ഞങ്ങൾ ​ഗവർണറുടെ മുന്നിൽ ഉയർത്തിയിരുന്നു. കേന്ദ്ര സർക്കാരിൽ നിന്നുള്ള പുതിയ സർക്കുലർ അനുസരിച്ച് പ്രവർത്തിക്കേണ്ട ഉത്തരവാദിത്വമുള്ള അധികാരി എന്ന നിലയിൽ ​ഗവർണർക്കു പ്രവർത്തിക്കേണ്ടതുണ്ട് എന്നു അറിയിച്ചു. അതനുസരിച്ച് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ തമിഴ്നാടിന്റെ സംസ്ഥാന ​ഗീതം മൂന്നാമതായി ആലപിച്ചു. ഭാവിയിൽ ഈ സമ്പ്രദായം പിന്തുടരില്ല. പകരം പഴയ സമ്പ്രദായം അനുസരിച്ച് പരിപാടിയുടെ തുടക്കത്തിൽ തമിഴ്നാടിന്റെ സംസ്ഥാന ​ഗീതം ആലപിക്കുകയും അവസാനം ദേശീയ ​ഗാനം ആലപിക്കുകയും ചെയ്യും’.

തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങലിലും സംസ്ഥാന ഭാഷാ പ്രാർഥനാ ​ഗാനം പരിപാടിക്കിടെ തുടക്കത്തിൽ ആലപിക്കണം. അതിനായി കേന്ദ്ര സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കണം. അതാണ് മുഴുൻ തമിഴ്നാട് ജനതയുടേയും ഞങ്ങളുടേയും ദൃഢമായ നിലപാട്- ആദവ് വ്യക്തമാക്കി.


Read Previous

തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് മറന്നു; മന്ത്രി കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല

Read Next

പാകിസ്ഥാനിൽ ഭീകരാക്രമണം: 15 പൊലീസുകാർ കൊല്ലപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »