പാകിസ്ഥാനിൽ ഭീകരാക്രമണം: 15 പൊലീസുകാർ കൊല്ലപ്പെട്ടു


ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ അതിശക്തമായ ഭീകരാക്രമണത്തിൽ 15 പൊലീസുകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. വടക്കു പടിഞ്ഞാറൻ ബാനു ജില്ലയിലെ പോലീസ് ചെക്ക് പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്.

സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഭീകരർ പൊലീസ് ചെക്ക് പോസ്റ്റിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇതിന് പിന്നാലെ പ്രദേശം ശക്തമായ വെടിവെയ്പ്പിനും സ്ഫോടന പരമ്പരകൾക്കും സാക്ഷ്യം വഹിച്ചു. അത്യാധുനിക ആയുധങ്ങളുമായെത്തിയ ഭീകരർ വിവിധ ദിശകളിൽ നിന്ന് പൊലീസ് സ്റ്റേഷന് നേരെ വെടിയുതിർത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണത്തെ ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മുഹമ്മദ് സൊഹൈൽ അഫ്രീദി അപലപിച്ചു. ഭീരുത്വപരമായ നീക്കമെന്നാണ് അദേഹം ഇതിനെ വിശേഷിപ്പിച്ചത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സുരക്ഷാ സേന പ്രത്യാക്രമണം ആരംഭിച്ചെങ്കിലും എത്ര ഭീകരർ കൊല്ലപ്പെട്ടു എന്നതിൽ വ്യക്തത വന്നിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. തഹ്രീകെ താലിബാൻ പാകിസ്ഥാൻ ആണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്ന് പാകിസ്ഥാൻ ആരോപിക്കുന്നുണ്ടെങ്കിലും അഫ്ഗാൻ ഭരണകൂടം ഇത് നിഷേധിച്ചു.

തുടർച്ചയായുണ്ടായ സ്ഫോടനങ്ങളും വെടിയൊച്ചകളും ബാനു ജില്ലയിലെ ജനങ്ങളെ വലിയ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. വടക്കൻ വസീരിസ്ഥാനോട് ചേർന്നുള്ള മേഖലയായതിനാൽ ഇവിടെ ആക്രമണങ്ങൾ പതിവാണെങ്കിലും ഇത്രയധികം ആൾനാശം സംഭവിക്കുന്നത് ആദ്യമായാണ്.


Read Previous

‘ഗവർണർ നിർബന്ധിച്ചു, ഇനി തെറ്റ് സംഭവിക്കില്ല; തമിഴ് തായ് വാഴ്ത്ത് ആദ്യം പാടും’; വിശദീകരണവുമായി ടിവികെ

Read Next

ജ്വാല 2026: റിയാദിൽ നഴ്‌സിംഗ് സമൂഹത്തിന് സ്നേഹാദരം; നിറക്കൂട്ടുകളുമായി ചിത്രരചന മത്സരവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »