‘കൈക്കും കാലിനും പരിമിതികളുണ്ട്, ജീവിതത്തോട് പോരാടാനുള്ള മനസിന് ക്ഷീണമില്ല’; സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും ഉപവാസത്തിനൊരുങ്ങി യുവതി


പാലക്കാട്: സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസത്തിനൊരുങ്ങി കൈകാലുകള്‍ക്ക് പരിമിതികളുള്ള യുവതി. ആലത്തൂര്‍ കൊങ്ങാങ്ങളക്കോട് സ്വദേശി ചെമ്പകശ്ശേരി ജ്യോതി വീണ്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരത്തിനൊരുങ്ങുകയാണ്. ജീവിതത്തോട് പോരാടാനുള്ള മനസ്സിന് ഇന്നും ക്ഷീണമില്ലെന്ന് ജ്യോതി പറയുന്നു.

”എനിക്ക് ആരുടെയും കരുണ വേണ്ട. ജീവിക്കാന്‍ ഒരു ജോലി മാത്രം മതി . ” 49-ാം വയസ്സിലും സ്ഥിരം വരുമാനമില്ലാതെ ജീവിക്കുകയാണ് ജ്യോതി. ഭിന്നശേഷി പെന്‍ഷന്‍ (പ്രതിമാസം 2000/ രൂപ) കൊണ്ടാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. പഞ്ചായത്തും സന്നദ്ധസംഘടനയും ചേര്‍ന്ന് നല്‍കിയ നാല് സെന്റ് സ്ഥലത്തെ ചെറിയ വീട്ടിലാണ് ഒറ്റപ്പെട്ട ജീവിതം.

ജ്യോതിയുടെ ജീവിതം ചെറുപ്പം മുതല്‍ തന്നെ ദുരിതങ്ങളാല്‍ നിറഞ്ഞതായിരുന്നു. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ മരിച്ചു. കൂലിപ്പണി ചെയ്ത് കുടുംബം നോക്കിയ അമ്മയും 2024ല്‍ വിടപറഞ്ഞു. വിവാഹജീവിതവും തകര്‍ന്നതോടെ താങ്ങും തണലുമില്ലാത്ത അവസ്ഥയായി. ‘വലതുകൈക്ക് പോളിയോ ബാധിച്ചു. വലതുകാലിന് ശേഷിയും കുറവാണ്. പക്ഷേ എനിക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ജോലി തന്നാല്‍ ഞാന്‍ ആരുടെയും മുന്നില്‍ കൈ നീട്ടേണ്ടി വരില്ല,” ജ്യോതി കണ്ണീരോടെ പറയുന്നു. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങളോളം കാത്തിരുന്നു. അനവധി ഓഫീസുകളില്‍ കയറിയിറങ്ങി. നിവേദനങ്ങള്‍ നല്‍കി. എന്നാല്‍ ഒന്നും ഫലിച്ചില്ല.

ഒടുവില്‍ 2013-ല്‍ കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഫെഡറേഷന്റെ കുഴല്‍മന്ദം ത്രിവേണി ഗോഡൗണില്‍ സെയില്‍സ് ഹെല്‍പ്പറായി താല്‍ക്കാലിക നിയമനം ലഭിച്ചു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെട്ടാണ് ജോലി ലഭിച്ചതെന്ന് ജ്യോതി പറഞ്ഞു. ”ആ ജോലി കിട്ടിയപ്പോള്‍ ജീവിതം തിരിച്ചു കിട്ടിയതുപോലെ തോന്നി. പക്ഷേ ആറുമാസം കഴിഞ്ഞപ്പോള്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടു,” ജ്യോതി പറയുന്നു.

സിപിഎം അനുബന്ധ സംഘടനയായ ഡിഫറന്റ്‌ലി ഏബള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേ ഷന്റെ (ഡിഎഡബ്ല്യുഎഫ്) നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് തന്നെ പുറത്താക്കിയതെന്ന് ജ്യോതി ആരോപിച്ചു. ‘ഞാന്‍ ഡി.എ.ഡബ്‌ള്യു.എഫ് അംഗമായിരുന്നു. പക്ഷേ ഉമ്മന്‍ചാണ്ടി സാറിന്റെ ഇടപെടലിലൂടെ എനിക്ക് ജോലി കിട്ടിയത് അവര്‍ക്കിഷ്ടപ്പെട്ടില്ല. അവര്‍ എന്നെ ആ ജോലിയില്‍നിന്നു പുറത്താക്കി. അതിന് ശേഷമൊരിക്കലും എനിക്ക് മറ്റൊരു ജോലി ലഭിക്കാനായില്ല,” ജ്യോതി ആരോപിച്ചു. ‘ഇപ്പോള്‍ ഞാന്‍ ഒരു പാര്‍ട്ടിയെയും സംഘടനയെയും പിന്തുണയ്ക്കുന്നില്ല. നീതി മാത്രം വേണം,” അവള്‍ കൂട്ടിച്ചേര്‍ക്കുന്നു.

കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് പുറത്താക്കിയതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ മുമ്പും സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുതിയ യുഡിഫ് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്.”എന്റെ ശരീരത്തിന് ശക്തിയില്ല. പക്ഷേ നീതി കിട്ടുംവരെ സമരം നിര്‍ത്തില്ല,” ജ്യോതി പറയുന്നു.


Read Previous

‘കുടുംബനാഥനെപ്പോലയാണ്’; രണ്ട് മക്കളേയും നിയമസഭയില്‍ യോജിപ്പിച്ച് കൊണ്ടുപോകുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Read Next

വിജയത്തിളക്കത്തിൽ ജുബൈലിലെ മലയാളിപ്പട! അഭിമാനമായി മാറിയ 34 മലയാളി വിദ്യാർത്ഥികളെ ജുബൈൽ മലയാളി സമാജം ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »