ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ജനകീയനായ ജനനായകൻ ഇ.കെ. നായനാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് സൗദി അറേബ്യയിലെ പ്രവാസി മലയാളി സമൂഹം. ദീർഘകാലം കേരള മുഖ്യമന്ത്രിയായും, സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗമായും, മികച്ച സംഘാടകനായും പത്രപ്രവർത്തകനായും ശോഭിച്ച ഇ.കെ. നായനാരുടെ ഓർമ്മ പുതുക്കി കേളി കലാസാംസ്കാരിക വേദി വിപുലമായ അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിച്ചു.

റിയാദ് കേന്ദ്രീകരിച്ച് രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്തയിലെ അൽ യാസ്മിൻ ഓഡിറ്റോറിയത്തിലും, ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദവാദ്മിയിലെ കേളി ഓഫീസിലുമായാണ് പ്രവാസ ലോകത്തെ ഒട്ടനവധി ജനവിഭാഗങ്ങളെ സാക്ഷിനിർത്തി അനുസ്മരണ പരിപാടികൾ അരങ്ങേറിയത്.
റിയാദിൽ നടന്ന അനുസ്മരണ യോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ദേശാഭിമാനി ഗൾഫ് ലേഖകനും രക്ഷാധികാരി കമ്മിറ്റി അംഗവുമായ ഷമീർ കുന്നുമ്മൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഏത് കടുത്ത പ്രതിസന്ധികളെയും ജനകീയ ശക്തിയോടെ എങ്ങനെ തരണം ചെയ്യണമെന്ന് കേരളീയ സമൂഹത്തെ പഠിപ്പിച്ച നേതാക്കളിൽ പ്രധാനിയാണ് ഇ.കെ. നായനാരെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിന്റെ സമകാലിക രാഷ്ട്രീയ പശ്ചാത്തലങ്ങളെ വിലയിരുത്തിക്കൊണ്ട് ശക്തമായ വിമർശനങ്ങളും അദ്ദേഹം പ്രഭാഷണത്തിൽ ഉന്നയിച്ചു. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ നിന്നും അന്യം നിന്ന ജാതി മത ശക്തികളുടെ ഭരണതലത്തിലെ ഇടപെടലും, ദളിതർക്ക് നേരെയുള്ള പോലീസ് അതിക്രമവും, ഭരണമാറ്റം ആരുടെ താത്പര്യമാണ് സംരക്ഷിക്കാൻ പോകുന്നതെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ പോലുള്ള പാവങ്ങൾക്ക് അത്താണിയാകുന്ന പദ്ധതികൾ നിർത്തലാക്കുന്നതിലൂടെയും, കെ റെയിൽ നിർത്തലാക്കുന്നതിലൂടെ ഭാവി തലമുറയുടെ വികസന സ്വപ്നത്തിന് നേരെയുള്ള തടയിടലുമാണ് നടക്കുന്നതെന്നും നവകേരള നിർമ്മിതിയിൽ നിന്നുള്ള പിൻമാറ്റമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’
രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, സീബ കൂവോട്, പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, കേളി മാധ്യമവിഭാഗം കൺവീനർ പ്രദീപ് ആറ്റിങ്ങൽ, ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ എന്നിവർ സഖാവ് നായനാരുടെ ജനകീയ ശൈലിയും പ്രവാസികളോടുള്ള കരുതലും പങ്കുവെച്ച് സംസാരിച്ചു.
ദവാദ്മിയിലും നായനാർ പ്രണാമം
ദവാദ്മി ഏരിയയിൽ നടന്ന അനുസ്മരണ പരിപാടിയിൽ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി ഷാജി പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഏരിയ ട്രഷറർ മുജീബ് അനുസ്മരണകുറിപ്പ് അവതരിപ്പിച്ചു.
ചടങ്ങിൽ കേളി ട്രഷറർ മധു ബാലുശ്ശേരി, ജോയിന്റ് ട്രഷറർ സിംനേഷ് വയനാൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, ദവാദ്മി ഏരിയ പ്രസിഡന്റ് രാജേഷ്, സനയ്യ യൂണിറ്റ് അംഗം സജീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും, ഏരിയ രക്ഷാധികാരി സമിതി അംഗം മുഹമ്മദ് റാഫി നന്ദിയും രേഖപ്പെടുത്തി. പ്രവാസലോകത്ത് നായനാരുടെ സ്മരണകൾ ഉയർത്തിപ്പിടിക്കുന്നതിൽ ഇത്തരം കൂട്ടായ്മകൾക്കുള്ള പ്രാധാന്യം ചടങ്ങിൽ അടിവരയിട്ടു പറഞ്ഞു.
