കോൺഗ്രസിൽ വീണ്ടും ‘തരൂർ പോര്’; മോദി-ട്രംപ് കൂടിക്കാഴ്ചയെ പുകഴ്ത്തിയ ശശി തരൂരിനെതിരെ പവൻ ഖേരയുടെ പരിഹാസം


ന്യൂഡൽഹി: ജി.7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഉഭയകക്ഷി ചർച്ചകളെയും നയതന്ത്ര നീക്കങ്ങളെയും പരസ്യമായി പിന്തുണച്ച തിരുവനന്തപുരം എം.പി ഡോ. ശശി തരൂരിനെതിരെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയതോടെ പാർട്ടിയിൽ വീണ്ടും ആഭ്യന്തര തർക്കം പുകയുന്നു. നയതന്ത്ര വിഷയങ്ങളിൽ രാജ്യത്തിന്റെ പൊതുനിലപാടിനൊപ്പം നിൽക്കുന്ന തരൂരിന്റെ ശൈലിക്ക് എതിരെ, അദ്ദേഹം പ്രധാനമന്ത്രിയോട് അമിത ‘ആരാധന’ വെച്ചുപുലർത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് വക്താവ് പവൻ ഖേര പരസ്യമായി രംഗത്തെത്തിയതാണ് പുതിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയത്.

ഫ്രാൻസിലെ എവിയാനിൽ നടന്ന ജി.7 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ചയെക്കുറിച്ച് തരൂർ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് ആധാരം. “പൊതുവേദിയിലും അടച്ചിട്ട മുറിയിൽ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിലും യു.എസ് പ്രസിഡന്റിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നിലപാടുകൾ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധകാലത്ത് വാണിജ്യ കപ്പലുകളിലെ സാധാരണക്കാരായ നാവികർ ഒരിക്കലും സൈനിക ആക്രമണങ്ങളുടെ ലക്ഷ്യമാകരുത് എന്ന ശക്തമായ സന്ദേശമാണ് പ്രധാനമന്ത്രി ട്രംപിന് നൽകിയത്,” എന്നായിരുന്നു വാർത്താ ഏജൻസിയായ പിടിഐയോട് തരൂർ പ്രതികരിച്ചത്.

തരൂർ ഭൗതിക ലോകത്തിന് അപ്പുറത്താണെന്ന് പവൻ ഖേര

തരൂരിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പരിഹാസവുമായാണ് കോൺഗ്രസിന്റെ മാധ്യമ വിഭാഗം തലവൻ പവൻ ഖേര വാർത്താസമ്മേളനത്തിൽ രംഗത്തെത്തിയത്.

“എന്റെ മുതിർന്ന സഹപ്രവർത്തകൻ ഡോ. ശശി തരൂരിന് പ്രധാനമന്ത്രി മോദിയോടുള്ള ആരാധന ഇപ്പോൾ ഭൗതിക ലോകത്തിന്റെ അതിർവരമ്പുകൾ ലംഘിച്ചിരിക്കുകയാണ്. മോദി പറയാത്ത കാര്യങ്ങൾ പോലും കേൾക്കാൻ ഇപ്പോൾ തരൂരിന് പ്രത്യേക കഴിവുണ്ട്. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക രേഖകളിലോ ഇന്ത്യാ-യുഎസ് സംയുക്ത പ്രസ്താവനയിലോ ഒമാൻ ഉൾക്കടലിൽ യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ ക്രൂരമായി കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള ശക്തമായ വിയോജിപ്പുകളോ തർക്കങ്ങളോ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഔദ്യോഗിക രേഖകളിൽ ഇല്ലാത്ത നയതന്ത്ര ഇടപെടലുകൾ തരൂർ ജി എങ്ങനെയാണ് കേട്ടതെന്ന് മനസ്സിലാകുന്നില്ല. ഒരുപക്ഷേ നമ്മളെല്ലാവരും സാധാരണ മനുഷ്യരുടെ ഇന്ദ്രിയങ്ങളാൽ പരിമിതപ്പെടുത്തപ്പെട്ടതുകൊണ്ടാകാം,” എന്ന് ഖേര പരിഹസിച്ചു. തരൂരിന്റെ നിലപാട് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാടുകൾക്ക് വിരുദ്ധമാണെന്ന് കാട്ടി ബിജെപിയും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.

പവൻ ഖേരയുടെ പരിഹാസങ്ങൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ വിശദമായാണ് ശശി തരൂർ മറുപടി നൽകിയത്. മോദി-ട്രംപ് കൂടിക്കാഴ്ചയിൽ ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകൾ അദ്ദേഹം പങ്കുവെച്ചു.

ഇതോടൊപ്പം ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളായ ജെമിനി നൽകിയ സംഗ്രഹവും തരൂർ എക്സിൽ പരസ്യപ്പെടുത്തി. ഒമാൻ ഉൾക്കടലിൽ യു.എസ് നടത്തിയ സൈനിക നീക്കത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട വിഷയം കൂടിക്കാഴ്ചയിൽ ഉയർന്നു വന്നിട്ടുണ്ടെന്ന് ജെമിനിയുടെ റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. “ഞാൻ ധാരാളമായി വായിക്കുന്ന വ്യക്തിയാണ്, വായിക്കുന്ന കാര്യങ്ങൾ കൃത്യമായി ഓർമ്മയിൽ സൂക്ഷിക്കാറുമുണ്ട്. ജീവിതത്തിൽ ഇന്നുവരെ വസ്തുതകൾ വളച്ചൊടിച്ചെന്ന ലേബൽ എനിക്ക് ഉണ്ടായിട്ടില്ല. യു.എസ്-ഇറാൻ സംഘർഷത്തിനിടയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നമ്മുടെ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്. എന്നാൽ ചിലർക്ക് ഇതിലും വലിയ താല്പര്യം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയത്തേക്കാൾ രാഷ്ട്രീയമായി സ്കോർ ചെയ്യാനാണെങ്കിൽ, അത് എന്നെക്കുറിച്ചല്ല, മറിച്ച് അവരുടെ രാഷ്ട്രീയ നിലവാരത്തെക്കുറിച്ചാണ് വ്യക്തമാക്കുന്നത്,” എന്ന് തരൂർ തിരിച്ചടിച്ചു. ദേശീയ തലത്തിൽ കോൺഗ്രസിനുള്ളിലെ പുതിയ ഭിന്നതകൾ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിതുറക്കും.


Read Previous

കാരവന്‍ അതിക്രമം; രഞ്ജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തല്‍; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

Read Next

ഡോ. ടി പി മുഹമ്മദിന്റെ ‘ഒരു പ്രവാസിയുടെ ലോകസഞ്ചാരങ്ങൾ’ വായനക്കാരുടെ കൈകളിലേക്ക്; റിയാദിൽ പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »