റിയാദിൽ അന്തരിച്ച മലപ്പുറം സ്വദേശി അയൂബ് സഖാഫിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; നിയമനടപടികൾ പൂർത്തിയായി



റിയാദ്: റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ച മലപ്പുറം തിരൂർ വൈലത്തൂർ മണ്ണാറക്കൽ സ്വദേശി കൈതക്കാട്ടിൽ അയൂബ് സഖാഫിയുടെ (39) മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നിയമനടപടികൾ പൂർത്തിയായി. അവധി കഴിഞ്ഞ് നാട്ടിൽ നിന്നും റിയാദിൽ തിരിച്ചെത്തി മൂന്ന് മാസം പിന്നിടുമ്പോഴായിരുന്നു പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. പ്രമുഖ ഇസ്‌ലാമിക വിദ്യാഭ്യാസ സമുച്ചയമായ മഅ്ദിൻ സ്ഥാപനങ്ങളുടെ താൽക്കാലിക ഓർഗനൈസറായി അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.


റിയാദിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്ന അയൂബ് സഖാഫി, ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) അസീസിയ ഡിവിഷൻ ദാറുൽ ബൈദാ യൂണിറ്റ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു. പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയാണ് പിതാവ്. മാതാവ്: ഫാത്തിമ. ഭാര്യ: റുമൈസ. റസീൻ റബീഹ്, റാസി ആയിഷ എന്നിവർ മക്കളാണ്. നാട്ടിൽ പിതാവിന്റെ ആണ്ടുനേർച്ചയുമായി ബന്ധപ്പെട്ട ചടങ്ങുകളും പ്രാർത്ഥനകളും വീട്ടിൽ നടന്നുകൊണ്ടിരിക്കുന്നതി നിടയിലാണ് പ്രവാസലോകത്തുനിന്നും അയൂബ് സഖാഫിയുടെ മരണവാർത്ത കുടുംബത്തെ തേടിയെത്തിയത്.


ഇന്ന് വ്യാഴാഴ്ച (09/07/2026) അസർ നമസ്കാരത്തിന് ശേഷം ഉമ്മുൽ ഹമാം കിങ് ഖാലിദ് മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും. തുടർന്ന് ശുമൈസി ആശുപത്രിയിൽ നിന്നും മയ്യിത്ത് റിയാദ് എയർപോർട്ടിലേക്ക് കൊണ്ടുപോകും. രാത്രി റിയാദിൽ നിന്നും പുറപ്പെടുന്ന ബോയിങ് 737 മാക്സ് വിമാനത്തിൽ വെള്ളിയാഴ്ച രാവിലെ 7:35-ന് കോഴിക്കോട് എയർപോർട്ടിൽ എത്തിക്കും. ഖബറടക്കം വൈലത്തൂർ ചിലവിൽ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.”


മരണാനന്തരമുള്ള ഔദ്യോഗിക നിയമനടപടികൾ റിയാദ് ഐ.സി.എഫ് റീജിയൻ സെക്രട്ടറി ഇബ്രാഹിം കരീം, ഇ.ആർ.ടി സെക്രട്ടറി റസാഖ് വയൽക്കര എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.


Read Previous

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ പുതിയ അഭിഭാഷക സംഘം; രമേശ് ബാബു സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍

Read Next

പി.കെ.രാജന് കേളി യാത്രയയപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »