പീസ് വാലി മീഡിയ ആൻഡ് ഇൻഫ്ലുവൻസേഴ്സ് മീറ്റ് റിയാദിൽ സംഘടിപ്പിച്ചു: ജീവകാരുണ്യ ദൗത്യവുമായി പ്രവാസി കൂട്ടായ്മ ശ്രദ്ധേയമാകുന്നു


റിയാദ്: എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ പുനരധിവാസ സ്ഥാപനമായ പീസ് വാലി ഹ്യൂമൻ കെയർ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ മാധ്യമ, സോഷ്യൽ മീഡിയ രംഗത്തുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനായി പീസ് വാലി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ‘മീഡിയ ആൻഡ് ഇൻഫ്ലുവൻസേഴ്സ് മീറ്റ്’ ഏറെ ശ്രദ്ധേയമായി. റിയാദ് മലാസ് അൽമാസ് ഹാളിൽ നടന്ന സംഗമത്തിൽ റിയാദിലെ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ചടങ്ങിൽ പീസ് വാലി അഡ്വൈസറി ബോർഡ് അംഗവും മീഡിയ ഹെഡുമായ ജയൻ കൊടുങ്ങല്ലൂർ ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി ഇൻചാർജ് നിഷാദ് ചെറുവട്ടൂർ യോഗത്തിന് സ്വാഗതം ആശം സിച്ചു. റിയാദ് ചാപ്റ്റർ പ്രസിഡന്റ് ഷിയാസ് കോട്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങ് അഡ്വൈസറി ബോർഡ് ചെയർമാൻ ഷിഹാബ് കൊട്ടുകാട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

പീസ് വാലിയുടെ കീഴിൽ നടന്നു വരുന്ന വിവിധ ജീവകാരുണ്യ പദ്ധതികൾ വിശദീകരിക്കുന്ന പ്രത്യേക വീഡിയോ പ്രദർശനം ചടങ്ങിൽ നടന്നു. പാലിയേറ്റീവ് കെയർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, സൈക്കോ–സോഷ്യൽ റീഹാബിലിറ്റേഷൻ, ഡയാലിസിസ്, എർലി ഇന്റർവെൻഷൻ, ഡി-അഡിക്ഷൻ, നിർഭയ കേന്ദ്രം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പുനരധിവാസം, ലൈഫ് സ്കിൽസ് പരിശീലനം തുടങ്ങിയ ഒട്ടനവധി സേവനങ്ങൾ വിഡിയോയിലൂടെ പരിചയപ്പെടുത്തി. കൂടാതെ, സ്ഥാപനം സന്ദർശിച്ച പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളും അനുഭവക്കുറിപ്പുകളും ഉൾപ്പെടുത്തിയുള്ള പ്രത്യേക അവതരണവും ചടങ്ങിന് മാറ്റുകൂട്ടി. തുടർന്ന് ജസീർ കോതമംഗലം, ഹാരിസ് മരക്കാർ എന്നിവർ പീസ് വാലി സന്ദർശിച്ചപ്പോഴുള്ള തങ്ങളുടെ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന മാധ്യമ സംവാദത്തിൽ, പീസ് വാലിയുടെ മാനുഷിക ദൗത്യം പ്രവാസി സമൂഹത്തിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കുന്നതിൽ പരമ്പരാഗത മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയയ്ക്കുമുള്ള പങ്കും ഭാവിയിലെ സഹകരണ സാധ്യതകളും ചർച്ച ചെയ്യപ്പെട്ടു.

റിയാദ് ഇന്ത്യൻ മീഡിയ ഫോറം ചീഫ് കോഓർഡിനേറ്റർ ഷിബു ഉസ്മാൻ, ജീവൻ ടി.വിയിലെ ഷംനാദ് കരുനാഗപ്പള്ളി, വീക്ഷണത്തിലെ നാദിർഷ, ന്യൂസ് 16-ലെ മജീദ്, മാധ്യമപ്രവർത്തകരായ മുജീബ് ചങ്ങരംകുളം, അഡ്വ. അജിത് ഖാൻ, നിയാഫ് വലിയത്ത്, അബ്ദുൽ ഖാദർ മോച്ചേരി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ ബനൂജ് പാലത്ത്, നസീം നസീർ, ഇല്യാസ് പൂളക്കൽ, അനീസ് അബ്ദുൽ അസീസ്, അഷ്‌റഫ് തുടങ്ങിയവർ സംവാദത്തിൽ സജീവമായി പങ്കെടുത്തു സംസാരിച്ചു.

പീസ് വാലി ഭാരവാഹികളായ അലി ആലുവ, റഹ്മാൻ മുനമ്പത്ത്, സൈഫ് കായംകുളം, കരീം കാനാമ്പുറം എന്നിവരും ആശംസകൾ നേർന്നു. സലാം പെരുമ്പാവൂർ, സഹൽ പെരുമ്പാവൂർ, അജ്നാസ് കോതമംഗലം എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു. രസാന ഖദീജ നിയന്ത്രിച്ച പരിപാടിക്ക് ട്രഷറർ അമീർ ബീരാൻ നന്ദി രേഖപ്പെടുത്തി.


Read Previous

വളപട്ടണം സ്റ്റേഷനില്‍ മാത്രം 12 കേസുകളില്‍ പ്രതി : അര്‍ജുന്‍ ആയങ്കിയെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ നീക്കം

Read Next

ആശ്രയയ്ക്ക് വീണ്ടും കേളിയുടെ കൈത്താങ്ങ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »