തന്ത്രങ്ങള്‍ പാളുമ്പോളുമ്പോള്‍ മധുരം വിജയിക്കുമോ? ഇന്ത്യ- ബംഗ്ലാദേശ് നയതന്ത്ര ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടെ മാമ്പഴ നയതന്ത്രവുമായി ബംഗ്ലാദേശ്; വിജയിക്കുമോ ബംഗ്ലാദേശ് തന്ത്രങ്ങള്‍? 


ന്യൂഡല്‍ഹി: ഇന്ത്യ ബംഗ്ലാദേശ് ബന്ധത്തില്‍ മാമ്പഴ നയതന്ത്രത്തിന് ദീര്‍ഘകാലം ഇടമുണ്ടായിരുന്നു. എന്നാല്‍ നമ്മുടെ കിഴക്കന്‍ അയല്‍ക്കാരായ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്‍റെ മുഖ്യ ഉപദേശകന്‍ മുഹമ്മദ് യൂനസ് ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാമ്പഴങ്ങള്‍ സമ്മാനിച്ചത് കൊണ്ട് നിലവിലുള്ള സംഘര്‍ഷങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകുമോയെന്ന് കണ്ടറിയണം.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയെ അധികാര ഭ്രഷ്‌ടയാക്കിയ ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്.

മോദിക്ക് പുറമെ ബംഗ്ലാദേശിന്‍റെ അതിര്‍ത്തി സംസ്ഥാനങ്ങളായ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനും യൂനസ് മാമ്പഴം സമ്മാനിക്കുന്നുണ്ട്. ത്രിപുര മുഖ്യമന്ത്രിക്ക് 300 കിലോമാമ്പഴമാണ് യൂനസ് അയച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബംഗ്ലാദേശിന്‍റെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കൃഷി ചെയ്യുന്ന മാങ്ങയാണ് ഹരിഭംഗ, പ്രത്യേകിച്ച് രംഗ്‌പൂര്‍ ജില്ലയില്‍. വടക്കന്‍ ജില്ലകളിലെ കര്‍ഷകരുടെ ഇടയില്‍ ഏറെ പ്രചാരമുള്ള കൃഷിയാണ് ഹരിഭംഗ മാവുകള്‍. വട്ടത്തിലുള്ള മാങ്ങയാണ് ഇത്. നിറയെ മാംസളമായ ഈ മാങ്ങ 200 മുതല്‍ നാനൂറ് ഗ്രാം വരെ ഭാരമുള്ളതുമാണ്. ചിലപ്പോള്‍ 700 ഗ്രാം ഭാരമുള്ളവ വരെ ഉണ്ടാകാറുണ്ട്.

2021 ജൂലൈയില്‍ 2600 കിലോ ഹരിഭംഗ മാമ്പഴം ബംഗ്ലാദേശ് ഇന്ത്യയ്ക്ക് സമ്മാനിച്ചിരുന്നു. ഇരുരാജ്യങ്ങ ളുടെയും സൗഹൃദത്തില്‍ ഇത് വളരെ നിര്‍ണായകമായ ഒരു സമ്മാനമായിരുന്നു.പശ്ചിമ ബംഗാളിലെ ബന്‍ഗാവിലെ പെട്രോപോള്‍ അതിര്‍ത്തി വഴിയാണ് ഇതെത്തിയത്. ഹസീന തുടങ്ങി വച്ച മാമ്പഴ നയതന്ത്രം എന്ന ഒരു ആചാരത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ യൂനസിന്‍റെ പ്രവൃത്തിയെന്ന് വേണം വിലയിരുത്താന്‍. മാമ്പഴത്തിന് പുറമെ ഹസീന രുചികരമായ ഹില്‍സ എന്ന മീനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും മറ്റ് നേതാക്കള്‍ക്കും അയച്ച് നല്‍കിയിരുന്നു.

ഇതിനിടെ തങ്ങള്‍ക്ക് മാമ്പഴം നല്‍കിയതിന് പകരമായി ത്രിപുരയില്‍ നിന്ന് ക്വീന്‍ കൈതച്ചക്കള്‍ ബംഗ്ലാദേശിനും സമ്മാനിച്ചു.2024ല്‍ ഹസീന അധികാര ഭ്രഷ്‌ടയായ ശേഷം ബംഗ്ലാദേശ് ഒരു രാഷ്‌ട്രീയ അനിശ്ചിതത്വത്തിലൂടെ കടന്ന് പോകുകയാണ്. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത ബഹുജനപ്രക്ഷോഭത്തിലൂടെയാണ് ഹസീനയെ പുറത്താക്കിയത്. സര്‍ക്കാര്‍ ഏകാധിപത്യ പ്രവണതകള്‍ പിന്തുടരുന്നു എന്ന് ആരോപിച്ചായിരുന്നു പ്രക്ഷോഭം. ഒന്നരപതിറ്റാണ്ട് നീണ്ട ഹസീനയുടെ ഭരണം അനിശ്ചിതമായി അവസാനിച്ചതോടെ രാജ്യത്ത് ഒരു രാഷ്‌ട്രീയ ശൂന്യത ഉണ്ടായിരിക്കുകയാണ്. ഇത് വലിയ വിഭാഗീയതയിലേക്കും നിയന്ത്രിക്കാനുള്ള പോരാട്ടങ്ങളിലേക്കും എത്തിച്ചേര്‍ന്നു.

ഹസീന അധികാര ഭ്രഷ്‌ട ആയതിന് പിന്നാലെ യൂനസിന്‍റെ നേതൃത്വത്തില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ രാജ്യത്ത് രൂപീകൃതമായി. ഹസീന ഇന്ത്യയില്‍ രാഷ്‌ട്രീയ അഭയം തേടി. അവിടെ നിന്നിങ്ങോട്ട് ഈ രണ്ട് ദക്ഷിണേഷ്യന്‍ അയല്‍ക്കാര്‍ തമ്മിലുള്ള ബന്ധം സംഘര്‍ഷഭരിതമായി.ഓഗസ്റ്റ് പ്രക്ഷോഭത്തിന് പുറമെ ഇന്ത്യയില്‍ അഭയം തേടിയ ഹസീനയടക്കമുള്ള നേതാക്കളെ ഇവിടെ നിന്ന് നാടുകടത്തണമെന്നാണ് ബംഗ്ലാദേശിലെ രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണലിന്‍റെ ഉത്തരവ്. ഹസീന പുറത്താക്കപ്പെട്ടതോടെ രാജ്യത്തെ രാഷ്‌ട്രീയ ഭൂമികയിലേക്ക് തീവ്ര ഇസ്ലാമികതയുടെ ഒരു തള്ളിക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇത് വന്‍ തോതില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണത്തിനും കാരണമായിരിക്കുന്നു. പ്രത്യേകിച്ച് ഹിന്ദുക്കളാണ് ഇവരുടെ ഇരകള്‍. ഇക്കാര്യത്തില്‍ ഇന്ത്യ തങ്ങളുടെ ആശങ്ക നിരന്തരം അറിയിച്ചു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ കൊല്ലം ഓഗസ്റ്റില്‍ ചുമതലയേറ്റതിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ യൂനസ് നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ബംഗ്ലാദേശിന് ഇന്ത്യയല്ലാതെ മറ്റൊരു മികച്ച അയല്‍രാജ്യമില്ലെന്ന് ഇക്കൊല്ലം മാര്‍ച്ചില്‍ ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എപ്പോഴും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ബംഗ്ലാദേശ് ബന്ധം മോശമാകാന്‍ യാതൊരു കാരണവുമില്ല. തങ്ങളുടെ ബന്ധം ഏറെ അടുപ്പമുള്ളതാണ്. തങ്ങളുടെ പരസ്‌പരാശ്രിതത്വവും വളരെ ഉയര്‍ന്നതും ഏറെ കാലമായി തുടരുന്നതുമാണ്.ചരിത്രപരമായും രാഷ്‌ട്രീയമായും സാമ്പത്തികമായും തങ്ങള്‍ തമ്മില്‍ വളരെ അഗാധമായ ബന്ധമാണ്. അതില്‍ നിന്ന് തങ്ങള്‍ക്ക് വ്യതിചലിക്കാനാകില്ലെന്നും യൂനസ് പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ബിംസ്റ്റെക് ഉച്ചകോടിക്കിടെ ബാങ്കോക്കില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും യൂനസും തമ്മില്‍ ആദ്യമായി ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ യോഗത്തില്‍ മോദി ശക്തമായി ശബ്‌ദമുയര്‍ത്തി. രാജ്യം അടിയന്തരമായി പാര്‍ലമെന്‍ററി ജനാധിപത്യത്തിലേക്ക് തിരികെ പോകണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹസീന ഭരണത്തിന് പിന്നാലെ ബംഗ്ലാദേശിലുണ്ടായ ഭരണ സംവിധാനത്തോട് പൊരുത്തപ്പെടാനുള്ള ഇന്ത്യയുടെ വൈമുഖ്യവും ചര്‍ച്ചയില്‍ ഇന്ത്യ തുറന്ന് കാട്ടി. ദക്ഷിണേഷ്യയിലെ രണ്ട് പ്രധാന രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ഭാവിയും ചര്‍ച്ചയായി.

ബംഗ്ലാദേശ് രാഷ്‌ട്രീയം അസ്ഥിരമായി തുടരുകയാണ്.നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി എന്ന പേരില്‍ ഒരു രാഷ്‌ട്രീയ കക്ഷി രൂപീകൃതമായിട്ടുണ്ട്. രാജ്യത്തെ പ്രധാന പ്രതിപക്ഷകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും മറ്റ് പാര്‍ട്ടികളും രാജ്യത്ത് അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ യൂനസ് ഇത് വൈകിപ്പിക്കുകയാണ്. വിവിധ മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2026 ഏപ്രില്‍ ആദ്യ പകുതിയിലെ ഏത് ദിവസം വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താമെന്നൊരു പ്രഖ്യാപനം ഇപ്പോള്‍ യൂനസില്‍ നിന്നുണ്ടായിട്ടുണ്ട്.

ബംഗ്ലാദേശില്‍ തുടരുന്ന രാഷ്‌ട്രീയ അനിശ്ചിതത്വം ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദന തന്നെയാണ്. അതിനിടെയുള്ള യൂനസിന്‍റെ ഈ മാമ്പഴ സമ്മാനത്തെ ഇന്ത്യ എങ്ങനെ വീക്ഷിക്കു മെന്നതാണ് കാര്യം.ഇതൊരു സാധാരണ നടപടി മാത്രമാണെന്നാണ് ബംഗ്ലാദേശിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി പിനാക് രഞ്ജന്‍ ചക്രവര്‍ത്തി വിലയിരുത്തുന്നത്. ഇത് കേവലമൊരു പ്രതീകാത്മക നടപടിയാണ്. അതിനപ്പുറം യാതൊന്നുമില്ലെന്നും ചക്രവര്‍ത്തി ഇടിവി ഭാരതിനോട് പറഞ്ഞു. മുമ്പും ഇതൊക്കെ ഉണ്ടായിട്ടുണ്ട്.

ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വികസ്വര രാജ്യങ്ങളിലെ ഗവേഷണത്തിനും വിവര വിനിമയ സംവിധാനം പ്രൊഫസര്‍ പ്രബീര്‍ ദെയും ഇതേ കാഴ്‌ചപ്പാട് തന്നെയാണ് പങ്കുവച്ചത്. ഇതൊരു സാധാരണ ചടങ്ങാണ്. ഇതില്‍ വലിയ കാര്യമൊന്നുമില്ല. മോദി ഇനി ഈദ് ഉല്‍ ആധ ആശംസകള്‍ യൂനിസിന് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എങ്കിലും അവശേഷിക്കുന്ന ചോദ്യം ഇതാണ്, തന്ത്രങ്ങള്‍ പാളുമ്പോളുമ്പോള്‍ മധുരം വിജയിക്കുമോ? ഇതിനുത്തരം കാലം നല്‍കുമായിരിക്കും.


Read Previous

തൊഴിലാളി ദൗര്‍ലഭ്യം: ഇന്ത്യയില്‍ നിന്ന് പത്ത് ലക്ഷം നൈപുണ്യ തൊഴിലാളികളെ ലക്ഷ്യമിട്ട് റഷ്യ

Read Next

താമസ നിയമലംഘനം”ഒരാഴ്ചക്കുള്ളിൽ സൗദിയില്‍ 21,058 പ്രവാസികൾ പിടിയിൽ, കർശന പരിശോധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »