ബിസ്മിൽ–അഷ്ഫാഖ് സൗഹൃദം മതേതര ഇന്ത്യയുടെ മാതൃക: മൻസൂർ പള്ളൂർ,രാജ്യത്തിന്റെ 80-ാം മത് സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ റിയാദ് ഒ.ഐ.സി.സി ആഘോഷിച്ചു


റിയാദ്: സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട മതേതരവും ഐക്യപൂർണവുമായ ഇന്ത്യയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് എഴുത്തുകാരനും ചിന്തകനും ഐ.ഒ.സി മിഡിൽ ഈസ്റ്റ് കൺവീനറുമായ മൻസൂർ പള്ളൂർ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളും സന്ദേശങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷ ത്തിന്റെ ഭാഗമായി ബത്ഹ സബർമതിയിൽ സംഘടിപ്പിച്ച ‘ആസാദി @ 79’ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമരത്തിലെ റാം പ്രസാദ് ബിസ്മിലും അഷ്ഫാഖുള്ള ഖാനും തമ്മിലുള്ള ആത്മബന്ധം മതസൗഹാർദ്ദത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ഉജ്ജ്വല മാതൃകയാണെന്ന് മൻസൂർ പള്ളൂർ പറഞ്ഞു. മതത്തിന്റെ അതിർവരമ്പുകൾക്കപ്പുറം രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നു ഇരുവരുടെയും ലക്ഷ്യം. കാക്കോരി സംഭവത്തെ തുടർന്ന് ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷയ്ക്ക് വിധേയരാക്കിയ ഈ യുവ വിപ്ലവകാരികളുടെ സൗഹൃദവും ത്യാഗവും ഇന്ത്യയുടെ മതേതര പൈതൃകത്തിലെ വിലപ്പെട്ട അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജി, നെഹ്റു, പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് തുടങ്ങിയ പ്രമുഖർക്കൊപ്പം ചരിത്രത്തിൽ വേണ്ടത്ര ഓർമ്മിക്കപ്പെടാതെ പോയ അനേകം സ്വാതന്ത്ര്യസമര സേനാനികളെയും പുതുതലമുറ പരിചയപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതവിദ്വേഷവും ജാതീയ വേർതിരിവുകളും അവസാനിപ്പിച്ച് എല്ലാവർക്കും തുല്യ അവകാശങ്ങളുള്ള ഇന്ത്യയെ അടുത്ത തലമുറയ്ക്ക് കൈമാറുന്നതാണ് സ്വാതന്ത്ര്യസമര സേനാനികൾക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരമെന്നും മൻസൂർ പള്ളൂർ പറഞ്ഞു. സ്വാതന്ത്ര്യം അതിർത്തികളിൽ മാത്രം സംരക്ഷിക്കേണ്ടതല്ലെന്നും ഓരോ മനുഷ്യന്റെയും മനസ്സിലും ചിന്തയിലും സംരക്ഷിക്കേണ്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ചടങ്ങിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ നാദിർഷാ റഹ്മാൻ ആമുഖ പ്രഭാഷണം നടത്തി. ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, റഷീദ് കൊളത്തറ, അബ്ദുള്ള വല്ലാഞ്ചിറ, ഷിഹാബ് കൊട്ടുകാട്, ഷമീർ മാളിയേക്കൽ, രഘുനാഥ് പറശ്ശിനിക്കടവ്, മാള മുഹിയുദ്ധീൻ, സൈഫ് കായംകുളം, അബ്ദുൽ കരീം കൊടുവള്ളി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സോണി പാറക്കൽ സ്വാഗതവും ബഷീർ കോട്ടക്കൽ നന്ദിയും രേഖപ്പെടുത്തി.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പ്രവർത്തകർക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മലപ്പുറം ജില്ലയിലെ ജൈസൽ വാണിയമ്പലം ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലയിലെ റിയാസ് ആസാദ് രണ്ടാം സ്ഥാനവും, മലപ്പുറം ജില്ലയിലെ ജംഷീർ ചെറുകാട് മൂന്നാം സ്ഥാനവും, അജ്നാസ് എറണാകുളം നാലാം സ്ഥാനവും കരസ്ഥമാക്കി. പ്രോഗ്രാം കൺവീനർ നാദിർഷാ റഹ്മാൻ മത്സരം നിയന്ത്രിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഒ.ഐ.സി.സിയുടെ പൊതുപരിപാടിയിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി നേതാക്കളും പ്രവർത്തകരും കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തിയത്. ചടങ്ങിൽ ഒ.ഐ.സി.സി ഗ്ലോബൽ, നാഷണൽ, സെൻട്രൽ, ജില്ലാ ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കാളികളായി.

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഐ.ഒ.സി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ സംസാരിക്കുന്നു.


Read Previous

നടന്‍ ദേവന്‍ ബിജെപി വിട്ടു; അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »