ജീവിത പ്രതിസന്ധികളോട് മല്ലിട്ടപ്പോഴും മനസ് അങ്കത്തട്ടിൽ; വീണിടത്ത് നിന്നും കൈപ്പിടിച്ചുയർത്തിയത് കളരി മുറകൾ, ഒടുക്കം പ്രകാശനിപ്പോൾ ‘പ്രകാശൻ ഗുരുക്കൾ’


കണ്ണൂര്‍: ഒരിക്കലും ചലന ശേഷി വീണ്ടു കിട്ടില്ലെന്ന് കരുതിയയിടത്ത് നിന്ന് തിരിച്ചു വന്നതാണ് കണ്ണൂരിനടുത്ത് കോട്ടൂരിലെ പ്രകാശന്‍. ചെറുപ്പത്തില്‍ കളരി പഠിച്ച പ്രകാശന്‍ കളരി ഗുരുക്കളാകുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയതല്ല. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ നെയ്‌ത്ത് തൊഴിലാളിയായ അച്ഛന്‍ ചെറിയ കടവില്‍ കൃഷ്‌ണൻ്റെ ആകസ്‌മിക വിയോഗത്തോടെ കുടുംബം കടുത്ത ദാരിദ്രത്തിലായി.

അമ്മ രോഹിണി കൂലിപ്പണിക്ക് പോയാല്‍ കിട്ടുന്ന തുച്ഛമായ തുക കൊണ്ട് അഞ്ച് മക്കളെ പോറ്റാന്‍ നിവൃത്തിയില്ലാതായി. പട്ടിണി മാറ്റാന്‍ ആണ്‍മക്കളെല്ലാം പഠനത്തോടൊപ്പം ബീഡി തെറുപ്പിന് പോയി. അതിനിടെയാണ് പ്രകാശന്‍ കളരിയോടുള്ള താത്‌പര്യത്തെ കുറിച്ച് അമ്മാവനായ ഗംഗാധരന്‍ ഗുരുക്കളോട് പറയുന്നത്.

അമ്മാവന്‍ പച്ചക്കൊടി കാട്ടിയതോടെ കളരിയില്‍ നിന്നും ബാലപാഠങ്ങള്‍ ഗ്രഹിച്ചു. പെരളശേരിയിലെ പ്രധാന കളരി ആശാനായ കൃഷ്‌ണന്‍ ഗുരുക്കളില്‍ നിന്നും അടുത്ത ഘട്ടം സ്വായത്തമാക്കി. എന്നാല്‍ അതിനിടെ ദാരിദ്ര്യം മറികടക്കാന്‍ കോണ്‍ക്രീറ്റ് പണിയിലേക്ക് മാറാന്‍ പ്രകാശന്‍ തീരുമാനിച്ചു. കണ്ണൂര്‍-പടന്ന പാലത്തെ വാര്‍ക്കപ്പണിക്കിടയില്‍ പ്രകാശനെ തേടിയെത്തിയത് വന്‍ ദുരന്തമായിരുന്നു. പലക വലിക്കുമ്പോള്‍ കോണ്‍ക്രീറ്റ് തകര്‍ന്ന് വീണത് പ്രകാശൻ്റെ മേലെയായിരുന്നു.

തലയൊഴിച്ച് ശരീരം മുഴുവന്‍ കോണ്‍ക്രീറ്റിനടിയില്‍ പെട്ടു. പുറത്തെടുക്കാന്‍ കഴിയാത്ത വിധം പ്രകാശന്‍ അതില്‍ മൂടിപ്പോയി. ചെറിയ തുരങ്കമിട്ടാണ് പ്രകാശനെ പുറത്തെടുത്തത്. ജില്ലാ ആശുപ ത്രിയില്‍ എത്തിച്ചെങ്കിലും അരക്ക് താഴെ തളര്‍ന്ന നിലയിലായിരുന്നു അദ്ദേഹം.

ബോധം തിരിച്ച് കിട്ടാന്‍ ഒരാഴ്‌ചയോളം വേണ്ടി വന്നു. ഒടുവില്‍ കണ്ണൂര്‍ ജില്ലയിലെ സഹകരണ ആശുപ ത്രിയില്‍ ചലനമറ്റ നിലയില്‍ ദിവസങ്ങളോളം കഴിയേണ്ടി വന്നു. നട്ടെല്ലിന് ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടു വരിക യായിരുന്നു. ഒരു വര്‍ഷത്തോളം ആയുര്‍വേദ ചികിത്സ നടത്തി.

ഒടുവിൽ പതിയെ എഴുന്നേറ്റ് നില്‍ക്കാനും ചുവട് വയ്‌ക്കാനും തുടങ്ങി. പിന്നെ ഒരു വര്‍ഷക്കാലം ഒതുങ്ങി നിന്ന കളരിയെ പുറത്തെടുത്തു. ഒപ്പം കളരി ചികിത്സയും നടത്തി. തനിക്ക് പുനര്‍ജ്ജന്മം നല്‍കിയ കളരി യേയും ചികിത്സയേയും പ്രകാശന്‍ കൈവിട്ടില്ല. ചിറക്കലെ ഗോവിന്ദന്‍ ഗുരുക്കളില്‍ നിന്നും കളരിയുടെ കൂടുതല്‍ പാഠങ്ങള്‍ പഠിച്ചു. ഒപ്പം കളരിയും ചികിത്സയും തുടര്‍ന്നു.

അങ്ങനെ വെറും പ്രകാശന്‍ നാട്ടുകാരുടെ പ്രകാശന്‍ ഗുരുക്കളായി.1999ല്‍ കോട്ടൂരില്‍ ജ്യോതിസ് കളരി സംഘം എന്ന പേരില്‍ കളരി ഉയര്‍ന്നു. അപകടം മൂലവും മറ്റും നിവര്‍ന്ന് നില്‍ക്കാന്‍ ആകാത്തവരെ ചികിത്സിച്ചു ഭേദമാക്കാന്‍ തുടങ്ങി. പ്രത്യേകം കളരി സജ്ജമാക്കി രാവിലേയും വൈകീട്ടും കുട്ടികളെ കളരി പരിശീലിപ്പിക്കലും ആരംഭിച്ചു. മെയ്‌പ്പയറ്റ്, കോല്‍ത്താരി, അംഗത്താരി, വാള്‍പ്പയറ്റ്, റിങ് ചാടല്‍, പന്തം വീശല്‍ എന്നിവയും പരിശീലിപ്പിക്കുന്നു.

ആയിരത്തിലധികം പേര്‍ക്ക് ഇതുവരെ പരിശീലനം നല്‍കി.പണം ഇല്ലെന്ന് കരുതി ആരും കളരി മോഹം വേണ്ടെന്ന് വയ്‌ക്കണ്ട. വിളക്ക് വയ്‌ക്കാനുള്ള വെളിച്ചെണ്ണ മാത്രമേ ഗുരുദക്ഷിണയായി ആശാന് വേണ്ടു ള്ളൂ. അപകടം മൂലം തളർന്ന് കിടക്കുന്നവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും കളരി ചികിത്സ നൽകി അവരെ തിരികെ ജീവിതത്തിലേക്ക നയിക്കുന്ന, ഫ്രീയായി കളരി പഠിപ്പിക്കുന്ന കോട്ടൂരു കാരുടെ സ്വന്തം കളരിയാശാനാണ് പ്രകാശന്‍ ഗുരുക്കള്‍.

മന്ത്രിമാരും വിദേശികളും പ്രകാശൻ്റെ കളരിയില്‍ എത്തുന്നു. ഇന്നും കളരിയെ ബിസിനസാക്കാന്‍ തയാറാകാത്ത പ്രകാശന് ഗുരുദക്ഷിണയായി പഠിതാക്കള്‍ നല്‍കുന്നത് വിളക്ക് വയ്‌ക്കാനുള്ള വെളി ച്ചെണ്ണ മാത്രമാണ്. കേരളത്തിന് പുറമെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും അദ്ദേഹം കളരി പ്രദര്‍ശനം നടത്തി വരുന്നു. ശിഷ്യന്മാരാകട്ടെ ജില്ലാ സംസ്ഥാന തലങ്ങളില്‍ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടുന്നു. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ കളരി പരിശീലിപ്പിക്കണമെന്നാണ് പ്രകാശന്‍ ഗുരുക്കള്‍ പറയുന്നത്.

സ്വന്തം ജീവിതത്തിൽ നിന്ന് വലിയ പാഠങ്ങള്‍ പഠിച്ച്, ജീവിതത്തിനും മരണത്തിനുമിടയില്‍ നിന്ന് പുനര്‍ജ്ജനി നേടിയയാളാണ് പ്രകാശന്‍ ഗുരുക്കള്‍. ഒരിക്കലും എഴുന്നേറ്റ് നടക്കില്ലെന്ന് വിധിയെഴുതിയ വർക്ക് മുന്നിൽ ഇച്ഛാശക്തിയും ആത്മവിശ്വാസവും കൊണ്ട് തിരികെ ജീവിതത്തിലേക്ക് പിച്ചവച്ച് കയറി യയാളാണ് പ്രകാശൻ. ഇന്ന് ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ജനതയ്‌ക്ക് ഇദ്ദേഹം പ്രതീക്ഷയുടെ വെളിച്ചമാണ്.

എന്നാല്‍ പ്രായമായവര്‍ക്കും അതനുസരിച്ചുള്ള കളരി പരിശീലനം നടത്താമെന്നും അതുവഴി ആരോഗ്യം നിലനിര്‍ത്താമെന്നും പ്രകാശന്‍ പറയുന്നു. ഉഴിച്ചില്‍, ധാര, കിഴി എന്നിവയും പക്ഷാഘാതം, വാതം എന്നീ ചികിത്സകള്‍ക്കും പ്രകാശനെ തേടി ആളുകളെത്തുന്നു. പ്രകാശൻ്റെ ഭാര്യ റീനയും കളരി ചികിത്സയില്‍ സഹായിയായി ഒപ്പമുണ്ട്.


Read Previous

സൗദിയിൽ ബേസിൽ ചിത്രം ‘മരണമാസ്’ നിരോധിച്ചു; റീ എഡിറ്റ് ചെയ്യണമെന്ന് കുവൈറ്റ്

Read Next

ഹിന്ദി അടിച്ചേൽപ്പിക്കൽ; ഫഡ്‌നാവിസിന്റെ നിലപാട് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എംകെ സ്‌റ്റാലിൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »