ജനഹിതം അറിയാൻ ഇനി നാലു നാളുകൾ കൂടി; വോട്ടെണ്ണലിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ


തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഉദ്യോഗസ്ഥർക്കുള്ള അവസാനഘട്ട പരിശീലനം വെള്ളിയാഴ്ചയോടെ പൂർത്തിയാകും. മെയ് നാലിന് തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക.

ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണും. തുടർന്നാണ് ഇവിഎമ്മിലെ വോട്ടുകൾ എണ്ണുക. ഇവിഎമ്മിന്റെ എണ്ണം അടിസ്ഥാനമാക്കിയാണ് കൗണ്ടിങ്ങിന് മേശകൾ ക്രമീകരിക്കുക. ഒരു ഹാളിൽ ഏഴുമുതൽ 14 വരെ മേശയൊരുക്കും. ഓരോ മേശയ്ക്കുസമീപവും ബാരിക്കേഡിനടുത്ത് പ്രത്യേകം തയ്യാറാക്കുന്ന സ്ഥലത്ത് വോട്ടെണ്ണൽ നിരീക്ഷിക്കാൻ കൗണ്ടിങ് ഏജന്റുമാരെ രാഷ്ട്രീയപ്പാർട്ടികൾക്ക് നിയോഗിക്കാം.

പോസ്റ്റൽ വോട്ട്, സർവീസ് വോട്ട് എന്നിവ എണ്ണുന്ന മേശയ്ക്കടുത്തും സമാന സൗകര്യം ഉണ്ടാകും. ഒരേസമയം എല്ലാമേശകളിലെയും ഇ.ലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണുന്ന ഹാളിന്റെ മേൽനോട്ടത്തിന് ഒരു ഉപവരണാധികാരിയുണ്ടാകും.വോട്ടെണ്ണൽ തുടങ്ങാൻ നിശ്ചയിച്ച സമയത്തിനുശേഷം കിട്ടുന്ന പോസ്റ്റൽ ബാലറ്റുകൾ അടങ്ങിയ കവറുകൾ തുറക്കില്ല.

നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന തപാൽ ബാലറ്റുകൾ നിരസിച്ച് പ്രത്യേകം പാക്കറ്റിൽ സീൽ ചെയ്ത് സൂക്ഷിക്കും. ഡിക്ലറേഷൻ ഇല്ലാതിരിക്കുക, അതിൽ ഒപ്പിട്ട് സാക്ഷ്യപ്പെടുത്താതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ ബാലറ്റ് പേപ്പർ നിരസിക്കാൻ വരണാധികാരിക്ക് അധികാരമുണ്ട്.


Read Previous

ലോഡ് ഷെഡിങ് ഇനി അധിക നാൾ ഉണ്ടാവില്ല, കൂടംകുളത്ത് നിന്ന് 200 മെ​ഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങി

Read Next

എക്സിറ്റ്പോൾ ഫലങ്ങൾ ഇന്ന് ; ഉത്കണ്ഠയിൽ മുന്നണികൾ; ആരു വാഴും?, ആരു വീഴും?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »