ഇന്ത്യക്കാര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ സൗജന്യ യുഎഇ വിസ; അവധിക്കാല ഓഫറുമായി അബുദാബി


അബുദാബി: ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുമായി അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ്. നിശ്ചിത ട്രാവല്‍ പങ്കാളികള്‍ വഴി അബുദാബിയിലേക്ക് ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് യുഎഇ എന്‍ട്രി വിസ സൗജന്യമായി നല്‍കും.

ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് ഈ സ്‌പെഷ്യല്‍ ഓഫര്‍. ആദ്യ ഘട്ടത്തില്‍ പൈലറ്റ് പദ്ധതിയുടെ ഭാഗമായി 20,000 വിസകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഓഫറിന് യോഗ്യത നേടുന്നതിന് ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

അബുദാബിയിലെ ഹോട്ടലില്‍ കുറഞ്ഞത് തുടര്‍ച്ചയായി മൂന്ന് രാത്രികള്‍ താമസം ബുക്ക് ചെയ്തിരിക്കണം. ഇന്ത്യയില്‍ നിന്നുള്ള റിട്ടേണ്‍ വിമാന ടിക്കറ്റ് ഉണ്ടായിരിക്കണം. പദ്ധതിയില്‍ പങ്കാളികളായിട്ടുള്ള അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ആയിരിക്കണം പാക്കേജ് ബുക്ക് ചെയ്യേണ്ടത്.

വ്യക്തിഗതമായി അപേക്ഷിക്കുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കില്ല. അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്ക് ചെയ്യുന്ന പാക്കേജുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വരുന്ന എന്‍ട്രി വിസ തുക പൂര്‍ണമായും അബുദാബി സംസ്‌കാരിക വിനോദസഞ്ചാര വകുപ്പാണ് വഹിക്കുന്നത്.

ട്രാവല്‍ ഏജന്‍സികള്‍ക്ക് രണ്ട് രീതിയില്‍ ഈ പദ്ധതിയുടെ ഭാഗമാകാം.ഡിസിടി ചുമതലപ്പെടുത്തിയ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനി വഴി നേരിട്ട് വിസ ചെലവുകള്‍ ഡിസിടി വഹിക്കും. മറ്റ് ഡിഎംസി പങ്കാളികള്‍ വഴിയാണ് ചെയ്യുന്നതെങ്കില്‍, അനുവദിക്കുന്ന ഓരോ വിസയ്ക്കും 285 ദിര്‍ഹം വീതം ഡിസിടി തിരികെ നല്‍കും.

ഇന്ത്യ അബുദാബിയുടെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിനോദസഞ്ചാര വിപണിയാണെന്നും ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് അബുദാബിയിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കാനും ചെലവ് കുറയ്ക്കാനും ഈ നീക്കം സഹായിക്കുമെന്നും ഡിസിടി അബുദാബി ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ അബ്ദുള്ള യൂസഫ് വ്യക്തമാക്കി.


Read Previous

‘അർജുൻ ആയങ്കി സിപിഎമ്മുകാരനല്ല; അയാളെ പിന്തുണയ്ക്കുന്നവർ പാർട്ടി പ്രവർത്തകരല്ല’: തള്ളിപ്പറഞ്ഞ് ഇപി ജയരാജൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »