ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് പൂർണമായും അടച്ചുപൂട്ടും’; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി


ടെഹ്റാൻ: തങ്ങളുടെ ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചുപൂട്ടുമെന്നു അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ റെവല്യൂഷണറി ​ഗാർഡ് കോറാണ് മുന്നറിയിപ്പ് നൽകിയത്. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെയാണ് ഇറാന്റെ മറുപടി.

ഊർജ്ജ നിലയങ്ങൾ തകർത്താൽ അത് പുനർനിർമിക്കുന്നതു വരെ ഹോർമുസ് തുറക്കില്ലെന്നു ഇറാൻ സൈനിക കമാൻഡർ പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാൻ 48 മണിക്കൂറിനകം നിർണായക കപ്പൽ പാത തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ സംവിധാനങ്ങളെ തുടച്ചുനീക്കുമെന്നായിരുന്നു ട്രംപിന്റെ അന്ത്യ ശാസനം. ഇതിന് പിന്നാലെയാണ് ഇറാന്റെ പുതിയ താക്കീത് വരുന്നത്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ആരംഭിച്ച യുദ്ധത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഫലത്തിൽ അടച്ചിട്ടിരിക്കുകയാണ്.

ഇസ്രയേലിനും മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കും നേരെ ഇതിനകം തന്നെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിക്കഴിഞ്ഞു. ഇസ്രയേലിന്റെ ഊർജ്ജ, വാർത്താവിനിമയ മേഖലകളെയും അമേരിക്കൻ സൈനിക താവളങ്ങളുള്ള മറ്റ് രാജ്യങ്ങളിലെ സംവിധാനങ്ങളെയും ലക്ഷ്യം വെക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലോകത്തെ ആകെ എണ്ണയുടെയും എൽഎൻജിയുടെ ഏകദേശം 20 ശതമാനവും ഹോർമുസ് പാതയിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ യുദ്ധം ആരംഭിച്ചതോടെ ഇവിടത്തെ കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു. കപ്പൽ ഗതാഗത ഡാറ്റാ സ്ഥാപനമായ കെപ്ലറുടെ കണക്കുകൾ പ്രകാരം, സാധാരണ നിലയിലുള്ള ഗതാഗതത്തിന്റെ വെറും 5 ശതമാനം മാത്രമാണ് ഇപ്പോൾ കടലിടുക്കിലൂടെ നടക്കുന്നത്.

തങ്ങളുടെ മുന്നറിയിപ്പുകൾ അവഗണിച്ച പല കപ്പലുകളെയും ഇറാൻ സൈന്യം ലക്ഷ്യം വെച്ചിട്ടുണ്ട്. തങ്ങളുമായി സൗഹൃദത്തിലുള്ള രാജ്യങ്ങളിലെ ചില കപ്പലുകളെ കടന്നുപോകാൻ അനുവദിക്കുന്നുണ്ടെങ്കിലും അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ തടയുമെന്നാണ് ഇറാന്റെ നിലപാട്. കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പുതിയ നിയന്ത്രണ നടപടികളും ഇറാനിയൻ അധികൃതർ പരിഗണിക്കുന്നുണ്ടെന്നാണ് വാർത്തകൾ.


Read Previous

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങളിൽ ആക്രമണം അരുത്; ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി അറബ് രാജ്യങ്ങൾ

Read Next

ബൂഷെഹർ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായാൽ വൻ ദുരന്തം: മുന്നറിയിപ്പുമായി ഇറാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »