‘നിങ്ങൾ തീരുമാനമെടുത്തില്ലെങ്കിൽ ഞങ്ങൾ തീരുമാനിക്കും’; ധാരാ സിങിൻറെ ശിക്ഷാ ഇളവിൽ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം


ന്യൂഡൽഹി: ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതി ധാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ അവസാന അവസരം. സെപ്റ്റംബർ രണ്ടിനകം ഒഡീഷ സെന്റൻസ് റിവ്യൂ ബോർഡ് തീരുമാനമെടുത്തില്ലെങ്കിൽ കോടതി നേരിട്ട് തീരുമാനമെടുക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ”

ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് 19-നകം ധാരാ സിംഗിന്റെ അകാല മോചനത്തിൽ തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് വീണ്ടും പരിഗണിച്ചപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ അറിയിക്കുകയും ജയിൽ ഡയറക്ടറേറ്റ് ജനറലിന്റെ ഒരു കത്ത് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ച റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാരിൽ നിന്നും ജയിൽ അധികൃതരിൽ നിന്നും ലഭിക്കാൻ ബാക്കിയുണ്ടെന്നായിരുന്നു സർക്കാർ വിശദീകരണം.

തീരുമാനമെടുക്കുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയും ഒഴിഞ്ഞുമാറലും കോടതിക്ക് സഹിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് മനോജ് മിശ്ര വാക്കാൽ വ്യക്തമാക്കി. നിങ്ങൾക്ക് എന്താണോ തീരുമാനിക്കേണ്ടത് അത് അടിയന്തരമായി തീരുമാനിക്കുക, അല്ലാത്തപക്ഷം കോടതി തന്നെ തീരുമാനമെടുക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ 26 വർഷത്തിലേറെയായി തടവിൽ കഴിയുന്ന വ്യക്തിയുടെ അപേക്ഷയിൽ തീരുമാനമെടുക്കാനാണ് പലതവണ കേസ് മാറ്റിവെച്ചതെന്നും ബെഞ്ച് നിരീക്ഷിച്ചു.

താൻ 25 വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞുവെന്നും തനിക്ക് ശിക്ഷാ ഇളവ് ലഭിക്കാൻ അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ധാരാ സിങ് സുപ്രീം കോടതിയെ സമീപിച്ചത്. വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യപ്പെട്ട തടവുകാർക്ക് 25 വർഷത്തെ തടവ് പൂർത്തിയാക്കിയാൽ ശിക്ഷാ ഇളവ് പരിഗണിക്കാമെന്ന് ഒഡീഷ സർക്കാരിന്റെ നയത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അഭിഭാഷകരായ ഹരിശങ്കർ ജെയിൻ, വിഷ്ണു ശങ്കർ ജെയിൻ എന്നിവർ മുഖേന സമർപ്പിച്ച ഹർജിയിൽ, യുവത്വത്തിലെ രോഷം കൊണ്ടാണ് താൻ കുറ്റകൃത്യം ചെയ്തതെന്നും ഇപ്പോൾ ചെയ്ത തെറ്റുകളിൽ പശ്ചാത്തപിക്കുന്നു വെന്നും ധാരാ സിങ് വ്യക്തമാക്കിയിട്ടുണ്ട്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയച്ച സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് പരിഷ്കരണാത്മക ശിക്ഷാ രീതിയുടെ ഭാഗമായി തന്നെ മോചിപ്പിക്കണമെന്ന് പ്രതി ആവശ്യപ്പെടുന്നത്. 1999 ജനുവരി 22-ന് ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലുള്ള മനോഹർപൂർ ഗ്രാമത്തിൽ വെച്ച് വാഹനത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ പത്തും ആറും വയസ്സുള്ള ആൺമക്കളെയും ധാരാ സിങിൻറെ നേതൃത്വത്തിലുള്ള അക്രമിസംഘം ചുട്ടുകൊല്ലുകയായിരുന്നു.


Read Previous

വികസന കുതിപ്പില്‍ വിഴിഞ്ഞം, ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; ഇനി കരമാര്‍ഗവും ചരക്കുനീക്കം

Read Next

തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്ത്; അമ്മയും മകനും അടക്കം നാലുപേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »