ജുബൈൽ മലയാളി സമാജം ലേഡീസ് വിംഗും കിംസ് ഹോസ്പിറ്റലും സംയുക്തമായി നഴ്സസ് ദിനം ആഘോഷിച്ചു


ജുബൈൽ: നഴ്സുമാരുടെ നിസ്തുലമായ സേവനങ്ങളെയും സമർപ്പണത്തെയും ആദരിക്കുന്നതിനായി ജുബൈൽ മലയാളി സമാജം ലേഡീസ് വിംഗും കിംസ് ഹോസ്പിറ്റലും സംയുക്തമായി അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. കിംസ് ഹോസ്പിറ്റൽ ഹാളിൽ സംഘടിപ്പിച്ച പരിപാടി നഴ്സിംഗ് മേഖലയിലെ സേവനങ്ങളെ വാഴ്ത്തുന്ന വേദിയായി മാറി.

മലയാളി സമാജം ലേഡീസ് വിംഗ് പ്രസിഡന്റ് ആശ ബൈജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി നീതു രാജേഷ് സ്വാഗതം ആശംസിച്ചു. കിംസ് ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് ജോയ്‌സി പരിപാടി ഉദ്ഘാടനം ചെയ്തു. “സ്നേഹവും കരുതലും നിറഞ്ഞ സേവനത്തിലൂടെ മനുഷ്യ ജീവിതങ്ങൾക്ക് ആശ്വാസമാകുന്നവരാണ് നഴ്സുമാർ. ആരോഗ്യരംഗത്തിന്റെ നെടുംതൂണുകളായ ഇവരുടെ സേവനം സമൂഹം എപ്പോഴും ആദരിക്കേണ്ടതാണ്” എന്ന് അവർ അഭിപ്രായപ്പെട്ടു.

ജുബൈൽ ജനറൽ ഹോസ്പിറ്റൽ, അൽമന ഹോസ്പിറ്റൽ, റോയൽ കമ്മീഷൻ ഹോസ്പിറ്റൽ, മുഅസത് ഹോസ്പിറ്റൽ, കിംസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള നഴ്സുമാരും വിവിധ സ്ഥാപനങ്ങളിലെ ഇൻഡസ്ട്രിയൽ നഴ്സുമാരും ആഘോഷത്തിൽ പങ്കുചേർന്നു. ചടങ്ങിൽ സിസ്റ്റർമാരായ ലിനി, ധന്യ, എൽസി, മറിയാമ്മ, ബിബി, ചിത്രലേഖ, ഇൻഡസ്ട്രിയൽ നഴ്സുമാരായ പ്രദീപ്, ജിനീഷ് എന്നിവർ നഴ്സിംഗ് മേഖലയിലെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവെച്ചു.

ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചും നഴ്സുമാർക്ക് ഉപഹാരങ്ങൾ കൈമാറിയും ദിനാഘോഷം വർണ്ണാഭമാക്കി. മലയാളി സമാജം പ്രസിഡന്റ് ബൈജു അഞ്ചൽ, സെക്രട്ടറി സന്തോഷ് ചക്കിങ്ങൽ, മുബാറക്, വൈസ് പ്രസിഡന്റ് എബി ജോൺ, ഷജീർ തച്ചൻപാറ, നവീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ലേഡീസ് വിംഗ് എക്സിക്യൂട്ടീവ് അംഗങ്ങൾ സമ്മാന വിതരണം നടത്തി. സിനി സന്തോഷ് നന്ദി രേഖപ്പെടുത്തി.


Read Previous

നന്മയുടെ പൊൻതിളക്കം; സൗദി അറേബ്യയിലെ വിവിധ ശാഖകളിൽ നഴ്സുമാർക്ക് ആദരമൊരുക്കി സിറ്റിഫ്ലവർ

Read Next

സെക്രട്ടറിയുടെ വിശദീകരണം ജനങ്ങള്‍ക്ക് മനസ്സിലാകുന്നതല്ല, സംഘടനാതലത്തില്‍ വീഴ്ച, അടിമുടി മാറണം; സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »