ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: അസാധാരണ പ്രവർത്തനമികവിലൂടെ പ്രവാസലോകത്ത് പ്രകാശമായി മാറുന്ന വനിതകളെ ആദരിക്കാനായി കേളി കുടുംബവേദി നൽകിവരുന്ന അഞ്ചാമത് ‘ജ്വാല അവാർഡ് 2026’ ഇത്തവണ റിയാദിലെ നഴ്സിങ് സമൂഹത്തിന് സമർപ്പിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കായി കഴിഞ്ഞ നാല് വർഷമായി നൽകിവരുന്ന അവാർഡാണ് ഈ വർഷം ആരോഗ്യ സേവന രംഗത്തെ നിസ്വാർത്ഥ സേവകരായ നഴ്സുമാർക്കായി മാറ്റിവെച്ചത്.

പ്രവാസ ലോകത്ത് ജനവിഭാഗങ്ങൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന 100 നഴ്സുമാരെ ആദരിച്ചുകൊണ്ടാണ് കേളി കുടുംബവേദി ഈ വർഷത്തെ ‘ജ്വാല അവാർഡ്’ സംഘടിപ്പിച്ചത്. പ്രമുഖ വ്യാപാര സ്ഥാപനമായ മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ ഷുബ്ര എക്സിറ്റ് 26-ലെ ഫ്ലെമിംഗോ മാളിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ പരിപാടി ദമാം നവോദയ കുടുംബവേദി ട്രഷറർ അനു രാജേഷ് ഉദ്ഘാടനം ചെയ്തു.
നഴ്സിങ് മേഖല കേവലം ഒരു ജോലി മാത്രമല്ല, മറിച്ച് അതൊരു മഹത്തായ ജീവിതസേവനമാണെന്ന് സമൂഹം കൂടുതൽ തിരിച്ചറിയേണ്ടതുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അനു രാജേഷ് ഓർമ്മിപ്പിച്ചു. നിരവധി മാനസിക-ശാരീരിക സമ്മർദങ്ങൾക്കിടയിലും രോഗികൾക്ക് സാന്ത്വനവും കരുതലും പകർന്നു നൽകുന്നവരാണ് നഴ്സുമാരെന്നും, അങ്ങനെയുള്ളവരെ സമൂഹമധ്യത്തിൽ ആദരിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അവർ കൂട്ടിച്ചേർത്തു.
കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായ്, ഗീവർഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
‘വുമൺ വിത്ത് എ ഫയർ’ (Woman with a Fire) എന്ന ഉദാത്തമായ ആശയം മുൻനിർത്തി സംഘടിപ്പിച്ച പരിപാടിയിൽ റിയാദ് നഗരത്തിന് പുറമെ അൽഖുവയ്യ, ദവാദ്മി, മജ്മ, അൽഖർജ് തുടങ്ങിയ ദൂരപ്രദേശങ്ങളിൽ നിന്നുള്ള 100 വനിതാ നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ ആരോഗ്യമേഖലയിൽ മികച്ച സേവനം കാഴ്ചവെച്ച പുരുഷ നഴ്സുമാർക്ക് എക്സലൻസ് അവാർഡും സമ്മാനിച്ചു.
അവാർഡ് വിതരണച്ചടങ്ങിനൊപ്പം കാണികളെ വിസ്മയിപ്പിച്ച വർണാഭമായ കലാപരിപാടികളും അരങ്ങേറി. നിർമിത ബുദ്ധിയുടെ (AI) സഹായത്തോടെ കേളി മാധ്യമവിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി തയ്യാറാക്കിയ വനിതാ ശാക്തീകരണത്തെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ ഏറെ ശ്രദ്ധ ആകർഷിച്ചു. കുടുംബവേദി അംഗങ്ങൾ, റിയാദിലെ പ്രശസ്ത നൃത്താധ്യാപകർ, കുട്ടികൾ, മുതിർന്നവർ എന്നിവർ അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികളും, കേളി ബത്ത ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞഹമ്മദ് വണ്ടൂരും സംഘവും അവതരിപ്പിച്ച ഒപ്പനയും ആഘോഷത്തിന് മാറ്റുകൂട്ടി.
വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം നടത്താനുമുള്ള വിപുലമായ സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. കേളി ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ടിന്റെ നേതൃത്വത്തിൽ ആകർഷകമായ സ്റ്റേജും ഡെക്കറേഷനും, വളണ്ടിയർ ക്യാപ്റ്റൻ റഫീക് ചാലിയത്തിന്റെ നേതൃത്വത്തിൽ നൂറോളം വളണ്ടിയർമാരും പരിപാടിയുടെ വിജയത്തിനായി അണിനിരന്നു.
സുകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രചാരണ വിഭാഗവും ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഭക്ഷണ കമ്മിറ്റിയും മികച്ച ഏകോപനം ഉറപ്പാക്കി. കുടുംബവേദിയുടെ ചരിത്രം വിളിച്ചോതുന്ന ചിത്രപ്രദർശനത്തിന് ജോയിന്റ് കൺവീനർ വർണ്ണ ബിനുരാജ് നേതൃത്വം നൽകി.
ജ്വാല 2026 കൺവീനർ ദീപാ രാജൻ, ചെയർപേഴ്സൺ സജീന വി.എസ്, സംഘാടക സമിതി ട്രഷറർ ഗീത ജയരാജ്, കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ്, സെക്രട്ടറി ഷഹീബ വി.കെ, ട്രഷറർ സീന സെബിൻ എന്നിവരടങ്ങുന്ന സമിതിയാണ് പരിപാടികൾക്ക് വിജയകരമായി നേതൃത്വം നൽകിയത്. കുടുംബവേദി സെക്രട്ടറി ഷഹീബ വി.കെ സ്വാഗതവും കൺവീനർ ദീപാ രാജൻ നന്ദിയും രേഖപ്പെടുത്തി.
