സലീം കുമാറിന്റെയും ഐ. സെമീലിന്റെയും നിര്യാണത്തിൽ പ്രവാസി വെൽഫെയർ അനുശോചിച്ചു


റിയാദ്: ദേശീയ പുരസ്കാര ജേതാവും പ്രശസ്ത ചലച്ചിത്ര താരവുമായ സലിം കുമാറിന്റെയും, പ്രമുഖ മാധ്യമ പ്രവർത്തകനും ചരിത്ര ഗവേഷകനുമായ ഐ. സെമീലിന്റെയും നിര്യാണത്തിൽ പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തി.

മിമിക്രി വേദികളിലൂടെ കടന്നുവന്ന് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യസാമ്രാട്ടായി മാറിയ സലിം കുമാർ, തന്റെ സ്വതസിദ്ധമായ ശൈലികൊണ്ട് മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഹാസ്യ വേഷങ്ങൾക്ക് പുറമെ മികച്ച സ്വഭാവ നടനായും തിളങ്ങിയ അദ്ദേഹം, ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലെ ഹൃദയസ്പർശിയായ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും കരസ്ഥമാക്കി. ‘അച്ഛനുറങ്ങാത്ത വീട്’, ‘കറുത്ത ജൂതൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ സീരിയസ് കഥാപാത്രങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. ചിരിയും ചിന്തയും ഉണർത്തിയ ഒട്ടേറെ കഥാപാത്രങ്ങൾ കൊണ്ട് അഭ്രപാളിയിലും, ശ്രദ്ധേയവും വ്യക്തവുമായ നിലപാടുകൾ കൊണ്ട് രാഷ്ട്രീയ-സാമൂഹിക ജീവിതത്തിലും തിളങ്ങിനിന്ന അദ്ദേഹത്തിന്റെ വിയോഗം സാംസ്കാരിക കേരളത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് കമ്മിറ്റി വിലയിരുത്തി.


മാധ്യമ പ്രവർത്തകനും ചരിത്ര ഗവേഷകനുമായ ഐ. സെമീലിന്റെ നിര്യാണത്തിലും സംഘടന ദുഃഖം രേഖപ്പെടുത്തി. സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന കാലത്ത് പ്രവാസി വെൽഫെയർ റിയാദിന്റെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. അന്വേഷണ കുതുകിയായ ഒരു പത്രപ്രവർത്തകന്റെയും അർപ്പണബോധമുള്ള ചരിത്ര ഗവേഷകന്റെയും വലിയൊരു വിടവാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ ഉണ്ടായിരിക്കുന്നത്. തന്റെ കൃത്യമായ നിലപാടുകളിലൂടെയും എഴുത്തിലൂടെയും സമൂഹത്തിൽ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.


ഇരു വ്യക്തിത്വങ്ങളുടെയും വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


Read Previous

ഫിലിപ്പൈൻസിൽ നടുക്കമായി ഭൂകമ്പം (തീവ്രത 7.8); തീരദേശങ്ങളിൽ സുനാമി ജാഗ്രത, ജനങ്ങളെ ഒഴിപ്പിക്കുന്നു.

Read Next

മാസപ്പടി കേസിൽ നിർണായക തിരിവ്; വീണ വിജയന് ഇഡി സമൻസ്, ജൂൺ 12-ന് ഹാജരാകണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »