മാസപ്പടി കേസിൽ നിർണായക തിരിവ്; വീണ വിജയന് ഇഡി സമൻസ്, ജൂൺ 12-ന് ഹാജരാകണം


കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. ജൂൺ 12ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകണം. ടി. വീണ അടക്കം ഒൻപത് പേർക്കാണ് ഇ.ഡി ഇന്ന് സമൻസ് അയക്കുന്നത്. സി.എം.ആർ.എൽ ഉദ്യോഗസ്ഥരടക്കം പട്ടികയിലുണ്ട്.

കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് സമർപ്പിച്ച കുറ്റപത്രത്തിലെ അനുബന്ധ രേഖകളുടെ പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാൻ കൊച്ചിയിലെ പ്രത്യേക (പി.എം.എൽ.എ )കോടതി ഉത്തരവിട്ടിരുന്നു. ഇ.ഡി. സമർപ്പിച്ച അപേക്ഷയിലായിരുന്നു നിർദ്ദേശം.സി.എം.ആർ.എല്ലും ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസും തമ്മിൽ കളളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. രേഖകളുടെ പകർപ്പ് ലഭിക്കുന്നതോടെ ചോദ്യം ചെയ്യലടക്കം തുടർ നടപടികൾ വേഗത്തിലാകും.

വീണയുടെ മൊഴിയും അക്കൗണ്ട് വിവരങ്ങളും സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിന്റെ വിവരങ്ങളും ഉൾപ്പെടെ കുറ്റപത്രത്തോടൊപ്പം എസ്.എഫ്.ഐ.ഒ സമർപ്പിച്ച മുഴുവൻ രേഖകളും നൽകണമെന്നാണ് നിർദ്ദേശം.പൊതുമേഖലാ പങ്കാളിത്തമുള്ള സി.എം.ആർ.എൽ ഇല്ലാത്ത സേവനത്തിന്റെ പേരിലും വായ്പയായും എക്‌സാലോജിക്കിന് 2.78 കോടി രൂപ കൈമാറിയതിലെ സാമ്പത്തിക വഞ്ചനയാണ് എസ്.എഫ്.ഐ.ഒ അന്വേഷിച്ചത്. തുടർന്ന് 54 വാല്യങ്ങളായി സമർപ്പിച്ച അന്തിമ റിപ്പോർട്ടിലെ 134 സെറ്റ് രേഖകളാണ് ഇ.ഡിക്ക് ലഭിക്കുക. അന്വേഷണം തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയ സാഹചര്യത്തിലാണ് രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി പി.എംഎൽ.എ കോടതിയെ സമീപിച്ചത്. ഇ.ഡിയുടെ ആവശ്യത്തെ എസ്.എഫ്.ഐ.ഒ എതിർത്തില്ല. സി.എം.ആർ.എല്ലിന്റെ എതിർപ്പ് കോടതി പരിഗണിച്ചതുമില്ല.


Read Previous

സലീം കുമാറിന്റെയും ഐ. സെമീലിന്റെയും നിര്യാണത്തിൽ പ്രവാസി വെൽഫെയർ അനുശോചിച്ചു

Read Next

സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും കർശന വിലക്ക്; നോർത്ത് സമരഗേറ്റും ബാരിക്കേഡ് വെച്ച് അടച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »