രാജീവ് ഗാന്ധി ദൂരദർശിയായ നേതാവ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു



റിയാദ്: മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 35-ാമത് അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ഹ സബർമതിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ശ്രദ്ധേയമായി. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നിരവധി പ്രവർത്തകരും ഒഐസിസി ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ദർശനങ്ങളും രാജ്യത്തിനായി നൽകിയ സംഭാവനകളും നേതാക്കൾ അനുസ്മരിച്ചു.


അനുസ്മരണ ചടങ്ങ് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ ആധുനിക സാങ്കേതിക യുഗത്തിലേക്ക് നയിച്ച ദൂരദർശിയായ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. യുവജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം വർധിപ്പിക്കുന്നതിലും, രാജ്യത്തിന്റെ ഐ.ടി. വികസനത്തിന് അടിത്തറ പാകുന്നതിലും രാജീവ് ഗാന്ധിയുടെ ഇടപെടലുകൾ നിർണായകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ സജീർ പുന്തുറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ ജീവിതം സമർപ്പിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യം നേരിടുന്ന സാമൂഹിക-രാഷ്ട്രീയ വെല്ലുവിളികളിൽ രാജീവ് ഗാന്ധിയുടെ ചിന്തകൾ ഇന്നും പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂർ ജില്ലാ പ്രസിഡന്റ് നാസർ വലപ്പാട് ആമുഖ പ്രഭാഷണം നടത്തി. ഇന്ത്യയുടെ ഗ്രാമീണ വികസനം, വിദ്യാഭ്യാസ മേഖല, സാങ്കേതിക മുന്നേറ്റം എന്നിവയിൽ രാജീവ് ഗാന്ധി നൽകിയ സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു. യുവ ഇന്ത്യയെ സ്വപ്നം കണ്ട നേതാവിന്റെ ആശയങ്ങൾ പുതിയ തലമുറകൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സീനിയർ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തിന്റെ ഐക്യവും സൗഹൃദവും കാത്തുസൂക്ഷിക്കാൻ രാജീവ് ഗാന്ധി നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ ശുചിത്വവും ജനസേവന മനോഭാവവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹമെന്നും ഓർമ്മിപ്പിച്ചു.

സുരേഷ് ശങ്കർ, അബ്ദുള്ള വല്ലാഞ്ചിറ, നൗഫൽ പാലക്കാൻ, അഡ്വ. എൽ.കെ അജിത്ത്, അമീർ പട്ടണത്ത്, ഷുക്കൂർ ആലുവ, സൈഫ് കായങ്കുളം, ഒമർ ഷരീഫ്, ഷാജി മടത്തിൽ, നസീർ ഹനീഫ, സന്തോഷ് കണ്ണൂർ, വിൻസന്റ് തിരുവനന്തപുരം, ജിബിൻ സമദ് എന്നിവർ ചടങ്ങിൽ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ഷഫീഖ് കിനാലൂർ സ്വാഗതവും ബഷീർ കോട്ടക്കൽ നന്ദിയും രേഖപ്പെടുത്തി. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതവും അദ്ദേഹത്തിന്റെ ഭരണകാലത്തെ വികസന പ്രവർത്തനങ്ങളും വക്താക്കൾ ചർച്ച ചെയ്തു.

പരിപാടിയുടെ വിജയത്തിനായി അശ്റഫ് മേച്ചേരി, മാള മുഹിയിദ്ധീൻ, മുഹമ്മദ് ഖാൻ, നാസർ മാവൂർ, ഷംസീർ പാലക്കാട്, ഷറഫു ചിറ്റൻ, അൻസാർ വർക്കല, സാദിഖ് വടപുറം, റോയ് വയനാട്, അശ്റഫ് ആലപ്പുഴ, ഹരീന്ദ്രൻ കണ്ണൂർ, ഹാഷിം കണ്ണാടിപറമ്പ്, സമദ് വയനാട്, സുജിത്ത് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.


Read Previous

ബിജെപിയിൽ നിന്ന് ചിലർ പണം പറ്റി’; നേമത്തെ തോൽവിയിൽ സിപിഎമ്മിൽ പൊട്ടിത്തെറി, ആരോപണം യോഗത്തിൽ

Read Next

മരുഭൂമിയിലെ കനൽച്ചൂടിലും തണലായി ഒഐസിസി റിയാദ്! ഹാജിമാർക്ക് കാരുണ്യസ്പർശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »