ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പ്രവാസലോകത്തെ സാമൂഹ്യ സേവന രംഗത്ത് നിസ്വാർത്ഥ സേവനം കാഴ്ചവെച്ചിരുന്ന പരേതനായ സ്റ്റീഫൻ കോട്ടയത്തിന്റെ സ്മരണാർത്ഥം ഗൾഫ് മലയാളി ഫെഡറേഷൻ (GMF) ഏർപ്പെടുത്തിയ പ്രഥമ “സ്റ്റീഫൻ കോട്ടയം കാരുണ്യ പുരസ്കാരം” ജിഎംഎഫ് തായിഫ് കമ്മിറ്റി കോ-ഓർഡിനേറ്റർ അജേഷ് സാസ്കോയ്ക്ക് സമ്മാനിച്ചു.

സൗദി അറേബ്യയിലെ റിയാദ്, ബുറൈദ തുടങ്ങിയ പ്രദേശങ്ങളിലായി 36 വർഷം നീണ്ട പ്രവാസജീവിതത്തിനിടയിൽ സ്റ്റീഫൻ കോട്ടയം നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. മരുഭൂമിയിൽ അകപ്പെട്ടവരെയും വിവിധ പ്രതിസന്ധികളിലായിരുന്ന അനേകം പ്രവാസികളെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അദ്ദേഹം മുൻകൈയെടുത്തിരുന്നു. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അജേഷ് സാസ്കോയുടെ സേവനം പരിഗണിച്ചാണ് ഈ അംഗീകാരം.
റിയാദിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ ജിഎംഎഫ് മീഡിയ കോർഡിനേറ്ററും റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറിയുമായ ജയൻ കൊടുങ്ങല്ലൂർ പുരസ്കാരം സമ്മാനിച്ചു. ജിഎംഎഫ് ചെയർമാൻ റാഫി പാങ്ങോട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വഫ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ നാസർ, ജിസിസി പ്രസിഡണ്ട് ബഷീർ അമ്പലായി, ഷാജി മഠത്തിൽ, അബ്ദുൽ അസീസ്, പവിത്ര ഹരികൃഷ്ണൻ കണ്ണൂർ, സൗദി പൗരനും എഴുത്തുകാരനുമായ മുബാറക്ക് ഖലീഫ, സൗദി ഗായകൻ അഹമ്മദ് സുൽത്താൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
സ്റ്റീഫൻ കോട്ടയത്തിന്റെ മനുഷ്യസ്നേഹവും സേവന സന്നദ്ധതയും പുതിയ തലമുറയ്ക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ സ്മരണാർത്ഥമുള്ള ഈ പുരസ്കാരം സാമൂഹ്യ പ്രവർത്തകർക്ക് വലിയൊരു ആവേശമാണെന്നും അവർ കൂട്ടിച്ചേർത്തു.
