ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ് റിയാദിലെ മലയാളി സംഘടനകൾ നൽകിയ യാത്രയയപ്പ് ചടങ്ങിൽ നടത്തിയ വിടവാങ്ങൽ പ്രസംഗം പ്രവാസികളുടെ ഹൃദയം തൊടുന്നു. മൂന്നു വർഷത്തെ സേവനത്തിന് ശേഷം മടങ്ങുന്ന അദ്ദേഹം, മലയാളി സമൂഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങളെയും പ്രവാസി ജീവിതത്തിന്റെ നന്മകളെയും വാഴ്ത്തിക്കൊണ്ടാണ് പ്രവാസലോകത്തോട് വിടപറഞ്ഞത്.

തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ പ്രസംഗമാണിതെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഉദ്യോഗസ്ഥൻ എന്നതിലുപരി ഒരു സുഹൃത്തായിട്ടാണ് സദസ്സിനെ അഭിസംബോധന ചെയ്തത്. സൗദിയിലെ പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾ തന്റെ ഔദ്യോഗിക ജീവിതത്തിൽ കണ്ട ഏറ്റവും മഹത്തായ കാര്യങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു.
“തൊഴിൽ തർക്കങ്ങൾ, കിട്ടാത്ത ശമ്പളം, അടിയന്തരമായി നാട്ടിലെത്തിക്കൽ, ചികിത്സാ സഹായം, രക്തദാന ശൃംഖലകൾ, നിയമസഹായം തുടങ്ങി എല്ലാ കാര്യങ്ങളിലും നിങ്ങൾ നിശ്ശബ്ധമായി, സ്വന്തം ചെലവിൽ സഹായിക്കുന്നു. എംബസിയുടെ കണ്ണും കാതും കൈകളുമാണ് മലയാളി സംഘടനകൾ,” അദ്ദേഹം വ്യക്തമാക്കി.
മലയാളികളുടെ സാംസ്കാരിക തനിമയെയും ആഘോഷങ്ങളെയും അനുസ്മരിച്ച അദ്ദേഹം, സൗദിയിലെ ഇന്ത്യൻ സമൂഹം നിയമം അനുസരിച്ചും അച്ചടക്കത്തോടെയും ജീവിച്ച് നേടിയെടുത്ത സൽപ്പേരാണ് രാജ്യത്ത് ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്തെന്ന് ഓർമ്മിപ്പിച്ചു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ശ്രീ. ഷിഹാബ് കൊട്ടുകാട് ഉൾപ്പെടെയുള്ളവരെ ചടങ്ങിൽ അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു.
“ഔദ്യോഗിക കാലാവധി അവസാനിക്കും, എന്നാൽ സൗഹൃദങ്ങൾ അവസാനിക്കില്ല. ഇത് നിങ്ങളോടുള്ള വിടപറയലല്ല, ഈ നഗരത്തോടുള്ള വിടപറയൽ മാത്രമാണ്. ഇനി എവിടെ പ്രവർത്തിച്ചാലും എന്റെ വാതിൽ നിങ്ങൾക്കായി തുറന്നിരിക്കും,” വൈകാരികമായ വാക്കുകളോടെയാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്
സൗദിയിലെ തന്റെ നിശ്ചിത സേവനകാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഡി.സി.എമ്മിന്, റിയാദിലെ മലയാളി സംഘടനകളുടെ പൊതു വേദിയായ എൻ.ആർ.കെ. ഫോറത്തിന്റെ നേതൃത്വ ത്തിൽ ഒലയ്യയിലെ അൽ ഖസർ ഹോളിഡേ ഇൻ ഹോട്ടലിൽ റിയാദ് മലയാളി സമൂഹം നൽകിയ ഊഷ്മളമായ യാത്രയയപ്പിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അബു മാത്തൻ ജോർജ്.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകളെയെല്ലാം കോർത്തിണക്കി പൊതുകാര്യങ്ങളിൽ എൻ.ആർ.കെ. ഫോറം പോലൊരു പ്ലാറ്റ്ഫോമിന് കീഴിൽ അണിനിരത്തുന്നത് റിയാദിലെ മലയാളി സംഘടനകൾ തമ്മിലുള്ള ഐക്യത്തിന്റെ പ്രതിഫലനമാണെന്നും അബു മാത്തൻ ജോർജ് പറഞ്ഞു.
യാത്രയയപ്പ് യോഗത്തിൽ എൻ.ആർ.കെ. ഫോറം ജനറൽ കൺവീനർ സുരേന്ദ്രൻ കൂട്ടായി സ്വാഗതം പറഞ്ഞു. ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷനായിരുന്നു.എൻ.ആർ.കെ. ഫോറം ഭാരവാഹികളായ അബ്ദുൽ അസീസ് വെങ്കിട്ടയും അലി ആലുവയും ചേർന്ന് ഡി.സി.എമ്മിനെയും ജലീൽ തിരൂർ, എംബസി കമ്മ്യൂണിറ്റി വെൽഫെയർ കോൺസുലർ വൈ. സാബിറിനെയും പൂച്ചെണ്ട് നൽകി വേദിയിലേക്ക് സ്വാഗതം ചെയ്തു.
എൻ.ആർ.കെ. ഫോറം രക്ഷാധികാരി ശിഹാബ് കൊട്ടുകാട് ആമുഖ പ്രഭാഷണം നടത്തി. വെൽഫെയർ കോൺസുലർ വൈ. സാബിർ, സലീം കളക്കര, സൈഗം ഖാൻ, മുഹമ്മദ് സാക്കിയുദ്ദീൻ, റഹ്മാൻ മുനമ്പത്ത്, ഇബ്രാഹിം സുബ്ഹാൻ, ക്ലീറ്റസ് കുന്നുകുഴി, അഡ്വ. അബ്ദുൽ ജലീൽ, കുമ്മിൽ സുധീർ, നാസർ കാരകുന്ന്, പത്മിനി ടീച്ചർ, റഹ്മത്ത് അഷ്‌റഫ്, ഷഹീബ വി.കെ., ബിജു മുല്ലശ്ശേരി, ജയൻ കൊടുങ്ങല്ലൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഇന്ത്യൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എന്ന നിലയിൽ ശ്രീ. അബു മാത്തൻ ജോർജ് നിർവഹിച്ച ഔദ്യോഗിക ഉത്തരവാദിത്വങ്ങൾക്കൊപ്പം, ഇന്ത്യൻ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങ ളോടും വിശേഷിച്ച് റിയാദിലെ മലയാളി സമൂഹത്തിന്റെ വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളോടും അദ്ദേഹം കാണിച്ച താൽപര്യവും നൽകിയ പിന്തുണയും ഒരിക്കലും മറക്കാനാവില്ലെന്ന് ആശംസാ പ്രസംഗകർ ചൂണ്ടിക്കാട്ടി.
ഒരു ഉന്നത നയതന്ത്ര ഉദ്യോഗസ്ഥൻ എന്നതിലുപരി, സൗദിയിലെ പ്രവാസികൾക്ക് എപ്പോഴും സമീപിക്കാനും സംസാരിക്കാനും കഴിയുന്ന ഒരു നല്ല സുഹൃത്തിനെയാണ് അബു മാത്തൻ ജോർജിന്റെ സ്ഥലംമാറ്റത്തിലൂടെ നഷ്ടമാകുന്നതെന്നും പ്രസംഗകർ പറഞ്ഞു. കൂടുതൽ ഉയർന്ന ഉത്തരവാദിത്വ വുമായി സമീപഭാവിയിൽ തന്നെ സൗദിയിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും അവർ ആശംസിച്ചു.
വിവിധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വേണ്ടിയും വ്യക്തിപരമായും അബു മാത്തൻ ജോർജിന് പൂച്ചെണ്ടുകൾ നൽകിയും പൊന്നാട അണിയിച്ചും മെമന്റോകൾ നൽകിയും ആദരിച്ചു.എൻ.ആർ.കെ. ഫോറത്തിനുവേണ്ടി ജനറൽ കൺവീനർ സുരേന്ദ്രൻ കൂട്ടായി പൊന്നാട അണിയിച്ചും ചെയർമാൻ സി.പി. മുസ്തഫ മെമന്റോ നൽകിയും ഡി സി എമ്മിനെ ആദരിച്ചു.ഡോ. മീരാ മഹേഷ് അവതാരകയായി രുന്നു, ബാലുക്കുട്ടൻ, മുജീബ് ഉപ്പട, നസീർ മുള്ളൂർക്കര എന്നിവർ ചേർന്ന് ആദരം നൽകുന്നവരെ വേദിയിലേക്ക് ക്ഷണിച്ചു. എൻ. ആർ. കെ. ഫോറം വൈസ് ചെയർമാൻ ഷുഹൈബ് പനങ്ങാങ്ങര യാത്രയയപ്പ് യോഗത്തിനേത്തിയവർക്ക് നന്ദി പറഞ്ഞു.
