‘അക്ബര്‍ റോഡിലെ ഓഫീസ് ഒഴിയണം`; കോണ്‍ഗ്രസിന് നോട്ടീസ് നല്‍കി കേന്ദ്രം, കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി


ന്യൂഡല്‍ഹി: ദീര്‍ഘകാലമായി കോണ്‍ഗ്രസ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന അക്ബര്‍ റോഡിലെ കെട്ടിടത്തില്‍നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നല്‍കി. 1978 മുതല്‍ പാര്‍ട്ടി ആസ്ഥാനമായി പ്രവര്‍ത്തിച്ച കെട്ടിടമാണിത്. റെയ്‌സിന റോഡിലുള്ള യൂത്ത് കോണ്‍ഗ്രസ് ഓഫീസും ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 28നകം രണ്ട് കെട്ടിടങ്ങളും ഒഴിഞ്ഞുകൊടുക്കണമെന്നാണ് നിര്‍ദ്ദേശം.ബലപ്രയോഗത്തിലൂടെയുള്ള ഒഴിപ്പിക്കല്‍ തടയാന്‍ കോടതിയെ സമീപിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

ഐടിഒയ്ക്ക് സമീപമുള്ള ഇന്ദിരാ ഭവന്‍ എന്ന പുതിയ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് കുറച്ചുനാള്‍ മുമ്പ് മാറിയിരുന്നു. എന്നാല്‍ അക്ബര്‍ റോഡിലെ ഓഫീസ് ഒഴിഞ്ഞിരുന്നില്ല. നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായ നടപടിയാണെന്നും നോട്ടിസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്വി പറഞ്ഞു.

രണ്ട് വിലാസങ്ങളും നിലനിര്‍ത്താനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് നേതൃത്വം പറയുന്നു. അക്ബര്‍ റോഡിലെ ബംഗ്ലാവിന് വിപണി നിരക്കിലുള്ള വാടക കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം, ഈ ബംഗ്ലാവ് ഏതെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് എംപിയുടെ പേരില്‍ അനുവദിച്ച് നല്‍കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും പാര്‍ട്ടിയുടെ പോഷക സംഘടനയ്ക്കായി കോണ്‍ഗ്രസിന്റെ പേരിലാണ് അനുവദിച്ചിട്ടുള്ളതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.


Read Previous

‘നിങ്ങൾ സ്വയം ചർച്ച നടത്തുകയാണോ’, ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ

Read Next

റിയാദില്‍ വിഷവാതകം ശ്വസിച്ച് ചികിത്സയിലിരിക്കെ മലയാളി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »