വിഴിഞ്ഞം വിവാദം: എംഎസ്‌സിയുമായുള്ള ചർച്ചകൾ മുൻ സർക്കാരിന് അറിയാമായിരുന്നു; എന്ത് തെറ്റാണ് ചെയ്തതെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ താല്‍പ്പര്യം ബലികഴിച്ചു കൊണ്ടുള്ള ഒരു തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വിഴിഞ്ഞം തുറമുഖത്ത് അദാനി ഗ്രൂപ്പ് 49 ശതമാനം ഓഹരി എംഎസ് സി ഷിപ്പിങ്ങ് കമ്പനിക്ക് നല്‍കാന്‍ മുന്‍കൂര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. കണ്‍സെഷന്‍ എഗ്രിമെന്റും കേരളത്തിന്റെ താല്‍പ്പര്യങ്ങളും പരിഗണിച്ച്, നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായിട്ടുള്ള എംപവേഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

എംപവേഡ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം വീണ്ടും പരിഗണിക്കും. കേരളത്തിന്റെ ഒരു താല്‍പ്പര്യവും ബലി കഴിച്ചുകൊണ്ടുള്ള ഒരു തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണ്. അദാനി ഗ്രൂപ്പ് ഓപ്പറേറ്റര്‍ മാത്രമാണ്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടത്താന്‍ കഴിയില്ല. ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല. കണ്‍സെഷന്‍ എഗ്രിമെന്റില്‍ അദാനി ഡെവലപ്പ്‌മെന്റും, ഓപ്പറേഷനും നടത്താന്‍ വേണ്ടി മാത്രമുള്ള പാര്‍ട്ടി മാത്രമാണ്. സര്‍ക്കാരിന്റെ അനുവാദമില്ലാതെ ഒരു ഷെയറും ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് കരാറിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.


മുന്‍കൂര്‍ അനുമതിക്കായി കത്തു നല്‍കിയാല്‍ മാത്രമേ അതു പരിശോധിക്കുകയുള്ളൂ. ഇക്കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് ഒരു ആരോപണമുയര്‍ന്നത്. ഞാന്‍ മുഖ്യമന്ത്രിയായത് 2026 മെയ് 18 നാണ്. അത് മുമ്പേ ഞാനെങ്ങനെ അറിയുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒരു വര്‍ഷമായി എംഎസ്സിയു മായി അദാനി കമ്പനി ചര്‍ച്ച നടത്തുന്നുവെന്നാണ് പിന്നീട് അറിഞ്ഞത്.

മുമ്പേ തന്നെ വിഴിഞ്ഞത്ത് എംഎസ് സി ടെര്‍മിനല്‍ വരുമെന്ന് ദേശാഭിമാനി പത്രം വാര്‍ത്ത നല്‍കിയിരുന്നു. ഓഹരി വാങ്ങാനുള്ള ചര്‍ച്ച വേഗത്തിലാക്കിയെന്നും ആ റിപ്പോര്‍ട്ടിലുണ്ട്. ജൂണ്‍ 5 നാണ് വാര്‍ത്ത വന്നത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാർ നിയോ​ഗിച്ച എംഡി ചാര്‍ജ് എടുക്കുന്നത് ജൂണ്‍ 11 നാണ്. കഴിഞ്ഞസര്‍ ക്കാരിന് നേതൃത്വം കൊടുത്തവര്‍ തന്നെയാണ് സിപിഎം മുഖപത്രത്തിന്റെ സോഴ്‌സെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം സർക്കാരുമായി ബന്ധപ്പെട്ട് എന്ത് തെറ്റാണ് ഈ സർക്കാർ ചെയ്തതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എം.എസ്.സി) കൈമാറാനുള്ള നീക്കത്തിൽ ഈ സർക്കാർ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും നിലവിൽ ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം വിഷയത്തിൽ ആരോപണമുന്നയിച്ചവർ തലയിൽ മുണ്ടിട്ട് പോയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
എംഎസ്‌സിയുമായുള്ള ചര്‍ച്ച കഴിഞ്ഞ സര്‍ക്കാരിന് അറിയാമായിരുന്നു. ഇടതു സര്‍ക്കാര്‍ 2025 ല്‍ സംഘടിപ്പിച്ച വിഴിഞ്ഞം കോണ്‍ക്ലേവില്‍ എംഎസ്‌സി കമ്പനിയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ജൂലൈ ഒന്നാം തീയതി ദേശാഭിമാനി പത്രത്തില്‍ വിഴിഞ്ഞത്ത് 13,000 കോടിയുടെ നിക്ഷേപം. എംഎസ് സി കമ്പനി നിക്ഷേപം എടുക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ദീര്‍ഘവീക്ഷണത്തിന്‍റെ വിജയമാണ് വിദേശ നിക്ഷേപമെന്നും ആ പത്രത്തില്‍ പറയുന്നു

.
അതിനു ശേഷം എന്തൊക്കെയാണ് കേരളത്തില്‍ നടന്നത്. വിഴി‍ഞ്ഞത്ത് കടല്‍ക്കൊള്ള, അദാനി- സതീശന്‍ ഡീല്‍, സതീശന്‍റെ മൗനത്തിന് പിന്നില്‍ എന്താണ്, ഈ ഓഹരി കൈമാറ്റത്തില്‍ വിഡി സതീശന് പങ്കുണ്ട്, എനിക്ക് കിട്ടിയ കമ്മീഷന്‍ വരെ ഒരു പത്രം നല്‍കിയെന്നും വിഡി സതീശൻ പറഞ്ഞു. എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്. ഞാനിതെല്ലാം ആസ്വദിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


വിഴിഞ്ഞത്ത് ഒരാളുടെയും കുത്തക പാടില്ലെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കണ്‍സഷന്‍ കരാറില്‍ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരാർ പ്രകാരം ‘കോമൺ യൂസർ ഫസിലിറ്റി’ ഉറപ്പാക്കിയിട്ടുണ്ടെന്നും ഒരാളുടെയും കുത്തക അവിടെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഹരി കൈമാറ്റം നടത്തിയാല്‍ മാത്രമേ കരാര്‍ ലംഘനമുണ്ടാകുകയുള്ളു. അതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി ഉള്‍പ്പെടെ നിരവധി നടപടിക്രമങ്ങള്‍ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരാർ വായിച്ചുപോലും നോക്കാതെയാണ് പ്രതിപക്ഷ നേതാവ് നിയമസഭയിൽ സംസാരിച്ചതെന്നും മുഖ്യമന്ത്രി പരിഹസിച്ചു


Read Previous

നിലവിളക്കിന് മുമ്പില്‍ ചെരിപ്പ്, എത്ര സമ്പാദിച്ചാലും ആ പഴയ കോളനി സ്വഭാവം മാറില്ല’; ഐഎം വിജയന് നേരെ ജാതി അധിക്ഷേപം

Read Next

പിഎസ്‌സിയിൽ വൻ അട്ടിമറി ആരോപണം: ക്രൈംബ്രാഞ്ച് അന്വേഷണം വരുന്നു; വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ നീക്കം!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »