ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബെയ്റൂത്: ലോകത്തെ 20 ശതമാനം എണ്ണ വിതരണം നടക്കുന്ന ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി പൂർണമായും തുറന്നുകൊടുത്തതായി ഇറാൻ. എന്നാൽ അമേരിക്ക ഇറാൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കുമുള്ള ഉപരോധം തുടർന്നാൽ കടലിടുക്ക് വീണ്ടും അടയ്ക്കുമെന്നും ഇറാൻ മുന്നറിയിപ്പുനൽകി. ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള 10 ദിവസത്തെ വെടിനിർത്തൽ തുടരുന്നതിനിടെയാണ് ഇറാൻ്റെ പ്രഖ്യാപനം.

ഇറാൻ്റെ നിർദേശങ്ങളനുസരിച്ചുള്ള പാതകളിലൂടെ മാത്രമേ കപ്പലുകൾക്ക് സഞ്ചരിക്കാൻ കഴിയൂ എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി എക്സിൽ കുറിച്ചു. കപ്പലുകൾ ടോൾ നൽകേണ്ടതുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇറാൻ്റെ അനുമതിയുള്ള ഇടനാഴികളിലൂടെ മാത്രമേ കപ്പലുകൾക്ക് സഞ്ചരിക്കാൻ സാധിക്കൂ എന്ന് ഡാറ്റ ഏജൻസിയായ കെപ്ലർ വ്യക്തമാക്കി.
ഉപരോധം തുടരുമെന്ന് അമേരിക്ക
ഇറാനുമായി ആണവ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൂർണമായ ധാരണയിലെത്തുന്നത് വരെ അമേരിക്കൻ ഉപരോധം തുടരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കടലിടുക്ക് തുറന്ന നടപടിയെ ആദ്യം സ്വാഗതം ചെയ്ത ട്രംപ്, പിന്നീട് അമേരിക്കൻ നാവികസേനയുടെ ഉപരോധം തുടരുമെന്ന് അറിയിക്കുകയായിരുന്നു. ഉപരോധം തുടരുന്നത് കഴിഞ്ഞയാഴ്ച അമേരിക്കയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണെന്ന് ഇറാൻ പ്രതികരിച്ചു. ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖെർ ഖാലിബാഫ് പറഞ്ഞു.
ഏഴ് ആഴ്ച നീണ്ട യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാൻ്റെ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ അംഗീകരിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനും ഇറാനെ നിർബന്ധിതരാക്കുന്നതിനാണ് ഈയാഴ്ച ആദ്യം ട്രംപ് ഉപരോധം ഏർപ്പെടുത്തിയത്. കഴിഞ്ഞ വാരാന്ത്യത്തിൽ അമേരിക്കയും ഇറാനും തമ്മിൽ നടത്തിയ നേരിട്ടുള്ള ചർച്ചകളിൽ ആണവ പദ്ധതിയുൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമായിരുന്നില്ല. എന്നാൽ ഈ വാരാന്ത്യത്തിൽ വീണ്ടും ചർച്ചകൾ നടന്നേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു. ഇറാൻ ചർച്ചയ്ക്ക് തയാറാണെന്നും ഉടൻ കൂടിക്കാഴ്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഊർജ പ്രതിസന്ധി രൂക്ഷമാകുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി മേധാവി മുന്നറിയിപ്പുനൽകിയിരുന്നു. ചർച്ചകൾ വിജയകരമാകുമെന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ച എണ്ണവില കുറഞ്ഞു.
ഇറാനിൽ ഭിന്നത
കടലിടുക്ക് തുറന്നതുമായി ബന്ധപ്പെട്ട് ഇറാനിൽ ആശയക്കുഴപ്പം തുടരുകയാണ്. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൻ്റെയും ചർച്ചാ സംഘത്തിൻ്റെയും മൗനത്തെ വിമർശിച്ച് ഫാർസ് വാർത്ത ഏജൻസി രംഗത്തെത്തി. യുദ്ധത്തിൽ പരിക്കേറ്റ പരമോന്നത നേതാവ് മൊജ്‌തബ ഖാമേനിയുടെ ആരോഗ്യനില സംബന്ധിച്ച ആശങ്കകൾക്കിടെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലാണ് നിലവിൽ ഇറാനിൽ തീരുമാനങ്ങൾ എടുക്കുന്നത്. കടലിടുക്ക് തുറക്കാൻ പരമോന്നത നേതാവിൻ്റെ അനുമതി ആവശ്യമാണെന്ന് മെഹർ വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തു.
ലബനനിൽ വെടിനിർത്തൽ
ലബനനിലെ വെടിനിർത്തൽ അമേരിക്കയും ഇറാനും ഇസ്രയേലും തമ്മിലുള്ള സമാധാന ശ്രമങ്ങൾക്ക് കരുത്തേകുമെന്നാണ് വിലയിരുത്തൽ. ലബനനിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത് അമേരിക്ക വിലക്കിയതായി ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ സ്വയം പ്രതിരോധത്തിന് ഈ വിലക്ക് ബാധകമല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി. ട്രംപിൻ്റെ അഭ്യർഥന മാനിച്ചാണ് വെടിനിർത്തലിന് തയാറായതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഹിസ്ബുല്ലയുടെ 90 ശതമാനം ആയുധശേഖരവും ഇസ്രയേൽ നശിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ബെയ്റൂതിൽ ജനങ്ങൾ ആഘോഷം തുടങ്ങി. സുരക്ഷ മുന്നറിയിപ്പുകൾ അവഗണിച്ച് നിരവധി പേർ തെക്കൻ ലബനനിലെ വീടുകളിലേക്ക് മടങ്ങി. എന്നാൽ ചിലയിടങ്ങളിൽ ഇസ്രയേൽ വെടിവെപ്പ് നടത്തിയതായി യുഎൻ സമാധാന സേനയും ലബനീസ് സൈന്യവും റിപ്പോർട്ട് ചെയ്തു. കൗനിനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു സിറിയൻ പൗരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനോട് ഇസ്രയേലോ ഹിസ്ബുല്ലയോ പ്രതികരിച്ചിട്ടില്ല.
ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്നത് ഇറാൻ്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. യുദ്ധത്തിൽ ഇറാനിൽ 3,000 പേരും ലബനനിൽ 2,290ലധികം പേരും ഇസ്രയേലിൽ 23 പേരും ഗൾഫ് രാജ്യങ്ങളിൽ 12ലധികം പേരും കൊല്ലപ്പെട്ടു. 13 അമേരിക്കൻ സൈനികർക്കും ജീവൻ നഷ്ടപ്പെട്ടു.
ലബനനിൽ 10 കിലോമീറ്റർ ബഫർ സോൺ നിലനിർത്തുമെന്നും ഇവിടേക്ക് ലബനീസ് പൗരന്മാരെ മടങ്ങാൻ അനുവദിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. എന്നാൽ ഇസ്രയേൽ അധിനിവേശത്തെ ചെറുക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. ഗസ യുദ്ധത്തിന് പിന്നാലെ ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നിരുന്നു. 2024 നവംബറിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടെങ്കിലും ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു. ഇത് ഇറാൻ്റെ പ്രതികരണത്തിനും പുതിയ അധിനിവേശത്തിനും കാരണമായി.
മൂന്ന് വിഷയങ്ങളിൽ സമവായ ശ്രമം
ഇറാൻ്റെ ആണവ പദ്ധതി, ഹോർമുസ് കടലിടുക്ക്, യുദ്ധ നഷ്ടപരിഹാരം എന്നീ മൂന്ന് കാര്യങ്ങളിലാണ് മധ്യസ്ഥർ സമവായത്തിന് ശ്രമിക്കുന്നത്. ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ട യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ വർഷം ഇസ്രയേലും ഇറാനും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തിൽ അമേരിക്ക ബോംബിട്ട ആണവ കേന്ദ്രങ്ങൾക്ക് കീഴിലുള്ള അവശിഷ്ടങ്ങൾ മാറ്റാൻ അമേരിക്കൻ സംഘം ഇറാനിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇറാനോ മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുദ്ധം അവസാനിപ്പിക്കാൻ പണമിടപാടുകൾ ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി.
