രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി; കേരളത്തില്‍ ജൂണില്‍ തുടക്കം: ശേഖരിക്കുന്ന വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം പോലും ലഭിക്കില്ല


ന്യൂഡല്‍ഹി: രണ്ട് ഘട്ടമായി നടക്കുന്ന 2027 സെന്‍സസ് കേരളത്തില്‍ ആദ്യ ഘട്ടമായ ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. സെല്‍ഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതല്‍ 30 വരെ സമയമുണ്ടാകുമെന്നും ജൂലൈ ഒന്ന് മുതല്‍ 30 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരം ശേഖരിക്കുമെന്നും സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്തവണത്തേതെന്നും സെന്‍സസ് കമ്മീഷണര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഭവന സെന്‍സസ് ആണ് നടക്കുക. ഇതില്‍ താമസസൗകര്യങ്ങള്‍, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വീടുകളിലെ ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.

രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക. ഓരോ കുടുംബത്തിലെയും വ്യക്തികളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം, സാമ്പത്തിക നിലവാരം, കുടിയേറ്റം, പ്രത്യുല്‍പാദന നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ശേഖരിക്കും.

സെന്‍സസിന്റെ രണ്ടാം ഘട്ടത്തിലായിരിക്കും ജാതി സെന്‍സസ് നടപ്പിലാക്കുക. സെന്‍സസ് നടപടികളുടെ ആകെ ചിലവിനായി 11,718.24 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ഒന്നാം ഘട്ടത്തിനായുള്ള പ്രാഥമിക പരിശോധന 2025 നവംബറില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തി. ഒന്നാം ഘട്ടത്തിനായുള്ള മാര്‍ഗനിര്‍ദേശം 19 ഭാഷകളില്‍ തയ്യാറാക്കിയിട്ടുണ്ട്.

വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്പും സെല്‍ഫ് ഇന്യൂമറേഷന്‍ പോര്‍ട്ടലും ഉണ്ടാകും. ആദ്യ ഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിച്ച് സെപ്റ്റംബര്‍ 30ഓടെ പൂര്‍ത്തിയാക്കും. ആദ്യ ഘട്ടത്തില്‍ ഓരോ കുടുംബത്തോടും 33 ചോദ്യങ്ങള്‍ ചോദിക്കും. വീടിന്റെ നിര്‍മാണ രീതി, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, വീട്ടിലുള്ള വാഹനങ്ങള്‍, ഇന്റര്‍നെറ്റ് ലഭ്യത എന്നിവ ഇതില്‍ ഉള്‍പ്പെടും.

സെന്‍സസ് സമയത്ത് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും. വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങള്‍ ലഭിക്കില്ല. കോടതികള്‍ക്ക് മുമ്പാകെ തെളിവായി ഹാജരാക്കാനും സാധിക്കില്ല. സെന്‍സസ് സമയത്ത് ഒരു രേഖയും നല്‍കേണ്ടതില്ല. സെന്‍സസിനായിയുള്ള മൊബൈല്‍ ആപ്പ് 16 ഭാഷകളില്‍ ലഭ്യമാകും.

സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിന് പ്രത്യേക വെബ് പോര്‍ട്ടല്‍ സജ്ജീകരിക്കും. അത്യാധുനിക വെബ് മാപ്പിങ് ആപ്ലിക്കേഷന്‍ ഉപയോഗിക്കും. 31 ലക്ഷം എന്യൂമറേറ്റര്‍മാരെയാണ് 2027 ലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ കാര്യത്തില്‍ നിലവില്‍ തീരുമാനമില്ല. സെന്‍സസും എസ്‌ഐആറും തമ്മില്‍ ബന്ധമില്ലെന്നും ലിവിങ് ടുഗദര്‍ ദമ്പതികളെയും സെന്‍സസില്‍ വിവാഹിതരായി പരിഗണിക്കുമെന്നും കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ അറിയിച്ചു.


Read Previous

ഹോര്‍മുസ് തുറക്കേണ്ട; യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ട്രംപ്

Read Next

അല്‍ ഖർജിൽ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ വീണ് മൂന്ന് വീടുകൾക്കും നിരവധി വാഹനങ്ങൾക്കും നാശനഷ്ടം, രണ്ട് പേർക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »