കേരളം ഗുണ്ടകളുടെ പറുദീസയല്ല; ഇത്തരക്കാരെ പോറ്റി വളര്‍ത്തുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും: രമേശ് ചെന്നിത്തല


തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതു ഗുണ്ടകളുടെ നാടല്ല, സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാണ് അനുഭവമെന്ന് മനസ്സിലാക്കുക. അര്‍ജുന്‍ ആയങ്കി എന്നല്ല, എല്ലാ ഗുണ്ടകളേയും നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഗുണ്ടകളെ പോറ്റി വളര്‍ത്തുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അര്‍ജുന്‍ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ക്രിമിനലുകളായ ഗുണ്ടകളെയും സമൂഹവിരുദ്ധര്‍ക്കുമെതിരെ ശക്തമായ നടപടിയുണ്ടാകും. ഇതില്‍ ഒരു വിട്ടു വീഴ്ചയില്ല. ഇതിനുള്ള നടപടികള്‍ ഇന്നലെ തന്നെ ആരംഭിച്ചെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഓണക്കാലത്ത് ജനജീവിതത്തെ അപകടത്തിലാക്കാമെന്ന് ഒരു ഗുണ്ടയും കരുതേണ്ടതില്ല. പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഗുണ്ടകള്‍, സാമൂഹ്യവിരുദ്ധര്‍, കാപ്പാ കേസ് പ്രതികള്‍ തുടങ്ങിയവരുടെ ലിസ്റ്റ് തയ്യാറാക്കി, പൊലീസ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ജനങ്ങളെ വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ല. ഗുണ്ടകള്‍ക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഏതു സംരക്ഷണം കിട്ടിയാലും ഇത്തരം ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ചെന്നിത്തല വ്യക്തമാക്കി.

കേരളം ഗുണ്ടകളുടെ പറുദീസയല്ല. കുറേ ആളുകള്‍ മനഃപൂര്‍വം ഇറങ്ങി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അത്തരം ആളുകളുടെ കൈകളില്‍ വിലങ്ങ് വീഴുമെന്ന് തെളിഞ്ഞല്ലോ?. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി എന്തോരം വെല്ലുവിളികളായിരുന്നു?. ആരും നിയമത്തിന് അതീതരല്ല. ആരെയും നിയമത്തെ വെല്ലുവിളിക്കാന്‍ സംസ്ഥാനത്ത് അനുവദിക്കുന്ന പ്രശ്‌നമില്ല. ഒരു രാഷ്ട്രീയ സംരക്ഷണവും ഇക്കാര്യത്തില്‍ പ്രശ്‌നമല്ല. യുഡിഎഫ് അധികാരത്തില്‍ വന്നിട്ട് രണ്ടുമാസമേ ആയുള്ളു. ഞങ്ങളാരും ഇവരെ വളര്‍ത്തിയിട്ടില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


Read Previous

ജെന്‍സികളെ കേള്‍ക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടോ?; ആത്മപരിശോധന വേണമെന്ന് ശശി തരൂര്‍

Read Next

ഹോർമുസ് തുറക്കാൻ യുഎസ് ആറ് ആവശ്യങ്ങൾ അംഗീകരിക്കണം; നിലപാട് കടുപ്പിച്ച് ഇറാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »