ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയായി ഇറാന്റെ നിലപാട്. ഹോർമുസ് കടലിടുക്ക് തുറക്കണമെങ്കിൽ അമേരിക്ക ആറ് ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ഇറാന്റെ ഉന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി മുഹമ്മദ് ബഖർ സോൽഖാദ്ർ ആവശ്യപ്പെട്ടു. ഭീഷണിയുടെ സമ്മർദത്തിലൂടെ ഇറാനെ വരുതിയിലാക്കാൻ ശ്രമിക്കേണ്ടതില്ലെന്നും അദേഹം വ്യക്തമാക്കി.

ഇറാനെതിരായ ഭീഷണികളും സൈനിക നടപടികളും അവസാനിപ്പിക്കുക, യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കുക, ഇറാന്റെ സമീപ പ്രദേശങ്ങളിൽ നിന്ന് യുഎസ് നാവിക-വ്യോമസേനകളെ പിൻവലിക്കുക, യുദ്ധത്തിൽ ഇറാനുണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കുക, വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ ആസ്തികൾ വിട്ടുനൽകുക എന്നിവയാണ് ഇറാൻ മുന്നോട്ടുവച്ച ആവശ്യങ്ങൾ. ഇക്കാര്യങ്ങളിൽ അമേരിക്ക ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
നിലവിലെ സംഘർഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ ഏകദേശം 30 കപ്പലുകൾക്ക് മാത്രമാണ് ഹോർമുസ് കടന്നുപോകാനായത് എന്നാണ് റിപ്പോർട്ടുകൾ. ചെങ്കടലിൽ ഹൂതികളും ഹോർമുസിൽ ഇറാനും കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞത്.
എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഗതാഗത തടസങ്ങളും ക്രൂഡോയിൽ വില ഉയരുന്നതിനും കാരണമായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 80 ഡോളറിൽ താഴെയായിരുന്നത് 83.55 ഡോളറായി ഉയർന്നു. ഡബ്ല്യുടിഐ ക്രൂഡ് വിലയും 78.18 ഡോളറായി വർധിച്ചു.
അതിനിടെ കരിങ്കടലിലും വാണിജ്യക്കപ്പലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തുർക്കി രംഗത്തെത്തി. റഷ്യ-ഉക്രെയ്ൻ സംഘർഷം കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിലേക്ക് വ്യാപിച്ചതോടെയാണ് തുർക്കിയുടെ ഇടപെടൽ. തുർക്കിയുടെ കപ്പലുകളും ഇവിടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. റഷ്യയുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ നോവോറോസിസ്കിലേക്ക് പോകുന്ന കപ്പലുകളെയാണ് പ്രധാനമായും തുർക്കി തടയുന്നത്.
റഷ്യൻ എണ്ണ കയറ്റുമതിയിലും തടസമുണ്ടായാൽ ആഗോള ക്രൂഡോയിൽ വില വീണ്ടും കുതിച്ചുയരാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യയ്ക്കും വലിയ തിരിച്ചടിയാകാം. ജൂലൈയിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ പകുതിയിലധികവും റഷ്യയിൽ നിന്നാണ്. എണ്ണവില ഉയർന്നാൽ ഇന്ത്യയുടെ ഇറക്കുമതി ചെലവും പണപ്പെരുപ്പ സമ്മർദവും വർധിക്കാം.
ഇതിനിടെ ഇറാനെതിരായ യുദ്ധത്തിനായി 7000 കോടി ഡോളർ, അതായത് ഏകദേശം 6.5 ലക്ഷം കോടി രൂപ, ഫണ്ടിങ് അനുവദിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം പരിഗണിക്കാതെ യുഎസ് സെനറ്റ് വേനൽ അവധിക്ക് പിരിഞ്ഞു. ട്രംപ് ഭരണകൂടത്തിന് ഇത് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ഇറാനെതിരായ സൈനിക നടപടിയിൽ മേഖലയിലെ യുഎസ് സൈന്യം ദീർഘദൂര മിസൈലുകളുടെയും പ്രതിരോധ ഇന്റർസെപ്റ്ററുകളുടെയും ക്ഷാമം നേരിടുന്നതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കിയിരുന്നു. ക്ഷാമത്തെക്കുറിച്ച് നേരത്തെ അറിയിക്കാതിരുന്നതിൽ ഹെഗ്സെത്തിനോട് ട്രംപ് വിശദീകരണം തേടിയതായും റിപ്പോർട്ടുകളുണ്ട്. മിസൈലുകളുടെയും ഇന്റർസെപ്റ്ററുകളുടെയും ക്ഷാമം ഇറാനെതിരായ യുഎസ് സൈനിക നീക്കങ്ങളെ ബാധിക്കുന്നതായി ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖൊമേനി അതീവ ഗുരുതരാവസ്ഥയിലാണെന്ന് യുകെ ആസ്ഥാനമായുള്ള ‘ഇറാൻവയർ’ റിപ്പോർട്ട് ചെയ്തു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ രഹസ്യകേന്ദ്രത്തിൽ മുജ്തബയെ സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്. ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടെ അദേഹത്തിന്റെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. അലിറേസ അറാഫി, ഹാഷിം ഹുസൈനി ബുഷേറി, ഖോലം ഹുസൈൻ മൊസേനി ഇജേയ്, ഹസൻ ഖൊമേനി എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്.
