പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാജനകം, നേരിടുന്നത് അപ്രതീക്ഷിത വെല്ലുവിളി; രാജ്യത്ത് 53 ലക്ഷം മെട്രിക് ടണ്‍ ഇന്ധന കരുതല്‍ ശേഖരമുണ്ടെന്ന് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതി ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധം ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങളിലെ സംഘര്‍ഷം അപ്രതീക്ഷിത വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. ജീവനു മാത്രമല്ല, ആഗോള സമ്പദ് വ്യവസ്ഥയ്ക്കും പ്രതികൂലമാണ്. സംഘര്‍ഷം തുടരുന്നത് ലോകസാമ്പത്തിക മേഖലയ്ക്ക് തന്നെ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു’

പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി. സാമ്പത്തികം, ദേശീയ സുരക്ഷ, മാനുഷിക പ്രശ്‌നങ്ങള്‍ തുടങ്ങി മുമ്പില്ലാത്ത വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. പശ്ചിമേഷ്യ നമ്മുടെ രാജ്യത്തിന്റെ വ്യാപാരത്തിന് പ്രധാന മാര്‍ഗമാണ്. ഒരു കോടിയിലേറെ ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. ഇത്തരം നിരവധി കാരണങ്ങളാല്‍ ഇന്ത്യ ആശങ്കാകുലരാണ്.

യുഎസ്-ഇസ്രയേല്‍-ഇറാന്‍ യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ 3.75 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ സുരക്ഷിതമായി തിരിച്ചെത്തി. ഇറാനില്‍ നിന്ന് മാത്രം ഏകദേശം 1,000 ഇന്ത്യക്കാര്‍ തിരിച്ചെത്തിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണന. ആ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു.

നിലവില്‍ പെട്രോള്‍- ഡീസല്‍ വിതരണത്തില്‍ പ്രതിസന്ധിയില്ല. രാജ്യത്തെ പെട്രോളിയം ശേഖരണ ശേഷി കൂട്ടിയിട്ടുണ്ട്. രാജ്യത്തെ എല്‍പിജിയുടെ 60 ശതമാനവും ഇറക്കുമതിയാണ്. 53 ലക്ഷം മെട്രിക് ടണ്‍ പെട്രോളിയം കരുതല്‍ ശേഖരത്തിന്റെയും 41 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇറക്കുമതി ശൃംഖലയുടെയും പിന്തുണയോടെ ഇന്ത്യ ഊര്‍ജ്ജ സുരക്ഷിതമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കരുതല്‍ സംഭരണശേഷി 65 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അസംസ്‌കൃത എണ്ണ, പാചക വാതകം, വളം, മറ്റ് നിരവധി ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നിവയുടെ വലിയൊരു ഭാഗം ഹോര്‍മുസ് കടലിടുക്ക് വഴിയാണ് വരുന്നത്. ഈ പാത അടച്ചിട്ടിട്ടും, രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കുന്നു. 60 ശതമാനം എല്‍പിജിയും ഇറക്കുമതി ചെയ്യുമ്പോഴും, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്. റിഫൈനറിക ളുടെ ശേഷി വര്‍ധിപ്പിച്ചു. ഇന്ധനത്തിന്റെയും ഗ്യാസിന്റെയും ലഭ്യത ഉറപ്പാക്കാന്‍ നിരവധി രാജ്യങ്ങ ളുമായി ബന്ധപ്പെട്ടു വരികയാണ്. രാജ്യത്ത് എല്‍പിജി ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


Read Previous

ബൂഷെഹർ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായാൽ വൻ ദുരന്തം: മുന്നറിയിപ്പുമായി ഇറാന്‍

Read Next

ഗള്‍ഫ് രാജ്യങ്ങളിലെ ലക്ഷ്യങ്ങൾ എണ്ണിവച്ച് ഇറാൻ; വൈദ്യുത, ജല നിലയങ്ങളുടെ പട്ടിക പുറത്തുവിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »