ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൃക്കരിപ്പൂർ: മഴമാറി കാലാവസ്ഥ അനുകൂലമായതോടെ കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷിക്ക് തുടക്കം കുറിച്ച് കർഷകർ വിത്തിറക്കിത്തുടങ്ങി. വിത്തുകൾ കമ്പക്കയറിൽ ചേർത്തുവച്ച് തുണികൊണ്ട് മൂടിക്കെട്ടി പുഴയിൽ ഒരുക്കിയ സ്റ്റേജിൽ തൂക്കിയിടുന്ന പ്രക്രിയയാണ് ഇപ്പോൾ നടന്നു വരുന്നത്.

കവ്വായി കായലിന്റെ വിവിധ തീരങ്ങളിൽ സ്ത്രീ തൊഴിലാളികൾ വിത്തുകൾ ഒരുക്കുന്ന കാഴ്ചകൾ കാണാം.
കാലാവസ്ഥ അനുകൂലമായാൽ ആറു മാസത്തിനുള്ളിൽ മുതലിറക്കിയതിന്റെ രണ്ടോമൂന്നോ മടങ്ങ് ലാഭകരമാകുന്ന വിധത്തിൽ വിളവെടുക്കാൻ കഴിയുമെന്നതാണ് ഈ കായൽകൃഷിയിലെ പ്രത്യേകത. എന്നാൽ താപനില ക്രമാതിതമായി ഉയരുകയോ അപ്രതീക്ഷിതമായി മഴ കനക്കുകയോ ചെയ്താൽ കൃഷി പാടെ നശിക്കുകയും ചെയ്യും.നവംബർ മാസത്തിൽ വിത്തിട്ട് ഏപ്രിൽ മാസത്തോടെ വിളവെടുക്കുകയാണ് സാധാരണ പതിവ്. വലിയപറമ്പയ്ക്ക് പുറമെ തൃക്കരിപ്പൂർ, പടന്ന, ചെറുവത്തൂർ പഞ്ചായത്തുകളിലാണ് കല്ലുമ്മക്കായ കൃഷി വ്യാപകമായി നടക്കുന്നത്. കർഷകർക്കുള്ള സർക്കാർ സഹായം എന്ന നിലയിൽ വ്യക്തിഗത കൃഷിക്കാർക്ക് 6000 രൂപ സബ്സിഡിയും ലഭിക്കുന്നുണ്ട്.
വിത്ത് @ 3200 രൂപ
ഒരു ചാക്ക് വിത്തിന് 3200 രൂപ വിലയ്ക്കാണ് ഇത്തവണ കർഷകർക്ക് ലഭിച്ചത്. ഒരു ചാക്ക് വിത്തു കൊണ്ട് 50 കൈ കൃഷിയിറക്കാം. വിത്തിന്റെ വലിപ്പച്ചെറുപ്പത്തിനനുസരിച്ച് അത് കൂടിയും കുറഞ്ഞുമിരിക്കും. പരപ്പനങ്ങാടിയിൽ നിന്നും ഏജന്റു വഴിയാണ് വിത്ത് വിതരണം നടക്കുന്നത്.
കല്ലുമ്മക്കായ കൃഷിയിലേക്ക് തിരിഞ്ഞ്
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തു നിന്നും കല്ലുമ്മക്കായ കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഷംസുദ്ദീൻ ആയിറ്റി. പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി തീർന്നതോടെ പൂർണ്ണമായും കല്ലുമ്മക്കായ കൃഷിയിൽ വ്യാപൃതനാവുകയാണ് ഈ മുൻ മുസ്ലീം ലീഗ് അംഗം. ആയിറ്റിയിൽ 600 കൈ വിത്തിട്ടു കൊണ്ടാണ് കായൽ കൃഷിയിലേക്ക് തിരിഞ്ഞത്. കർഷകർക്ക് വിതരണം ചെയ്യുന്ന സബ് സിഡി 10,000 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ഈ മുൻ ജനപ്രതിനിധി ആവശ്യപ്പെടുന്നത്.
