ചരിത്ര വിജയം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വിസ്മയം കൂടിയെന്ന് പ്രേമചന്ദ്രന്‍, പ്രതികരണങ്ങളുമായി യുഡിഎഫ് നേതാക്കൾ


വയനാട്: തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മുന്നേറ്റം ചരിത്രപരമാണെന്ന് യുഡിഎഫ്. കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ജനങ്ങളുടെ അമർഷമാണ് ഈ ഫലത്തിലൂടെ വ്യക്തമാകുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. സംസ്ഥാന തലത്തിലും വയനാട് ജില്ലയിലും യുഡിഎഫ് ഗംഭീരമായ വിജയമാണ് കൈവരിച്ചിരിക്കുന്നതെന്നും സ്ഥാനാർഥികളെ വിജയിപ്പിച്ച വോട്ടർമാർക്കും ഇതിനായി പ്രവർത്തിച്ച പാർട്ടി പ്രവർത്തകർക്കും ഘടകകക്ഷി നേതാക്കൾക്കും നന്ദിയെന്നും പാർട്ടി പ്രവർത്തകർ പറഞ്ഞു

സർക്കാരിൻ്റെ പ്രവർത്തനങ്ങളെ ജനങ്ങൾ തള്ളിയെന്ന് ടി. സിദ്ദിഖ് എംഎൽഎ

ദുരന്തബാധിത മേഖലയിൽ സർക്കാരിൻ്റെ പ്രവർത്തനങ്ങളെ ജനങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞെന്ന് ടി സിദ്ദിഖ് എംഎൽഎ അഭിപ്രായപ്പെട്ടും. ജനപ്രതിനിധികളെയും സംവിധാനങ്ങളെയും ഇകഴ്ത്താൻ സർക്കാർ നടത്തിയ ശ്രമങ്ങൾക്കെതിരെ ജനവിധിയിൽ കനത്ത പ്രതിഷേധം ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

ഇത്തരം രാഷ്ട്രീയ സമീപനം തുടരുന്നത് ശരിയാണോ എന്ന് സിപിഐഎം നേതൃത്വം ആലോചിക്കണ മെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു. സർക്കാരിൻ്റെ പ്രധാന പ്രചരണ വിഷയം മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന് ശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങളായിരുന്നു. മുണ്ടക്കൈ ബൂത്തിലും ചൂരൽമല ബൂത്തിലും യുഡിഎഫിന് വൻ ഭൂരിപക്ഷം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

നുണപ്രചരണങ്ങളും കുപ്രചരണങ്ങളും

കേരളം ഭരിക്കുന്ന ചില നേതാക്കൾ നുണപ്രചരണങ്ങളും കുപ്രചരണങ്ങളും ഇറക്കി വയനാട്ടിലെ വോട്ടർമാരെ വേർതിരിക്കാൻ നിലപാടുകൾ സ്വീകരിച്ചെങ്കിലും വില പോയില്ലെന്ന് ഐ.സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. ബത്തേരിയിലും കൽപ്പറ്റയിലും മാനന്തവാടിയിലും വൻഭൂരിപക്ഷം ലഭിച്ചെന്നും അദ്ദേഹം വയനാടിൻ്റെ സമഗ്രമായ വികസനം വിവിധ പദ്ധതികളിലൂടെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതികരിച്ച് എംഎൽഎ ഉഷ വിജയൻ

പ്രഥമ പരിഗണന വയനാട് മെഡിക്കൽ കോളജിന് നൽകുമെന്ന് നിയുക്ത എംഎൽഎ ഉഷ വിജയൻ പറഞ്ഞു. റഫറൽ കോളേജായിട്ടാണ് മെഡിക്കൽ കോളജ് നിലനിൽക്കുന്നതെന്നും സിറ്റി സ്കാൻ ഉൾപ്പെടെ പ്രവർത്തനരഹിതമാണെന്നും മെഡിക്കൽ കോളജിൽ എല്ലാത്തരത്തിലും അത്യാധുനിക സൗകര്യങ്ങൾ ആവശ്യമാണെന്നും അത്തരം സാഹചര്യങ്ങളിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനം നടത്തുമെന്നും ഉഷ വിജയൻ പറഞ്ഞു. കാർഷിക മേഖലയിലെ പ്രശ്നങ്ങളും, വന്യജീവി പ്രശ്നങ്ങളുമെല്ലാം ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ ഇടപെടൽ നടത്തുമെന്നും ഉഷ വിജയൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വിസ്മയം കൂടി

കൊല്ലം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വിസ്മയം കൂടി കേരളത്തിൽ ഉണ്ടാകുമെന്ന് എൻ.കെ .പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കോൺഗ്രസ്‌ ഹൈക്കമാൻ്റ് തീരുമാനം ആയിരിക്കും ആ വിസ്മയമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സ്വീകാര്യനായ ആൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയാകും. ഈ വിജയത്തിൽ വി.ഡി സതീശൻ്റെ പങ്ക് നിർണായകം ആയിരുന്നു.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും ഉൾപ്പെടെ എല്ലാ നേതാക്കളും വിജയത്തിൽ പ്രധാന പങ്കു വഹിച്ചു. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോയതാണ് 100 ലേറെ സീറ്റ് നേടുവാൻ കാരണമായത്. കൊല്ലത്തെ വിജയത്തിലൂടെ ആർ.എസ്.പി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി എന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.

പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകും. നാലു സീറ്റുകളിൽ വിജയിച്ചു കൊണ്ട് യുഡിഎഫിൻ്റെ വിജയത്തിൽ നിർണായക പങ്കുവയ്ക്കാൻ ആർഎസ്‌പിക്ക് കഴിഞ്ഞു. തുടർന്ന് അങ്ങോട്ടും യുഡിഎഫിൻ്റെ മുന്നോട്ടുള്ള പോക്കിന് ആർ എസ് പി ശക്തമായ പിന്തുണ നൽകും. മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് ആരെ തീരുമാനിച്ചാലും ആർഎസ്പിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകും എന്നും എൻ. കെ പ്രേമചന്ദ്രൻ എംപി കൊല്ലത്ത് പറഞ്ഞു.


Read Previous

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുമോ? എല്‍ഡിഎഫില്‍ പകരക്കാരെച്ചൊല്ലി ചര്‍ച്ചകള്‍ സജീവം

Read Next

പുതിയ നിയമസഭയില്‍ പകുതിയിലേറെയും കന്നിക്കാര്‍; പ്രായം കുറഞ്ഞ കന്നി അംഗം എഡി തോമസ്; പുതുമുഖങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം ടി കെ ഗോവിന്ദന്‍ പ്രായം 75

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »