നിങ്ങളാരാണ്?, ശബരിമലയിൽ നിങ്ങളുടെ താൽപ്പര്യമെന്താണ്?, രാജ്യത്തിന്റെ മുഖ്യതന്ത്രിയോ?; ചോദ്യങ്ങളുമായി സുപ്രീംകോടതി


ന്യൂഡൽഹി : ശബരിമല യുവതി പ്രവേശന വിലക്കിനെതിരെ ഹർജി നൽകിയ ഇന്ത്യൻ യങ് ലോഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നിങ്ങൾ ആരാണ് വിശ്വാസ കാര്യങ്ങളിൽ ഇടപെടാനെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. നിങ്ങളാരാണ്? നിങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള താത്പര്യമെന്താണ്? എന്നും ജസ്റ്റിസ് ബി വി നാഗരത്‌ന ചോദിച്ചു. യുവാക്കളായ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കൂ എന്നും നാഗരത്ന യങ് ലോഴ്സ് അസോസിയേഷനോട് പറഞ്ഞു.

പൊതുതാൽപര്യ ഹർജിയിലെ നിങ്ങളുടെ താൽപര്യം എന്തെന്ന് നാഗരത്ന ആവര്‍ത്തിച്ച് ചോദിച്ചു. ഇത്തരം കാര്യങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജസ്റ്റിസ് നാഗരത്ന മുന്നറിയിപ്പ് നല്‍കി. നിങ്ങൾക്ക് എന്താണ് ശബരിമലയിൽ കാര്യം? നിങ്ങൾ രാജ്യത്തിന്റെ മുഖ്യ തന്ത്രിയാണോ എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ ചോദ്യം. നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് സംഘടന എന്നും കോടതി വിമര്‍ശിച്ചു. ആരാണ് നിങ്ങളുടെ പ്രസിഡന്റ് എന്നും അഭിഭാഷകനോട് കോടതി ചോദിച്ചു. നൗഷാദ് അലി എന്ന് വ്യക്തിയാണെന്ന് യങ് ലോഴ്സ് അസോസിയേഷന്‍റെ അഭിഭാഷകന്‍ മറുപടി നല്‍കി.

യുവതീ പ്രവേശനം ആവശ്യപ്പെട്ട് ഹർജി നൽകാൻ അസോസിയേഷൻ പ്രമേയം പാസ്സാക്കിയിരുന്നോ യെന്നും, ഭാരവാഹികൾ ശബരിമല വിശ്വാസികൾ ആണോയെന്നും ജസ്റ്റിസ് അരവിന്ദ് കുമാർ ചോദിച്ചു. പ്രമേയം പാസ്സാക്കിയിരുന്നില്ലെന്ന് അറിയിച്ചപ്പോഴാണ് അസോസിയേഷനോട്, നിങ്ങൾ രാജ്യത്തിന്റെ മുഖ്യതന്ത്രിയാണോ എന്ന് കോടതി ചോദിച്ചത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രതിഷ്ഠയ്ക്ക് ഇഷ്ടമല്ലെന്ന് ദേവപ്രശ്നത്തിൽ കണ്ടുവെന്നാണ് തന്ത്രി പറയുന്നതെന്ന് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനു വേണ്ടി അഡ്വ. വരി പ്രകാശ് ​ഗുപ്ത ചൂണ്ടിക്കാട്ടി. യുവതികളെ വിലക്കുന്ന ആചാരം കടുത്ത വിവേചനമാണ്.

വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത് അഞ്ചം​ഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാർ മാത്രമാണെന്നും റഫറൻസ് നിലനിൽക്കില്ലെന്നും ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷന്റെ അഭിഭാഷകൻ പറഞ്ഞു. ഹർജി നൽകിയത് പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞപ്പോഴാണ് കോടതി വിമർ ശനം ഉന്നയിച്ചത്. പൊതു താൽപ്പര്യ ഹർജികളുടെ പേരിൽ പ്രശസ്തി താൽപ്പര്യ ഹർജികളും പൈസാ താൽപ്പര്യ ഹർജികളുമാണ് വരുന്നതെന്ന് ജസ്റ്റിസ് നാ​ഗരത്ന അഭിപ്രായപ്പെട്ടു. പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വരുന്ന ഹർജി തുടക്കത്തിലേ തള്ളേണ്ടതായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.


Read Previous

പഞ്ചാബില്‍ ഇരട്ട സ്‌ഫോടനം, പൊട്ടിത്തെറി ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപം; ഞെട്ടല്‍

Read Next

ചായ തന്ന ശേഷം കുഴഞ്ഞുവീണു’, ഇടുക്കിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവ് പിടിയില്‍, നിര്‍ണായകമായത് പോസ്റ്റ്‌മോര്‍ട്ടം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »