സന്ദീപ് നായരല്ല, നായിക്; ബംഗാളില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല; അഞ്ച് പേര്‍ അറസ്റ്റില്‍


കൊല്‍ക്കത്ത: ബംഗാളില്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ലെന്ന് സ്ഥിരീകരിച്ചു. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കൊല്ലപ്പെട്ടയാള്‍ മംഗളൂരു സ്വദേശിയാണെന്ന് ബംഗാള്‍ പൊലീസ് പറഞ്ഞു. ജൂണ്‍ 9-ന് കുള്‍ത്താലിയിലാണ് സംഭവം നടന്നത്. ദിവസങ്ങള്‍ക്ക് ശേഷം അക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയത്.

കൊല്ലപ്പെട്ടയാള്‍ മംഗളൂരു സ്വദേശി സന്ദീപ് നായിക് ആണെന്ന് പൊലീസ് കണ്ടെത്തി. ആദ്യഘട്ടത്തില്‍ കൊല്ലപ്പെട്ടയാള്‍സന്ദീപ് നായര്‍ ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇയാള്‍ കേരളത്തില്‍ നിന്നുള്ളയാളാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മംഗളൂരു സ്വദേശിയായ സന്ദീപ് നായിക് ആണെന്ന് കണ്ടെത്തിയത്.

രണ്ട് ആഴ്ച മുന്‍പാണ് ഒരു സുഹൃത്തിനൊപ്പം സന്ദീപ് കുള്‍ത്താലിയില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. ജൂണ്‍ 9-ന് രാവിലെ ഇയാള്‍ സമീപത്തെ മാര്‍ക്കറ്റിലേക്ക് പോയി. വഴിതെറ്റിയെത്തിയത് മറ്റ് സ്ഥലത്തായിരുന്നു. അപരിചിതനായ ഒരാള്‍ പ്രദേശത്ത് അലക്ഷ്യമായി നടക്കുന്നത് കണ്ട് നാട്ടുകാര്‍ക്ക് സംശയം തോന്നി. ഗ്രാമീണര്‍ ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും ഐഡന്റിറ്റി ചോദിക്കുകയും ചെയ്തു. എന്നാല്‍ സന്ദീപിന് ബംഗാളി ഭാഷ അറിയാത്തതിനാല്‍ നാട്ടുകാരുമായി ആശയവിനിമയം നടത്താന്‍ സാധിച്ചില്ല. ഇതോടെ നാട്ടുകാരുടെ സംശയം ഇരട്ടിച്ചു.

തുടര്‍ന്ന് ഒരു കൂട്ടം ഗ്രാമീണര്‍ ചേര്‍ന്ന് ഇയാളെ കയറുകൊണ്ട് കെട്ടിയിടുകയും കള്ളനാണെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഗര്‍ഭിണിയായ സ്ത്രീയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന ആരോപണവും അക്രമത്തിന് കാരണമായതായി നാട്ടുകാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലിസ് പറയുന്നു.

റോഡരികില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒരാള്‍ കിടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കുള്‍ത്താലി പൊലീസ് സ്ഥലത്തെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആള്‍ക്കൂട്ട ആക്രമണത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാള്‍ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതും അന്വേഷണം ആരംഭിച്ചതും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തുക്കളെ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.


Read Previous

നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണം; എന്‍ടിഎയ്ക്ക് വിദ്യാര്‍ഥികളുടെ നിവേദനം; ആദ്യപരീക്ഷ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

Read Next

‘എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്’ മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »