‘മഷി പടരട്ടെ, കേരളം കളറാവട്ടെ’; കോഴിക്കോട് ബീച്ചിൽ വോട്ടർമാർക്കായി കൂറ്റൻ മണൽശിൽപം


കോഴിക്കോട്: മഷി പടരട്ടെ കേരളം കളറാവട്ടെ വോട്ട് ചെയ്യൂ, വോട്ടാണ് വോയിസ് തുടങ്ങിയ ആശയങ്ങൾ മുൻനിർത്തി വോട്ടർമാരെ ബോധവത്കരിക്കുന്നതിനായി കോഴിക്കോട് ബീച്ചിൽ കൂറ്റൻ മണൽശിൽപം ഒരുക്കി. കോർപറേഷൻ ഓഫിസിനു മുൻവശത്തായാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശപ്രകാരം അതിമനോഹരമായ ഈ ശിൽപം നിർമിച്ചിരിക്കുന്നത്. വോട്ടവകാശത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂർണമായ വിജയമാണ് ഈ ആശയത്തിലൂടെ ലക്ഷ്യമിടുന്നത്.

ശിൽപം ശ്രദ്ധേയമായി

പ്രശസ്ത ശിൽപി ഗുരുകുലം ബാബുവിൻ്റെ നേതൃത്വത്തിലാണ് മണൽശിൽപത്തിൻ്റെ നിർമാണം പൂർത്തിയാക്കിയത്. മഷി പുരട്ടിയ ചൂണ്ടുവിരൽ വോട്ടർമാർക്ക് നേരെ ഉയർത്തിക്കാണിക്കുന്ന രൂപമാണ് ശിൽപത്തിൻ്റെ പ്രധാന ആകർഷണം. ഒരുകാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമായി ഉപയോഗിച്ചിരുന്ന കോളാമ്പി സ്പീക്കറുകൾ വിരലിന് ഇരുവശത്തുമായി മണലിൽ ഒരുക്കിയിട്ടുണ്ട്. 18 അടി നീളവും 12 അടി വീതിയുമുള്ള ശിൽപം രണ്ട് മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്. ശിൽപി ഗുരുകുലം ബാബുവിനെ കൂടാതെ ഒൻപത് പേർ കൂടി നിർമാണത്തിൽ പങ്കാളികളായി. കോഴിക്കോട് ബീച്ചിലെത്തുന്നവർക്ക് തെരഞ്ഞെടുപ്പ് സന്ദേശം നൽകുന്ന ശിൽപം നേരിട്ട് ആസ്വദിക്കാനുള്ള അവസരമാണിത്.

ആദ്യദിവസം തന്നെ നിരവധിപ്പേരാണ് ശിൽപം കാണാൻ ബീച്ചിൽ എത്തിയത്. നിർമാണം പൂർത്തി യാക്കിയ മണൽശിൽപത്തിൻ്റെ ഉദ്ഘാടനം കോഴിക്കോട് അസിസ്റ്റൻ്റ് കലക്ടർ ഡോ. എസ് മോഹനപ്രിയ നിർവഹിച്ചു. ജനാധിപത്യ പ്രക്രിയയിൽ വോട്ട് ചെയ്യുക എന്നത് ഓരോ പൗരൻ്റെയും വലിയ കടമയാണെന്ന് ഓർമപ്പെടുത്താനാണ് ശിൽപത്തിലൂടെ ശ്രമിക്കുന്നത്. വോട്ട് ചെയ്ത ശേഷം വിരലിൽ പതിപ്പിക്കുന്ന മഷിയടയാളം ജനാധിപത്യത്തിൻ്റെയും അതുപോലെതന്നെ നീതിബോധത്തിൻ്റെയും പ്രതീകമായാണ് കണക്കാക്കുന്നത്. വോട്ടവകാശം പൂർണമായും വിനിയോഗിക്കാൻ ഓരോ വ്യക്തിയും ബോധവാന്മാരാകണമെന്ന് ശിൽപം ജനങ്ങൾക്ക് സന്ദേശം നൽകുന്നു.

സന്ദേശം നൽകി കോളാമ്പിയും

പഴയകാല തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്ന കോളാമ്പി സ്പീക്കറുകൾ ശിൽപത്തിൽ ഉൾപ്പെടുത്തിയത് ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട്. രാജ്യത്തെ പൗരന്മാർ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിലൂടെ മാത്രമാണ് ഇന്ത്യൻ ജനാധിപത്യം അതിൻ്റെ പൂർണതയിൽ എത്തുന്നതെന്ന സന്ദേശമാണ് ഈ കലാസൃഷ്ടി മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ 20 വർഷമായി കോഴിക്കോട് കടപ്പുറത്ത് ഗുരുകുലം ബാബു ശിൽപങ്ങൾ നിർമിക്കുന്നുണ്ട്. ഈ ബീച്ചിൽ മാത്രം 28 ശിൽപങ്ങൾ അദ്ദേഹം ഇതിനോടകം നിർമിച്ചു. ഏറ്റവും വലിയ ശിൽപം നിർമിച്ചതിന് ലോക റെക്കോഡും ഇദ്ദേഹം നേടിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നടക്കുന്ന ഒൻപതാം തീയതി വരെ മണൽശിൽപം കോഴിക്കോട് ബീച്ചിൽ നിലനിർത്തും. വോട്ടർമാർക്ക് വലിയ പ്രചോദനമേകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നേതൃത്വത്തിൽ ഒരുക്കിയ ഈ വേറിട്ട പ്രചാരണരീതി ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. ജനാധിപത്യത്തിൻ്റെ സംരക്ഷണത്തി നായി എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന ശക്തമായ സന്ദേശമാണ് ഈ മണൽശിൽപം സമൂഹത്തിന് നൽകുന്നത്.


Read Previous

‘പശ്ചിമേഷ്യൻ സംഘർഷം പുതിയ ലോകക്രമത്തിൻ്റെ ആരംഭത്തിന് കാരണമാകുമെന്ന് എം ജെ അക്‌ബർ

Read Next

റിയാദ് ഏറണാകുളം ജില്ലാ യു ഡി എഫ് കൺവെൻഷൻ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »