രാജ്യത്തിന്റെ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ 2.38 ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം


ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനായി 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ സംഭരണ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍.രാജ്യത്തിന്റെ സൈനിക ശേഷിയും പ്രഹര ശേഷിയും വര്‍ധിപ്പിക്കുന്നതിനുള്ള വലിയ നീക്കത്തിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് (ഡി എസി) 2.38 ലക്ഷം കോടി രൂപയുടെ സംഭരണ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

കരസേന, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയ്ക്കായി അത്യാധുനിക ആയുധങ്ങളും സംവിധാന ങ്ങളും വാങ്ങാന്‍ ‘അക്സപ്റ്റന്‍സ് ഓഫ് നെസസിറ്റി’ക്കും ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.ഒരു ആയുധം വാങ്ങുന്നതിനോ വികസിപ്പിക്കുന്നതിനോ ഉള്ള ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ കടമ്പയാണിത്. പുതിയ തീരുമാനങ്ങള്‍ ഇന്ത്യയുടെ പ്രതിരോധ ശേഷി ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.

എസ് 400 മിസൈല്‍ സംവിധാനങ്ങള്‍, ഇടത്തരം ഗതാഗത വിമാനങ്ങള്‍, ആക്രമണ ഡ്രോണുകള്‍, ആധുനിക പീരങ്കികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടുന്ന തിനും സൈന്യത്തെ പൂര്‍ണമായി ആധുനികവല്‍ക്കരിക്കുന്നതിനും ഈ നടപടി നിര്‍ണായകമാകും.ഈ സാമ്പത്തിക വര്‍ഷം പ്രതിരോധ കരാറുകളില്‍ രാജ്യം റെക്കോര്‍ഡ് നേട്ടം കൈവരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തത്സമയ വ്യോമ പ്രതിരോധ നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി കരസേനയ്ക്ക് എയര്‍ ഡിഫന്‍സ് ട്രാക്ക്ഡ് സിസ്റ്റം, സുരക്ഷിതവും വിശ്വസനീയവുമായ ആശയവിനിമയം ഉറപ്പാക്കാന്‍ ഹൈ കപ്പാസിറ്റി റേഡിയോ റിലേ, ദീര്‍ഘദൂര പീരങ്കി ആക്രമണ ശേഷിയും കൃത്യതയും വര്‍ധിപ്പിക്കാന്‍ ധനുഷ് ഗണ്‍ സിസ്റ്റം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കൂടാതെ ടാങ്കുകളുള്‍പ്പെടെയുള്ള കവചിത വാഹനങ്ങളെ ആക്രമിക്കാനുള്ള ആര്‍മര്‍ഡ് പിയേഴ്‌സിങ് ടാങ്ക് വെടിക്കോപ്പുകള്‍ക്കും റണ്‍വേ ആവശ്യമില്ലാത്ത ഏരിയല്‍ സര്‍വൈലന്‍സ് സിസ്റ്റത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

പദ്ധതി പ്രകാരം വ്യോമ സേനയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി കാലപ്പഴക്കം ചെന്ന എ.എന്‍ 32, ഐ.എല്‍ 76 വിമാനങ്ങള്‍ക്ക് പകരമായി മീഡിയം ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ എത്തും. നൂതന വ്യോമാക്ര മണങ്ങളെ പ്രതിരോധിക്കാന്‍ റഷ്യന്‍ നിര്‍മ്മിത ദീര്‍ഘദൂര സര്‍ഫസ്-ടു-എയര്‍ മിസൈലുകള്‍ വാങ്ങും. രഹസ്യ നിരീക്ഷണത്തിനും ആക്രമണങ്ങള്‍ക്കുമായി റിമോട്ട് നിയന്ത്രിത സ്ട്രൈക്ക് എയര്‍ക്രാഫ്റ്റ് വ്യോമ സേനയുടെ ഭാഗമാകും. കൂടാതെ വിമാനങ്ങളുടെ സേവന കാലാവധി വര്‍ധിപ്പിക്കുന്നതിനായി സുഖോയ് വിമാനങ്ങളുടെ എന്‍ജിന്‍ നവീകരണത്തിനും തീരുമാനമായിട്ടുണ്ട്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനായി ഹെവി ഡ്യൂട്ടി എയര്‍ കുഷ്യന്‍ വെഹിക്കിളുകള്‍ക്ക് (ഹോവര്‍ ക്രാഫ്റ്റുകള്‍) അംഗീകാരം നല്‍കി. അതിവേഗ പട്രോളിങ്, തിരച്ചില്‍, രക്ഷാ പ്രവര്‍ത്തനം, ലോജിസ്റ്റിക്സ് എന്നിവയ്ക്ക് ഇത് കരുത്തേകും.2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 6.73 ലക്ഷം കോടി രൂപയുടെ 55 നിര്‍ദേശ ങ്ങള്‍ക്ക് ഡിഎസി അനുമതി നല്‍കിയതായി രാജ്‌നാഥ് സിങ് അറിയിച്ചു. കൂടാതെ, ഈ സാമ്പത്തിക വര്‍ഷം 2.28 ലക്ഷം കോടി രൂപയുടെ 503 കരാറുകളില്‍ ഒപ്പിട്ടു. ഇത് ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്.സുരക്ഷാ വെല്ലുവിളികള്‍ക്കിടയില്‍ സായുധ സേനയെ ആധുനികവല്‍ക്കരിക്കാനും തദ്ദേശീയ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനുമുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ പദ്ധതികള്‍.


Read Previous

അമേരിക്കന്‍ സൈനികരെ ഒളിവില്‍ പാര്‍പ്പിക്കുന്ന ഗള്‍ഫിലെ ഹോട്ടലുകള്‍ ആക്രമിക്കും: ഭീഷണിയുമായി ഇറാന്‍

Read Next

സാമുഹ്യ പ്രവര്‍ത്തകന്‍ സ്റ്റീഫൻ ജോസഫ് കോട്ടയം നിര്യാതനായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »