ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ജീവിതാനുഭവങ്ങളുടെ കയ്പും ചരിത്രത്തിന്റെ വിസ്മയങ്ങളും ഇഴചേർന്ന കൃതികളെ പരിചയപ്പെടുത്തിക്കൊണ്ട് ‘ചില്ല’യുടെ ഏപ്രിൽ മാസ വായന സംഗമം നടന്നു. അതിജീവനത്തിന്റെയും മാനവികതയുടെയും പോരാട്ടവീര്യത്തിന്റെയും കഥകൾ പറഞ്ഞ നാല് പ്രധാന കൃതികളാണ് സംഗമത്തിൽ ചർച്ച ചെയ്യപ്പെട്ടത്.

ബാബു എബ്രഹാമിന്റെ ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരം അവതരിപ്പിച്ചുകൊണ്ട് മൂസ കൊമ്പൻ ചർച്ചയ്ക്ക് തുടക്കം കുറിച്ചു. അനാഥാലയ ജീവിതവും വിശപ്പും അവഗണനയും നിറഞ്ഞ കഠിനപാതകൾ താണ്ടി പ്രകാശത്തിലേക്ക് നടന്നുകയറിയ ഒരു മനുഷ്യന്റെ ജീവിതമാണ് ഈ കൃതിയെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ ഇരുട്ടുകളിൽ കരുത്തായി നിന്ന നന്ദിക്കുന്നേൽ മേരി എന്ന അമ്മയുടെ സാന്നിധ്യം കൃതിയിലെ ആധാരശക്തിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നാസി ജർമ്മനിയിലെ ക്രൂരതകളുടെ പശ്ചാത്തലത്തിൽ മാർക്കസ് സുസാക് രചിച്ച ‘ദി ബുക്ക് തീഫ്’ എന്ന ലോകപ്രശസ്ത നോവലിന്റെ വായനാനുഭവം സ്‌നിഗ്ദ വിപിൻ പങ്കുവെച്ചു. മരണത്തെ ആഖ്യാതാവാക്കി അവതരിപ്പിച്ച ഈ കൃതി, യുദ്ധകാലത്തെ സാധാരണ മനുഷ്യരുടെ ദയയും പ്രണയവും സാഹിത്യത്തോടുള്ള അഭിനിവേശവും എത്രത്തോളം തീവ്രമായിരുന്നുവെന്ന് ഹൃദയസ്പർശിയായി വിവരിക്കുന്നു.
ജി.ആർ. ഇന്ദുഗോപന്റെ ‘ആനോ’ എന്ന നോവലിലൂടെ ചരിത്രവും ഭാവനയും ചേരുന്ന വിസ്മയക്കാഴ്ചകളിലേക്ക് ശശി കാട്ടൂർ സദസിനെ കൂട്ടിക്കൊണ്ടുപോയി. അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് കൊച്ചിയിൽ നിന്ന് റോമിലെ മാർപ്പാപ്പയുടെ അടുത്തേക്ക് കൊണ്ടുപോകപ്പെട്ട ഒരു ആനക്കുട്ടിയുടെയും സഹയാത്രികരുടെയും കഥ പറയുന്ന ഈ നോവൽ അന്നത്തെ കാലഘട്ടത്തെ പുനർനിർമ്മിക്കുന്ന രീതി അദ്ദേഹം വിശദീകരിച്ചു.
സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ.എം നേതാവുമായിരുന്ന എൻ. ശങ്കരയ്യയുടെ ജീവിതം രേഖപ്പെടുത്തിയ ‘എൻ. ശങ്കരയ്യ: ജീവിതവും പ്രസ്ഥാനവും’ എന്ന കൃതി സതീഷ് കുമാർ വളവിൽ അവതരിപ്പിച്ചു. തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം എട്ട് വർഷത്തെ ജയിൽവാസവും ഒളിവുജീവിതവും നയിച്ച ആ പോരാളിയുടെ ജീവിതം ഇന്നും ആവേശം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് നടന്ന ചർച്ചകൾക്ക് സീബ കൂവോട് തുടക്കം കുറിച്ചു. നജീം കൊച്ചുകലുങ്ക്, നാസർ കാരക്കുന്ന്, സബീന എം. സാലി, അനിത്ര ജ്യോമി, രാജേഷ് ഓണക്കുന്ന്, അനസ്, അജിത രാജേഷ്, സുനിൽ സുലൈ തുടങ്ങിയവർ സംസാരിച്ചു. ജോമോൻ സ്റ്റീഫൻ ചർച്ചകൾ ഉപസംഹരിച്ചു. സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു.
