നിയമന വിവാദം: മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു; കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡര്‍ സ്ഥാനം ഒഴിഞ്ഞു


തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ സ്ഥാനം ഒഴിഞ്ഞ് കെ ബി പ്രദീപ്. കെ ബി പ്രദീപിനോട് സ്ഥാനം ഒഴിയാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി.

ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൂശുന്ന ജോലി കരാറെടുത്ത ‘സ്മാര്‍ട്ട് ക്രിയേഷന്‍സ്’ എന്ന കമ്പനിക്ക് വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ആണ് കെ ബി പ്രദീപ്. ഇദ്ദേഹത്തെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറായി നിയമിച്ചതാണ് വിവാദമായത്. പ്രദീപിന്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

അതിനിടെ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ സ്പെഷ്യല്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചതില്‍ പ്രത്യേക അന്വേഷണ സംഘം ആശങ്കയറിയിച്ചിരുന്നു. അന്വേഷണ വിവരങ്ങള്‍ പ്രതികള്‍ക്ക് ചോരുമെന്നാണ് എസ്ഐടി പറഞ്ഞത്. നിര്‍ണായക രേഖകള്‍ കൈമാറുന്നതിലും എസ്‌ഐടിക്ക് ആശങ്ക ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടപടി അന്വേഷണം അട്ടിമറിക്കാനാണെന്ന പ്രതിപക്ഷ ആരോപണം ദേവസ്വം മന്ത്രി കെ മുരളീധരന്‍ തള്ളിയിരുന്നു. പുതിയ പ്ലീഡര്‍ മുന്‍പ് പ്രതികള്‍ക്ക് വേണ്ടി ഹാജരായതിനാല്‍ അവരുടെ എല്ലാ ബലഹീനതകളും അദ്ദേഹത്തിന് നന്നായി അറിയാമെന്നും അത് കേസിനെ സഹായിക്കുമെന്നുമായിരുന്നു ഇതുസംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം. എന്നാല്‍, മുന്‍പ് കോടതിയില്‍ പ്രതിഭാഗം വാദിച്ച അഭിഭാഷകനെ ദേവസ്വം പ്ലീഡറാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും നിലവിലെ പ്രത്യേക പൊലീസ് അന്വേഷണം അട്ടിമറിക്കാനാണ് ഈ അടിയന്തര നീക്കമെന്നുമാണ് മുന്‍ മന്ത്രി വിഎന്‍ വാസവന്‍ ആരോപണം ഉന്നയിച്ചത്.


Read Previous

പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി; ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീനയെ മാറ്റി

Read Next

സാങ്കേതിക തകരാര്‍: ഷാര്‍ജ- കോഴിക്കോട് എയര്‍ അറേബ്യ വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »