‘ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ശ്രമിക്കുന്നത് സംവരണം അവസാനിപ്പിക്കാന്‍, അമിത് ഷാ പ്രതിപക്ഷത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നു’


ന്യൂഡല്‍ഹി: ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ ശ്രമിക്കുന്ന ബിജെപിയുടെ യഥാര്‍ഥ ലക്ഷ്യം ഭരണഘടന ഭേദഗതി നടത്തി സംവരണ സംവിധാനം അവസാനിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. അതിനു വേണ്ടിയാണ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും പിടിഐ വിഡിയോസിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം രമേശ് പറഞ്ഞു. സ്ത്രീ സംവരണത്തിന്റെ പേരില്‍ ആദ്യം മണ്ഡല പുനര്‍നിര്‍ണയം (ഡിലിമിറ്റേഷന്‍) നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിന്റെ അന്തിമ ലക്ഷ്യം സംവരണ സംവിധാനം അവസാനിപ്പിക്കലാണെന്നും അദ്ദേഹം ആരോപിച്ചു.

സ്ത്രീ സംവരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമാണെങ്കില്‍ നിലവിലെ 543 അംഗ ലോക്സഭയുടെ അടിസ്ഥാനത്തില്‍ തന്നെ 2029ലെ പൊതുതെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിയിരുന്ന ‘400 പാര്‍’ മുദ്രാവാക്യത്തെയും ജയറാം രമേശ് വിമര്‍ശിച്ചു. ഭരണഘടന ഭേദഗതി ചെയ്യാനും സംവരണം അവസാനിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെയായിരുന്നു ആ മുദ്രാവാക്യമെന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ നിലപാട് ഇപ്പോള്‍ ശരിവെക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വയം പ്രഖ്യാപിത രാഷ്ട്രീയ ചാണക്യനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷ പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെയും ശിവസേന ഉദ്ധവ് വിഭാഗത്തെയും വിഭജിക്കാനുള്ള നീക്കങ്ങള്‍ ഇതിന്റെ ഭാഗമാണ്. പ്രതിപക്ഷത്തെ ദുര്‍ബലമാക്കിയാല്‍ ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാമെന്ന് കണക്കുകൂട്ടുന്നു. അതുവഴി ഭരണഘടന ഭേദഗതി എളുപ്പത്തില്‍ സാധ്യമാക്കാനുമാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തില്‍ ബിജെപിയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.


Read Previous

ജാഗ്രത! സൗദിയിൽ കാലാവസ്ഥാ മാറ്റം; റിയാദിലും കിഴക്കൻ പ്രവിശ്യയിലും കനത്ത ചൂടും പൊടിക്കാറ്റും – സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ

Read Next

കുടുംബബന്ധങ്ങളുടെ തനിമയും ഒത്തൊരുമയും; ‘ഏട്ടാട്ടു തൊടിക’ കുടുംബസംഗമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »