‘സിപിഎം ശവംതീനികള്‍; എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കും, 100 സീറ്റുറപ്പ്’


കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറു സീറ്റിലധികം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് പറഞ്ഞതൊന്നും തനിക്ക് മാറ്റിപ്പറയേണ്ടി വന്നിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയെയും നിസാരക്കാരനായി കാണുന്ന ആളല്ല താനെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ഭരിക്കുമെന്ന് സിപിഎം പറയുന്നതാണ് വര്‍ഗീയത. ലീഗ് അഞ്ചും പത്തും സീറ്റ് കൂടുതല്‍ ചോദിക്കുമെന്ന് പറഞ്ഞു, സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ സീറ്റ് കിട്ടിയതെന്ന് കേരളം കണ്ടതാണ്.

വയനാട്ടിലെ വീട് നിര്‍മാണത്തില്‍ സിപിഎമ്മാണ് നിലവില്‍ പ്രതിരോധത്തിലെന്നും അവരുടെ കളവ് മറച്ചുവയ്ക്കാന്‍ ചെയ്തതാണ് അതെന്നും സതീശന്‍ ആരോപിച്ചു. ആപ്പ് വഴിയാണ് കോണ്‍ഗ്രസ് പണം ശേഖരിച്ചത്. അതിന്റെ കണക്കുകള്‍ ഹാജരാക്കി. ഞങ്ങള്‍ ഒന്നിലും പിന്നോട്ട് പോയിട്ടില്ല. പയ്യന്നൂരിലും അഭിമന്യുവിന്റേതും വിഷ്ണുവിന്റേതും ഉള്‍പ്പടെ മൂന്ന് രക്തസാക്ഷികളുടെ ഫണ്ട് സിപിഎം അടിച്ചു മാറ്റി. ശവംതീനികളാണ്. അയ്യപ്പന്റെ സ്വര്‍ണവും അടിച്ചുമാറ്റി. ദ്വാരപാലക ശില്‍പം കൊണ്ടുപോയി കോടീശ്വരന് വിറ്റു. കമിഴ്ന്ന് വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരാണി തെന്നും സതീശന്‍ ആരോപിച്ചു. കോവിഡ് കാലത്ത് ജനങ്ങള്‍ കഷ്ടപ്പെട്ട് ഓടി നടക്കുമ്പോള്‍ സര്‍ക്കാര്‍ കാലാവധി കഴിഞ്ഞ മരുന്ന് വിറ്റ് 80 ശതമാനം കമ്മീഷന്‍ നേടിയെന്ന ഗുരുതര ആരോപണവും പ്രതിപക്ഷ നേതാവ് ഉയര്‍ത്തുന്നു.

ഒരപസ്വരവും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. വോട്ടിനായി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് പറഞ്ഞവര്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പിഡിപി, ആര്‍എസ്എസ്,എസ്ഡിപിഐ തുടങ്ങി എല്ലാ കുന്തവും സിപിഎമ്മിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു സര്‍വേയും നടത്തിയിട്ടില്ല. മാധ്യമങ്ങളാണ് സര്‍വേ നടത്തുന്നത്. ഷാഫി പറമ്പില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായിരുന്നല്ലോ മാധ്യമങ്ങളുടെ സര്‍വേയില്‍. എന്നിട്ടെന്തായി? ആരാണ് നുണ പറയുന്നതെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി ഇരട്ടത്താപ്പാണെന്ന് തെളിഞ്ഞു. എന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചിട്ട് എന്തായി. ഈ പിണറായി സര്‍ക്കാരിന് പാസ് മാര്‍ക്ക് പോലും കൊടുക്കില്ല. എല്‍ഡിഎഫ് നുണകളുടെ കൊട്ടാരം പണിയുന്നു. കേരളം കണ്ട ഏറ്റവും മോശം സര്‍ക്കാരാണിത്. എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കുമെന്നും നൂറ് സീറ്റ് കടക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. മന്ത്രിസഭയില്‍ ഒരു ഡസന്‍ മന്ത്രിമാര്‍ വീഴുമെന്നും വന്‍മരങ്ങള്‍ കടപുഴകുമെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. ഒരു മന്ത്രി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

കേരളത്തിന്റെ വികസനവും, സാമൂഹ്യനീതിയും ഉറപ്പാക്കാൻ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വീണ്ടും അധികാരത്തിൽ എത്തിക്കൂക : നവയുഗം

Read Next

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തില്‍: ഇന്ന് കൊട്ടിക്കലാശം, കേരളം വ്യാഴാഴ്ച പോളിങ് ബൂത്തില്‍; ആവേശത്തില്‍ മുന്നണികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »