കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍


തൃശൂര്‍: വിഷുവിനോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.55 മുതല്‍ 3.55 വരെയുള്ള സമയത്ത് ആയിരക്കണക്കിന് ഭക്തര്‍ വിഷുക്കണി ദര്‍ശനം നടത്തി സായൂജ്യം നേടി. പതിനായിരക്കണക്കിന് ഭക്തര്‍ ഇന്ന് ദര്‍ശനത്തിനായി ഗുരുവായൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്കായി വിപുലമായ ദര്‍ശന ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുവരിയില്‍ നില്‍ക്കുന്ന ഭക്തര്‍ക്കായിരിക്കും ദര്‍ശനത്തിന് മുന്‍ഗണന നല്‍കുക. മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രാദേശിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും തിരക്ക് കണക്കിലെടുത്ത് ആദ്യമെത്തുന്ന 500 പേര്‍ക്ക് വീതം ടോക്കണ്‍ നല്‍കി ദര്‍ശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഭഗവതി ക്ഷേത്രത്തിന് പുറത്തെ നെയ്യ് വിളക്ക് കൗണ്ടര്‍ വഴിയും, പ്രാദേശിക വിഭാഗക്കാര്‍ക്ക് പടിഞ്ഞാറേ ഗോപുരത്തിന് പുറത്തുനിന്നും പുലര്‍ച്ചെ 3.30 മുതല്‍ ടോക്കണുകള്‍ വിതരണം ചെയ്യും. കൂടാതെ, നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയവര്‍ക്ക് രാവിലെ 7.30 മുതലായിരിക്കും ദര്‍ശനം അനുവദിക്കുക. എന്നാല്‍ ഭക്തജനത്തിരക്ക് ക്രമാതീതമായി വര്‍ധിക്കുകയാണെങ്കില്‍ നെയ്യ് വിളക്ക് ദര്‍ശനത്തിന് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

കിഴക്കേ നടയിലൂടെ എത്തുന്ന ഭക്തര്‍ക്ക് ദീപസ്തംഭത്തിന് മുന്നില്‍ വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തി യിട്ടുണ്ട്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ ക്ഷേത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമെ വന്‍ പോലീസ് സന്നാഹത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. തിരക്ക് കുറയുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

വിഷുവിശേഷമായി ഗുരുവായൂരപ്പനു നമസ്‌കാര സദ്യയുണ്ട്. ഭക്തര്‍ക്കു പാല്‍പായസമാണു സദ്യയിലെ വിശേഷം. കാഴ്ചശീവേലിയും രാത്രി ഇടയ്ക്ക, നാഗസ്വര മേളത്തോടെ വിളക്കെഴുന്നള്ളിപ്പുമുണ്ട്.


Read Previous

ഇറാന് ഓഫറുമായി യുഎസ്; ‘ആണവ പദ്ധതി ഉപേക്ഷിച്ചാൽ കാത്തിരിക്കുന്നത് വൻ നേട്ടം’, പാകിസ്ഥാനിൽ വീണ്ടും സമാധാന ചർച്ച നടക്കും

Read Next

പാലക്കാട് എലിവിഷം ഉള്ളില്‍ചെന്ന് യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »